കീടനാശിനി തളിക്കുന്നതിനിടെ തലകറങ്ങി വീണു; ഈ കര്‍ഷകന്‍ അന്നൊരു തീരുമാനമെടുത്തു!
ഈ തോട്ടത്തിലെ ചില മാങ്ങകള്‍ ആപ്പിള്‍ പോലാണ്, ചിലതിന് നാരങ്ങയുടെയും ജീരകത്തിന്റെയും രുചി!
കര്‍ണാടകയിലെ മാണ്ഡ്യ ജില്ലയിലെ ഒരു ചെറിയ ഗ്രാമത്തിലാണ് സയ്യിദ് ഗനി ഖാന്‍ താമസിക്കുന്നത്. അദ്ദേഹത്തെ ഒരു മ്യൂസിയം സൂക്ഷിപ്പുകാരന്‍ എന്നു വിളിക്കാം. എന്നാല്‍, അതൊരു സാധാരണ മ്യൂസിയമല്ല. മറിച്ച് 850 -ല്‍ അധികം ഇനം അരിയും ഏകദേശം 119 ഇനം മാമ്പഴങ്ങളും വളരുന്ന ഒരിടമാണ് അത്. പൂര്‍വികര്‍ കൃഷിചെയ്തിരുന്ന പരമ്പരാഗത ഇനങ്ങളെ വീണ്ടും വളര്‍ത്തിയെടുത്ത് പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുകയാണ് ഈ കര്‍ഷകന്‍. അതുകൊണ്ട് തന്നെ ആളുകള്‍ അദ്ദേഹത്തിന്റെ തോട്ടത്തെ മ്യൂസിയമെന്ന് വിളിക്കുന്നു.
കാലത്തെ അതിജീവിച്ച മരങ്ങളാണ് അവിടെ കൂടുതലും ഉള്ളത്. ചിലതിന് 200 വര്‍ഷത്തിലധികം പഴക്കമുണ്ട്. അദ്ദേഹത്തിന്റെ ഭാഷയില്‍, ഏഴ് തലമുറകളായി ഇവ സംരക്ഷിക്കപ്പെട്ടു വരികയാണ്. മുന്‍പ് ഈ സ്ഥലത്തെ ബഡാ ബാഗ് (വലിയ പൂന്തോട്ടം) എന്നാണ് വിളിച്ചിരുന്നതെന്നും അദ്ദേഹം പറയുന്നു.
അപൂര്‍വങ്ങളില്‍ അപൂര്‍വമായ ഈ മാമ്പഴങ്ങളുടെ രുചിയഭേദങ്ങളും അത്ഭുതപ്പെടുത്തുന്നതാണ്. ചിലതിന് വാഴപ്പഴത്തിന്റെ രുചിയാണെങ്കില്‍, മറ്റു ചിലതിന് മധുര നാരങ്ങയുടെ സ്വാദാണ്. ചിലതിന് ആപ്പിളിന്റെ ആകൃതിയും നിറവുമാണുള്ളത്. ഇതിനെല്ലാം പുറമേ ജീരകത്തിന് സമാനമായ രുചിയുള്ള മാമ്പഴങ്ങളുമുണ്ട്. മിനി മാവിനാകൈകള്‍ എന്നറിയപ്പെടുന്ന ഇനം വളരെ ചെറുതാണ്, അവയുടെ ഭാരം 50 ഗ്രാം മാത്രമാണ്. മറിച്ച്, ബാഗ ഗോളകള്‍ 1.25 കിലോഗ്രാം വരെ ഭാരം വരും.
മാമ്പഴത്തോട് തനിക്ക് ഇഷ്ടം തോന്നാന്‍ കാരണം മുത്തശ്ശിയാണെന്ന് 45 -കാരനായ ഖാന്‍ പറയുന്നു. മുത്തശ്ശിയുടെ കാലത്തേ ഉണ്ടായിരുന്ന ഈ തോട്ടത്തില്‍ നിന്നായിരുന്നു മൈസൂര്‍ മഹാരാജാക്കന്മാരുടെ കൊട്ടാരങ്ങളിലും ടിപ്പു സുല്‍ത്താന്റെ കൊട്ടാരത്തിലേയ്ക്കും മാമ്പഴങ്ങള്‍ എത്തിച്ചിരുന്നത്. ഈ കഥകള്‍ കേട്ട് വളര്‍ന്ന അദ്ദേഹത്തിനോട് ചെറുപ്പം മുതലേ മാമ്പഴങ്ങളോട് താല്പര്യമായിരുന്നു. 'ടിപ്പു പൂന്തോട്ടപരിപാലനത്തില്‍ അതീവ തല്‍പരനായിരുന്നു. കൂടാതെ ഞങ്ങളുടെ ഗ്രാമത്തിലും അദ്ദേഹത്തിന്റെ സൈനികര്‍ താമസിച്ചിരുന്ന ഗാര്‍ഗേശ്വരി ഗ്രാമത്തിലും ഇറക്കുമതി ചെയ്ത നിരവധി മാങ്ങ ഇനങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍, ആ ചെടികളൊന്നും ഇന്ന് ഇല്ല' -ഖാന്‍ പറഞ്ഞു.
പുരാവസ്തുശാസ്ത്രവും മ്യൂസിയോളജിയുമാണ് ഖാന്‍ പഠിച്ചത്. അദ്ദേഹം എന്നും സ്വന്തമായൊരു മ്യൂസിയം തുടങ്ങുന്നത് സ്വപ്നം കണ്ടിരുന്നു. 22 വയസ്സുള്ളപ്പോള്‍, അദ്ദേഹത്തിന്റെ അച്ഛന് മസ്തിഷ്‌ക രക്തസ്രാവം ഉണ്ടായി. അതോട കുടുംബത്തിന്റെയും കൃഷിയിടത്തിന്റെയും ഉത്തരവാദിത്തം സഹോദരങ്ങളില്‍ മൂത്തയാളായ അദ്ദേഹത്തില്‍ വന്നുചേര്‍ന്നു. അങ്ങനെ ഖാന്‍ കൃഷി ഏറ്റെടുത്തു. താഴെ നെല്ലും നിലത്തിന് മുകളില്‍ മാവിന്‍ തോട്ടവുമുള്ള ആ ഫാം 6.5 ഹെക്ടറില്‍ വ്യാപിച്ചുകിടക്കുന്നു.
ജൈവകൃഷിയോട് താല്‍്പര്യമുള്ള അദ്ദേഹം രാസവളങ്ങളൊന്നും ചേര്‍ക്കുന്നില്ല. എന്നാല്‍ തുടക്കത്തില്‍ തന്റെ ജില്ലയിലെ മറ്റ് കര്‍ഷകരെ പോലെ നെല്‍ക്കൃഷി ചെയ്യാന്‍ അദ്ദേഹം ഹൈബ്രിഡ് കൃഷി രീതികള്‍ ഉപയോഗിച്ചിരുന്നു. ഒരു ദിവസം, തന്റെ വിളയില്‍ കീടനാശിനികള്‍ തളിക്കുന്നതിനിടെ, അദ്ദേഹം തലകറങ്ങി വീണു. ആ സംഭവം അദ്ദേഹത്തെ ആഴത്തില്‍ സ്പര്‍ശിച്ചു. 'ആളുകള്‍ ഞങ്ങള്‍ കര്‍ഷകരെ ഭക്ഷണം നല്‍കുന്നവരായിട്ടാണ് കണക്കാക്കുന്നത്. പക്ഷേ അന്നു ഞാന്‍ തിരിച്ചറിഞ്ഞു ഞങ്ങള്‍ ഭക്ഷണമല്ല, വിഷമാണ് ആളുകളെ തീറ്റിക്കുന്നതെന്ന്. ഈ രാസവളങ്ങളും കീടനാശിനികളും ഉപയോഗിച്ച് ഞാന്‍ വിഷവസ്തുക്കളല്ലാതെ മറ്റൊന്നും വളര്‍ത്തിയിരുന്നില്ല. അങ്ങനെയാണ് ഞാന്‍ എന്റെ വഴി മാറ്റാന്‍ തീരുമാനിച്ചത്, ''-ഖാന്‍ പറയുന്നു.
ഖാന്‍ അപൂര്‍വ ഇനം മാവിന്‍ തൈകള്‍ ശേഖരിക്കുകയും, സംരക്ഷിക്കുകയും ചെയ്യുന്നു. ഇതിനെ പരിപാലിക്കുന്നതിന് സാമ്പത്തിക സഹായം തേടി അദ്ദേഹം വിവിധ രാഷ്ട്രീയ സംഘടനകളെ സമീപിച്ചിരുന്നു. പക്ഷേ പ്രയോജനമുണ്ടായില്ല. വരും തലമുറയും അവയെക്കുറിച്ച് അറിയേണ്ടതിനാല്‍ ഈ ശേഷിക്കുന്ന വകഭേദങ്ങളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ സഹായിക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യ.