വിദേശത്ത് നിന്നെത്തി 17 ഏക്കര്‍ ഭൂമിയില്‍ പഴങ്ങളുടെയും പച്ചക്കറികളുടെയും ലോകം സൃഷ്ടിച്ച ദമ്പതികള്‍
അന്‍പതില്‍ക്കൂടുതല്‍ പച്ചക്കറികളും ഇലക്കറികളും 15 വ്യത്യസ്ത ഇനത്തിലുള്ള പഴങ്ങളും ധാന്യവര്‍ഗങ്ങളും ഇവര്‍ കൃഷി ചെയ്യുന്നു. തേനീച്ചകള്‍, പൂമ്പാറ്റകള്‍, ഡ്രാഗണ്‍ഫ്‌ളൈസ്, മണ്ണിരകള്‍ എന്നിവയെല്ലാം ഇവിടെ സംരക്ഷിക്കപ്പെടുന്നു.
രവിയും കവിതയും ലണ്ടനില്‍ നിന്ന് ജോലിയുപേക്ഷിച്ച് ഇന്ത്യയിലെത്തിയത് മണ്ണിനെ അറിയുന്ന കര്‍ഷകരായി ജീവിക്കണമെന്ന ആഗ്രഹത്താലായിരുന്നു. തങ്ങളുടെ സ്വപ്‌നം ഇവര്‍ കഠിനാധ്വാനത്തിലൂടെ പ്രാവര്‍ത്തികമാക്കി കാണിക്കുകയും ചെയ്തു. തെലങ്കാനയിലെ ശങ്കര്‍പ്പള്ളി ജില്ലയിലാണ് 17 എക്കര്‍ സ്ഥലത്ത് ഭക്ഷ്യവസ്തുക്കള്‍ മാത്രം വിളയിക്കുന്ന 'ഫുഡ് ഫോറസ്റ്റ്' ഇവര്‍ നിര്‍മിച്ചത്. ഇവരുടെ ഫാമില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ നേരിട്ടും സംസ്‌കരിച്ചും വിപണനം നടത്താനായി ജൈവ ഉത്പന്നങ്ങളുടെ ഒരു സ്റ്റോറും ആരംഭിച്ചു. എല്ലാ ഞായറാഴ്ചയും ജൈവവൈവിധ്യങ്ങളുടെ സുന്ദരമായ ഈ ലോകം ഇവര്‍ സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുക്കുന്നു.
ലണ്ടനില്‍ സ്ഥിരതാമസമാക്കിയ രവി ഫിനാന്‍സ് മേഖലയിലായിരുന്നു ജോലി ചെയ്തിരുന്നത്. വിവാഹത്തിന് മുമ്പ് ഒന്നര വര്‍ഷത്തോളം രണ്ടുപേരും ഇന്റര്‍നെറ്റ് വഴി പ്രണയം കൈമാറിയിരുന്നു. ലണ്ടനിലും ഹൈദരാബാദിലുമായി ജീവിച്ചിരുന്ന ഇവര്‍ രണ്ടുപേര്‍ക്കുമിടയിലുള്ള രാത്രിയുടെയും പകലിന്റെയും വ്യത്യാസം ഇല്ലാതാക്കിയത് ഇന്റര്‍നെറ്റ് വഴിയുള്ള സന്ദേശങ്ങളാണ്. കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എം.ബി.എ പൂര്‍ത്തിയാക്കിയ ശേഷം കവിത മാര്‍ക്കറ്റിങ്ങ് മേഖലയില്‍ ജോലി നോക്കി. രവിയാണെങ്കില്‍ പ്രാസംഗികനായും രാഷ്ട്രീയ ഉപദേഷ്ടാവായും എഴുത്തുകാരനായും കവിയായും വിവിധ നിലകളില്‍ തന്റെ പ്രാവീണ്യം തെളിയിച്ചു.
രവിയും കവിതയും ഏകദേശം 15 വര്‍ഷത്തോളം അമേരിക്കയിലും സിംഗപ്പൂരിലും താമസിച്ചതിനുശേഷമാണ് ഇന്ത്യയിലേക്ക് വരാന്‍ തീരുമാനമെടുക്കുന്നത്.
'ഞങ്ങള്‍ക്ക് രണ്ടു കുട്ടികളായിരുന്നു. അവരുടെ വിദ്യാഭ്യാസത്തെക്കുറിച്ച് ഞങ്ങള്‍ക്ക് ആശങ്കയുണ്ടായിരുന്നു. ഇന്ത്യയിലേക്ക് വന്നാല്‍ അവര്‍ക്ക് എങ്ങനെ ഇവിടത്തെ സാഹചര്യങ്ങളുമായി താദാത്മ്യം പ്രാപിക്കാന്‍ കഴിയുമെന്നതിനെക്കുറിച്ചും സംശയമുണ്ടായിരുന്നു. ഞങ്ങള്‍ തമ്മില്‍ പ്രണയത്തിലായപ്പോള്‍ മുതല്‍ രവി പറഞ്ഞത് ഇന്ത്യയിലേക്ക് മടങ്ങണമെന്നും നല്ലൊരു കര്‍ഷകനാകണമെന്നുമായിരുന്നു.' കവിത തന്റെ പഴയകാലത്തെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുന്നു.
ഈ അഭിപ്രായം രവിയും ശരിവെക്കുകയാണ്, 'നമ്മള്‍ രാസവസ്തുക്കള്‍ ഉപയോഗിച്ച് കൃഷി ചെയ്താണ് ഭക്ഷണമുണ്ടാക്കി കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത്. ഞങ്ങളുടെ കുട്ടികള്‍ക്ക് വേണ്ടി മാത്രമല്ല, മറ്റുള്ളവരുടെ ആരോഗ്യവും കൂടി ഞങ്ങള്‍ക്ക് പ്രധാനമായിരുന്നു. അതിനാല്‍ ഞങ്ങള്‍ ഇന്ത്യയിലേക്ക് താമസം മാറാന്‍ തീരുമാനിക്കുകയും സാധാരണ കര്‍ഷകരായി മാറുകയും ചെയ്തു.'
'എന്റെ മാതാപിതാക്കള്‍ക്ക് ജൈവകൃഷിയെന്ന ആശയത്തോടൊന്നും ഒട്ടും താല്‍പര്യമുണ്ടായിരുന്നില്ലെന്ന് മാത്രമല്ല നിരുത്സാഹപ്പെടുത്തുന്ന പ്രതികരണമായിരുന്നു ലഭിച്ചത്. പക്ഷേ ഞങ്ങള്‍ കഠിനാധ്വാനം ചെയ്ത് പോഷകസമൃദ്ധമായ ഭക്ഷണം തീന്‍മേശയിലെത്തിച്ചപ്പോള്‍ അവര്‍ക്ക് ഇതിന്റെ പിന്നിലെ പ്രയത്‌നം ബോധ്യമായി. ഇപ്പോള്‍ ഞങ്ങളുടെ ഏറ്റവും വലിയ ആരാധകരും പിന്തുണ നല്‍കുന്നവരും ഇവരാണ്' കവിത പറയുന്നു.
ബേബി എലിഫെന്റ് ഫാംസ്
ജൈവ വൈവിധ്യങ്ങള്‍ നിലനിര്‍ത്തി പ്രകൃതിദത്തമായ കൃഷിരീതികള്‍ അവലംബിച്ച് രാസവസ്തുക്കളില്ലാത്ത ഉത്പന്നങ്ങള്‍ നിങ്ങള്‍ക്കു മുമ്പിലെത്തിക്കുന്ന ഇവരുടെ ഫാമാണ് ക്രിസ്റ്റെന്റ് ബേബി എലിഫെന്റ് ഫാം. ഹൈദരാബാദിലെ ആദ്യത്തെ ഫാം ഫ്രെഷ് കഫെയും ഇവരുടേതാണ്.
അന്‍പതില്‍ക്കൂടുതല്‍ പച്ചക്കറികളും ഇലക്കറികളും 15 വ്യത്യസ്ത ഇനത്തിലുള്ള പഴങ്ങളും ധാന്യവര്‍ഗങ്ങളും ഇവര്‍ കൃഷി ചെയ്യുന്നു. തേനീച്ചകള്‍, പൂമ്പാറ്റകള്‍, ഡ്രാഗണ്‍ഫ്‌ളൈസ്, മണ്ണിരകള്‍ എന്നിവയെല്ലാം ഇവിടെ സംരക്ഷിക്കപ്പെടുന്നു.
ഫാമില്‍ സോളാര്‍ വൈദ്യുതിയാണ് ഉപയോഗിക്കുന്നത്. മഴവെള്ളം സംഭരിക്കാനായി വലിയ മഴക്കുഴികളുണ്ട്. ചളിവെള്ളം റീസൈക്കിള്‍ ചെയ്യാനുള്ള സംവിധാനവുമുണ്ട്.
'ബേബി എലിഫെന്റ് ഫാം പൂര്‍ണമായും ജൈവവൈവിധ്യങ്ങളുടെ ലോകമാണ്. നിങ്ങള്‍ക്ക് ഇതുവഴി സ്വതന്ത്രമായി സഞ്ചരിച്ച് പേടികൂടാതെ പഴങ്ങളും പച്ചക്കറികളും പറിച്ചുതിന്നാം. വിത്തുബാങ്കില്‍ നിന്നും പ്രകൃതിദത്തമായ തോട്ടത്തില്‍ നിന്നുമുള്ള വിത്തുകളാണ് ഞങ്ങള്‍ ഉപയോഗിക്കുന്നത്' രവി പറയുന്നു.
മറ്റുള്ള ജൈവകര്‍ഷകരില്‍ നിന്നും പച്ചക്കറികള്‍ ശേഖരിച്ച് മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം ആഴ്ചയില്‍ മൂന്ന് പ്രാവശ്യം ആവശ്യക്കാര്‍ക്ക് വില്‍പ്പന നടത്തുന്നു.
'പെര്‍മാകള്‍ച്ചര്‍ ആണ് കൃഷിയുടെ ശക്തിയെന്ന് പറയാം. മണ്ണിനെയും വിതയ്ക്കുന്നവനെയും ഉപഭോക്താവിനെയും ഉപദ്രവിക്കരുതെന്ന തത്വമാണ് ഇവിടെ പ്രാവര്‍ത്തികമാക്കുന്നത്. ഞങ്ങള്‍ മണ്ണഇനെ സംരക്ഷിക്കുക മാത്രമല്ല പുതുജീവന്‍ നല്‍കി ഫലപുഷ്ടിയുള്ളതാക്കി മാറ്റുകയും ചെയ്യുന്നു. കൃഷിഭൂമിയുടെ സുസ്ഥിരത എപ്പോഴും മണ്ണിന്റെ ജീവനെ ആശ്രയിച്ചിരിക്കുന്നു' കവിത ഓര്‍മിപ്പിക്കുന്നു.
മണ്ണിനെ പോഷകമൂല്യമുള്ളതാക്കാന്‍ ഇവര്‍ അവലംബിച്ച മാര്‍ഗങ്ങളിതാ...
1. മണ്ണിന് എയറോബിക് എന്നും അനെയ്‌റോബിക് എന്നും രണ്ട് ലെയറുകളുണ്ട്. ഉപരിതലത്തില്‍ നിന്ന് നിര്‍ത്താതെയുള്ള വെള്ളം ഒഴുക്കിവിടല്‍ പ്രക്രിയയിലൂടെ പോഷകഘടകങ്ങള്‍ നഷ്ടമാകും. അതിനാല്‍ നീര്‍വാര്‍ച്ച വളരെക്കുറഞ്ഞ രീതിയില്‍ അവലംബിക്കണമെന്നതാണ് കവിത സൂചിപ്പിക്കുന്നത്.
2. പച്ചിലവളങ്ങള്‍ ഉപയോഗിക്കുകയെന്നതാണ് അടുത്തതായി ചെയ്യേണ്ടത്. ഒരു വരിയില്‍ ഉലുവ,കടുക്, മല്ലി, മുള എന്നിവയാണ് ഇവര്‍ വളര്‍ത്തിയത്. മുള വളരെ സമയമെടുത്ത് വളരുമ്പോള്‍ മറ്റു പച്ചക്കറികള്‍ക്ക് ആവശ്യമുള്ള സൂര്യപ്രകാശം ലഭിക്കുന്നു. പച്ചക്കറികളും ഇലകളും പറിച്ചെടുത്തുകഴിഞ്ഞാല്‍ അവശിഷ്ടങ്ങല്‍ അവിടെത്തന്നെ നിക്ഷേപിക്കുകയും മുള വളരാനാവശ്യമായ പച്ചിലവളമായി അത് മാറുകയും ചെയ്യുന്നു.
3. കീടനിയന്ത്രണത്തിനാണ് അടുത്തതായി പ്രാധാന്യം നല്‍കേണ്ടത്. ഫിഷ് അമിനോ ആസിഡ് ഉണ്ടാക്കി വളമായി നല്‍കും. ലാക്ടോബാസിലസ് മിശ്രിതം നേര്‍പ്പിച്ച് മണ്ണില്‍ ചേര്‍ക്കുകയും ചെയ്യുന്നു.
സെയ്ജ് ഫാം കഫേ
കവിതയും രണ്ട് സഹായികളും ചേര്‍ന്ന് വെറുതെ ആരംഭിച്ച ചെറിയ ഒരു പാചകശാലയാണ് ഇന്ന് 17 ജോലിക്കാരുമായി വലിയ കഫേ ആയി മാറിയത്. വളരെ പതുക്കെയുള്ള വളര്‍ച്ചയായിരുന്നു ഈ സ്ഥാപനത്തിന്. പബ്ലിസിറ്റിക്കായി ഒരു പൈസ പോലും മുടക്കിയിട്ടില്ല.
'മറ്റുള്ള ഹോട്ടലുകള്‍ക്ക് കൃത്യമായ മെനു ഉണ്ട്. എന്നാല്‍, ഞങ്ങള്‍ സീസണ്‍ നോക്കിയാണ് ഭക്ഷണം നല്‍കുന്നത്. ഞങ്ങളുടെ പ്രാദേശികമായ ഇലക്കറികളാണ് സലാഡില്‍ ഉപയോഗിക്കുന്നത്. കൂടുതലുള്ള പഴങ്ങള്‍ വെയിലില്‍ ഉണക്കി സൂക്ഷിക്കുന്നു. അതുപയോഗിച്ച് അച്ചാറുകളും ജാമുകളും നിരവധി മൂല്യവര്‍ധിത ഉത്പന്നങ്ങളും നിര്‍മിക്കുന്നു. പല തരത്തിലുള്ള വിനാഗിരികളും വെണ്ണയും ഐസ്‌ക്രീമും ഞങ്ങളുണ്ടാക്കുന്നുണ്ട്' കവിത പറയുന്നു.