അച്ഛനും മകളും കൈകോര്‍ത്തു, തരിശുഭൂമിയില്‍ വിളവെടുത്തത് നൂറുമേനി; 30 വര്‍ഷത്തെ അധ്വാനത്തിനൊടുവില്‍ അംഗീകാരവും
ഭുവനേശ്വറില്‍ നിന്ന് 110 കിലോമീറ്റര്‍ അകലെയുള്ള ഒഡാഗോണില്‍ അച്ഛനും മകളും ആദ്യമായി എത്തിയപ്പോള്‍ ആ ഭൂമി കൃഷിക്ക് അനുയോജ്യമല്ലാതെ തരിശുനിലമായിക്കിടക്കുകയായിരുന്നു. പ്രകൃതിയില്‍ നിന്നുള്ള മാലിന്യങ്ങള്‍ ഉപയോഗിച്ച് മേല്‍മണ്ണ് വളക്കൂറുള്ളതാക്കി ചെടികള്‍ നടാന്‍ ആരംഭിച്ചു. അടുത്തുള്ള ഗ്രാമത്തില്‍ നിന്നുമുള്ള ആളുകള്‍ ഇവരെ സമീപിച്ച് ആ ഭൂമിയില്‍ ഒന്നും വളരില്ലെന്നും പട്ടണത്തില്‍ നിന്നുമുള്ള അവരെപ്പോലെയുള്ളവര്‍ക്ക് കൃഷി ചെയ്യാനറിയില്ലെന്നുമായിരുന്നു താക്കീത് നല്‍കിയത്.
പരമ്പരാഗതവിത്തുകള്‍ ഉപയോഗിച്ച് ജൈവകൃഷി നടത്തിയാല്‍ ഉത്പാദനം കുറയുമോ? ഈ ചോദ്യത്തിന് കൃത്യമായ മറുപടി നല്‍കി പാഴ്ഭൂമിയില്‍ നിന്ന് വിളവെടുപ്പ് നടത്തിയ ഈ അച്ഛനും മകളും പ്രവര്‍ത്തനശൈലിയില്‍ അല്‍പം വ്യത്യസ്തരാണ്. പ്രൊഫസര്‍ രാധാ മോഹനും പരിസ്ഥിതി സംരക്ഷകയായ മകള്‍ സബര്‍മതിയും പത്മശ്രീ നേടിയത് 30 വര്‍ഷങ്ങള്‍ നീണ്ട പ്രയത്‌നത്തിലൂടെ തരിശുഭൂമി പച്ചക്കറികളുടെ പറുദീസയാക്കി മാറ്റിയ പ്രവര്‍ത്തന മികവിനാണ്.
ഒഡീഷയിലെ നയഗഡ് ജില്ലയിലെ തരിശുഭൂമിയില്‍ ഇവരുടെ പ്രയത്‌നത്തിലൂടെ 36 ഹെക്ടര്‍ പാഴ്‌നിലമാണ് കൃഷിക്കനുയോജ്യമാക്കി മാറ്റിയത്. വാളരിപ്പയര്‍, കറുത്ത അരി, അമര എന്നിവ കൂടാതെ ധാരാളം മറ്റുള്ള ഭക്ഷ്യവസ്തുക്കളും വിളയിച്ചെടുക്കുകയായിരുന്നു. ഇവര്‍ സൃഷ്ടിച്ച പച്ചപ്പിന്റെ കാട്ടില്‍ ഏകദേശം 1000 ഇനങ്ങളില്‍പ്പെട്ട ചെടികളും നെല്ലിന്റെ 500 ഇനങ്ങളുമുണ്ട്. 700 പരമ്പരാഗത വിളകളുടെ വിത്തുകളുടെ ബാങ്കും ഇവിടെയുണ്ട്.
ഒഡീഷയിലെ മുന്‍ ഇന്‍ഫര്‍മേഷന്‍ കമ്മീഷണറായിരുന്നു രാധാ മോഹന്‍. ഈ അച്ഛനും മകളും 1990 -ല്‍ 'സംഭവ്' എന്ന പേരില്‍ ആരംഭിച്ച സ്ഥാപനം പരിസ്ഥിതി സംരക്ഷണത്തിനും കാര്‍ഷിക മേഖലയിലെ ഉന്നമനത്തിനും ജൈവകൃഷിക്കും പ്രാധാന്യം നല്‍കുന്നതായിരുന്നു. അദ്ദേഹം ഭുവനേശ്വറിലേക്കും നയഗഡ് ജില്ലയിലെ തന്റെ ഫാമിലേക്കും സ്ഥിരമായി യാത്ര ചെയ്യുമായിരുന്നു. മകള്‍ സബര്‍മതി പ്രാദേശിക കര്‍ഷകരുടെ ജീവിതനിലവാരം ഉയര്‍ത്താനായി കൃഷിയില്‍ പല പുതിയ രീതികളും ആവിഷ്‌കരിച്ചു.
'തിരിച്ചറിയപ്പെടണമെന്ന ആഗ്രഹത്തോടെ തുടങ്ങിയ സ്ഥാപനമല്ല സംഭവ്. പൂര്‍ണമായി നശിച്ചുകൊണ്ടിരുന്ന ഭൂമിയില്‍ എങ്ങനെ രാസവളങ്ങളും കീടനാശിനികളുമില്ലാതെ പരിസ്ഥിതിയുടെ പുനരുദ്ധാരണം സാധ്യമാകുമെന്ന് തെളിയിക്കണമെന്നായിരുന്നു ഞങ്ങള്‍ ഉദ്ദേശിച്ചത്. പരിസ്ഥിതിയ്ക്ക് അനുകൂലമായ തത്വങ്ങള്‍ മാത്രമാണ് ഞങ്ങള്‍ പിന്തുടര്‍ന്നത്' പ്രൊ. രാധാമോഹന്‍ പറയുന്നു.
ഭുവനേശ്വറില്‍ നിന്ന് 110 കിലോമീറ്റര്‍ അകലെയുള്ള ഒഡാഗോണില്‍ അച്ഛനും മകളും ആദ്യമായി എത്തിയപ്പോള്‍ ആ ഭൂമി കൃഷിക്ക് അനുയോജ്യമല്ലാതെ തരിശുനിലമായിക്കിടക്കുകയായിരുന്നു. പ്രകൃതിയില്‍ നിന്നുള്ള മാലിന്യങ്ങള്‍ ഉപയോഗിച്ച് മേല്‍മണ്ണ് വളക്കൂറുള്ളതാക്കി ചെടികള്‍ നടാന്‍ ആരംഭിച്ചു. അടുത്തുള്ള ഗ്രാമത്തില്‍ നിന്നുമുള്ള ആളുകള്‍ ഇവരെ സമീപിച്ച് ആ ഭൂമിയില്‍ ഒന്നും വളരില്ലെന്നും പട്ടണത്തില്‍ നിന്നുമുള്ള അവരെപ്പോലെയുള്ളവര്‍ക്ക് കൃഷി ചെയ്യാനറിയില്ലെന്നുമായിരുന്നു താക്കീത് നല്‍കിയത്.
'ആ വെല്ലുവിളി ഞങ്ങള്‍ ഏറ്റെടുക്കുകയും ഈ ഹരിതഭൂമിയാക്കി മാറ്റാനുള്ള ഈ യാത്രയ്ക്ക് സംഭവ് എന്ന് പേര് നല്‍കുകയും ചെയ്തു. അതായത് അസാധ്യമായതില്‍ നിന്ന് സാധ്യമാക്കുക എന്ന അര്‍ഥം' സബര്‍മതി പറയുന്നു.
ഇവര്‍ നിര്‍മിച്ച 90 ഏക്കര്‍ കൃഷിഭൂമിയില്‍ മഴവെള്ളം സംഭരിക്കാനുള്ള മൂന്ന് കുളങ്ങളുണ്ട്. ജൈവവൈവിധ്യം നിലനിര്‍ത്താനും മണ്ണും വെള്ളവും സംരക്ഷിക്കാനുമായിരുന്നു സബര്‍മതിയുടെ ശ്രമം. ഒരു ചെടിയുടെ തന്നെ വിവിധ ഇനങ്ങള്‍ വളര്‍ത്താനുള്ള പദ്ധതിയായിരുന്നു ഇവര്‍ക്ക്. അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന നാടന്‍ ഭക്ഷണം തിരിച്ച് കൊണ്ടുവരാനായി പരമ്പരാഗത പച്ചക്കറികള്‍ നട്ടുവളര്‍ത്തി.
കാര്‍ഷിക മേഖലയിലെ അധ്വാനത്തെക്കുറിച്ച് നിരവധി പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ സ്ത്രീത്തൊഴിലാളികളാണ് കൃഷിഭൂമിയില്‍ കൂടുതല്‍ അധ്വാനിക്കുന്നതെങ്കിലും വൈദഗ്ധ്യമില്ലെന്ന പേരില്‍ പ്രതിഫലം കുറച്ച് നല്‍കുന്നതെന്നും കണ്ടെത്തി. 1000 മുതല്‍ 1500 മണിക്കൂര്‍ വരെ പണിയെടുത്താണ് ഒരു ഹെക്ടര്‍ നെല്ല് ഉത്പാദിപ്പിക്കുന്നത്. സ്ത്രീ കര്‍ഷകത്തൊഴിലാളികള്‍ അധ്വാനത്തിന്റെ വേദന അറിയുന്നവരും നട്ടെല്ലൊടിഞ്ഞ് പണിയെടുക്കുന്നവരുമാണെന്ന് സബര്‍മതി പറയുന്നു.
ഒഡീഷയിലെ ഗ്രാമത്തില്‍ സിസ്റ്റം ഓഫ് റൈസ് ഇന്റന്‍സിഫിക്കേഷന്‍ ടെക്‌നോളജി അടിസ്ഥാനപ്പെടുത്തി പണിയെടുക്കുന്നതിലൂടെ ആരോഗ്യകരമായ സാഹചര്യം സ്ത്രീകള്‍ക്ക് ലഭ്യമാകുന്നുവെന്ന് സബര്‍മതിയുടെ ഗവേഷണത്തില്‍ നിന്ന് മനസിലാകുന്നു. ഇതുവഴി ജോലിചെയ്യുന്ന സമയം കുറക്കാനും ശാരീരിക അസ്വാസ്ഥ്യങ്ങള്‍ ഇല്ലാതാക്കാനും കഴിയുന്നു.
1990 -കളില്‍ ജൈവകൃഷിരീതിയില്‍ കാര്യമായ ഗവേഷണങ്ങളൊന്നും നടന്നില്ലെന്നതാണ് ഏറ്റവും വലിയ തടസമായി അനുഭവപ്പെട്ടത്. സബര്‍മതി മണ്ണിലിറങ്ങി സ്വയം പഠിച്ചെടുക്കുകയും വര്‍ഷങ്ങള്‍ നീണ്ട പ്രയത്‌നത്തിലൂടെ കൃഷിഭൂമിയില്‍ അവലംബിക്കേണ്ട ഏറ്റവും മികച്ച രീതികള്‍ തയ്യാറാക്കുകയും ചെയ്തു.
കര്‍ഷകര്‍ തങ്ങളുടെ കൈയിലുള്ള വിത്തുകള്‍ കൈമാറ്റം ചെയ്യാനും ജൈവകൃഷിരീതിയെക്കുറിച്ച് പഠിക്കാനുമാണ് സംഭവ് എന്ന സ്ഥാപനത്തെ സമീപിക്കുന്നത്. ആളുകള്‍ 1000 വ്യത്യസ്തമായ വിത്തുകള്‍ വളര്‍ത്താന്‍ കൊണ്ടുപോയാല്‍ സംരക്ഷിക്കപ്പെടുന്നത് 1000 വ്യത്യസ്ത ഇനങ്ങളാണെന്ന് സബര്‍മതി ഓര്‍മിപ്പിക്കുന്നു.