'മിസ് കേരള' വളര്‍ത്താന്‍ മഹാരാഷ്ട്രയിലെ കര്‍ഷകന്‍; ഈ കൃഷിയില്‍ വിജയം നേടാനുള്ള വഴികളിതാ...

പ്രായപൂര്‍ത്തിയായ മത്സ്യത്തെ തിരിച്ചറിയുന്നത് ശരീരത്തിലുണ്ടാകുന്ന കറുപ്പ് കലര്‍ന്ന നിറത്തില്‍ നിന്നാണ്. ആണ്‍മത്സ്യത്തില്‍ പ്രത്യുത്പാദനം നടക്കാനാകുന്നത് ഈ നിറത്തിന്റെ മാറ്റത്തിനനുസരിച്ചാണ്. 

success story miss kerala cultivation

കേരളത്തില്‍ മാത്രമല്ല 'മിസ് കേരള'യ്ക്ക് ആരാധകരുള്ളത്. അലങ്കാര മത്സ്യങ്ങളിലെ സുന്ദരിയെ 2010 -ല്‍ ഇന്റര്‍നാഷനല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നാച്വര്‍ വംശനാശം സംഭവിക്കുന്ന മത്സ്യങ്ങളുടെ ഇനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മഹാരാഷ്ട്രയില്‍ നിന്നുള്ള ദമ്പതികള്‍ മിസ് കേരള മത്സ്യം വളര്‍ത്തി വിജയം വരിച്ചവരാണ്.

ചന്ദ്രകാന്ത് യശ്വന്ത് ഭലേക്കറും ധന്‍ശ്രീ ചന്ദ്രകാന്ത് ഭലേക്കറും കര്‍ഷക കുടുംബത്തിലെ അംഗങ്ങളാണ്. എയ്ഞ്ചല്‍ ഫിഷ്, മിസ് കേരള എന്നീ അലങ്കാര മത്സ്യങ്ങളെ വന്‍തോതില്‍ വളര്‍ത്തുന്നവരാണിവര്‍. കോഴിവളര്‍ത്തലില്‍ നിന്നാണ് ഇവര്‍ അലങ്കാര മത്സ്യത്തിലേക്കെത്തിയത്.

2015 -ല്‍ ചന്ദ്രകാന്ത് മഹാരാഷ്ട്രയിലെ മറൈന്‍ എക്‌സ്‌പോര്‍ട്ട്‌സ് ഡെവലപ്‌മെന്റ് അതോറിറ്റിയുടെ കോഓര്‍ഡിനേറ്ററായ മങ്കേഷ് ഗാവഡെയുമായി ബന്ധപ്പെടുകയും അദ്ദേഹം കോഴിക്കോട് പരിശീലനത്തില്‍ പങ്കെടുക്കാനുള്ള അവസരമുണ്ടാക്കിക്കൊടുക്കുകയും ചെയ്തു.

പരിശീലനത്തിനു ശേഷം 30 മിസ് കേരള മത്സ്യങ്ങളെ ഇദ്ദേഹം വാങ്ങുകയും ഫാമില്‍ വളര്‍ത്തുകയും ചെയ്തു. മഹാരാഷ്ട്രയില്‍ കേരളത്തില്‍ നിന്നുള്ള മത്സ്യത്തെ വളര്‍ത്തുന്നത് അല്‍പം വ്യത്യസ്തമായ കാര്യമാണെന്ന് ചന്ദ്രകാന്തിന് മനസിലായി.

വെള്ളത്തിന്റെ പി.എച്ച്  മൂല്യം 6 -നും 7 -നും ഇടയിലാക്കി നിലനിര്‍ത്തി. താപനില 25 ഡിഗ്രി സെല്‍ഷ്യസിനും 29 ഡിഗ്രി സെല്‍ഷ്യസിനുമിടയിലാക്കി. രണ്ടുവര്‍ഷം ശരിയായി വളര്‍ത്തിയ ശേഷമാണ് നല്ല ഗുണമുള്ള മത്സ്യങ്ങളെ പ്രജനനത്തിനായി തയ്യാറാക്കാന്‍ കഴിഞ്ഞത്.

പ്രായപൂര്‍ത്തിയായ മത്സ്യത്തെ തിരിച്ചറിയുന്നത് ശരീരത്തിലുണ്ടാകുന്ന കറുപ്പ് കലര്‍ന്ന നിറത്തില്‍ നിന്നാണ്. ആണ്‍മത്സ്യത്തില്‍ പ്രത്യുത്പാദനം നടക്കാനാകുന്നത് ഈ നിറത്തിന്റെ മാറ്റത്തിനനുസരിച്ചാണ്. ആണ്‍ മത്സ്യത്തെയും പെണ്‍മത്സ്യത്തെയും തിരിച്ചറിയാന്‍ പ്രയാസമായിരുന്നു. അതിനാല്‍ ക്യാപ്റ്റീവ് ബ്രീഡിങ്ങും ഹോര്‍മോണ്‍ കുത്തിവെച്ചുള്ള പ്രത്യത്പാദനവുമാണ് ഇദ്ദേഹം പരീക്ഷിച്ചത്. തുടക്കത്തില്‍ രണ്ടു പ്രാവശ്യം പരാജയപ്പെട്ടു. പക്ഷേ 2017 -ല്‍ വിജയിയായ അലങ്കാര മത്സ്യ സംരംഭകനായി മാറി.

മത്സ്യത്തിന്റെ ലാര്‍വകളെ ഫംഗസില്‍ നിന്ന് രക്ഷിക്കാനായി മെഥിലിന്‍ ബ്ലൂ ആണ് ഉപയോഗിച്ചത്. ലാര്‍വകള്‍ക്ക് രണ്ടാഴ്ചത്തോളം ആര്‍ട്ടീമിയ ആണ് ആഹാരമായി നല്‍കിയത്. അതിനുശേഷം രണ്ടാഴ്ചത്തോളം ഡാഫ്‌നിയ നല്‍കി.

മിസ് കേരളയെ എങ്ങനെ പരിപാലിക്കാം?

30 മണിക്കൂറിനുള്ളില്‍ കുഞ്ഞുങ്ങള്‍ മുട്ടവിരിഞ്ഞ് പുറത്തുവരും. ഒരു പെണ്‍മത്സ്യം മുട്ടയിടാറാകുമ്പോള്‍ 2 ഗ്രാം തൂക്കമുണ്ടെങ്കില്‍ ഏകദേശം 200 മുതല്‍ 500 വരെ മുട്ടകളിടും.

മുട്ടവിരിഞ്ഞുവരുന്ന കുഞ്ഞുങ്ങള്‍ക്കുള്ള ഭക്ഷണം ആ മുട്ടയുടെ മഞ്ഞക്കരുവില്‍ തന്നെയുണ്ട്. മൂന്ന് ദിവസം വരെ ഇതുതന്നെ മതി.

മൂന്ന് ദിവസമായാല്‍ സ്‌പൈറുലിന പോലുള്ള സസ്യങ്ങള്‍ ആഹാരമാക്കും. വളരെ ചെറിയ വിരകള്‍ നല്‍കാവുന്നതാണ്. 10 ദിവസം പ്രായമായാല്‍ മൈക്രോ എന്‍കാപ്‌സുലേറ്റഡ് അടങ്ങിയ മിശ്രിതം നല്‍കാം.

നാല് ആഴ്ചയായാല്‍ ട്യൂബിഫെക്‌സ് വിരകള്‍ നല്‍കാം. 100 മൈക്രോണില്‍ കൂടുതല്‍ വലുപ്പമുള്ള തീറ്റ നല്‍കാവുന്നതാണ്.

10 ആഴ്ചയായാല്‍ മുട്ട കസ്റ്റാര്‍ഡ് നല്‍കാം.  ഏകദേശം 18 ആഴ്ചയായാലാണ് ശരീരത്തില്‍ ചുവന്ന വരകള്‍ പ്രത്യക്ഷപ്പെടുന്നത്.

മിസ് കേരള വളര്‍ത്തുന്നവര്‍ ജലത്തിന്റെ പി.എച്ച് മൂല്യം അളന്നുനോക്കിയശേഷം മാത്രമേ മത്സ്യങ്ങളെ നിക്ഷേപിക്കാവൂ. 6.5 മുതല്‍ 7.5 വരെ നിലനിര്‍ത്തണം. 

Latest Videos
Follow Us:
Download App:
  • android
  • ios