എയർ പോട്ട് ഗാർഡനിങ്, കട്ടപ്പനക്കാരൻ ബിജുമോൻ ആന്റണിക്ക് ലക്ഷങ്ങളുടെ വരുമാനം
കോയമ്പത്തൂർ ആസ്ഥാനമായുള്ള ഒരു കമ്പനിയുടെ സഹായത്തോടെയാണ് വിവിധ വലിപ്പത്തിലുള്ള എയർ പോട്ടുകൾ അദ്ദേഹം നിർമ്മിച്ചത്. തൻറെ കൃഷിയിടത്തിൽ പരീക്ഷിച്ച് വിജയം കണ്ട അവയ്ക്ക് ബിജു മിറാക്കിൾ പോട്ട് എന്ന പേര് നൽകി.
എയർ പോട്ട് ഗാർഡനിങ് രീതിയിലൂടെ വിവിധ ഫലവൃക്ഷങ്ങൾ നട്ടുവളർത്തി കാർഷിക രംഗത്ത് അത്ഭുതകരമായ മാറ്റത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് ഇടുക്കി കട്ടപ്പനയിൽ നിന്നുള്ള കർഷകൻ ബിജുമോൻ ആന്റണി. കാർഷികവൃത്തി കൊണ്ട് മാത്രം ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കില്ല എന്ന് പറയുന്നവർക്ക് മുൻപിൽ ബിജുമോൻ ആൻറണി ഒരു പാഠപുസ്തകമാണ്. എട്ടാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ഇദ്ദേഹം കാർഷിക മേഖലയിലെ നൂതനാശയങ്ങൾ തൻ്റെ കൃഷിയിടത്തിൽ പരീക്ഷിച്ച് വിജയം കണ്ടു എന്നു മാത്രമല്ല ഓരോ മാസവും ലക്ഷങ്ങളുടെ വരുമാനമാണ് സ്വന്തമാക്കുന്നത്.
ഒരുപക്ഷേ, നിങ്ങൾ കരുതിയേക്കാം നല്ല രീതിയിൽ കൃഷി ചെയ്യണമെങ്കിൽ ഒരുപാട് സ്ഥലവും സൗകര്യങ്ങളും ഒക്കെ വേണമെന്ന്. പക്ഷേ, ബിജു ആന്റണിക്ക് ഇതിനോട് യോജിപ്പില്ല. എന്തിനേറെ പറയുന്നു മരങ്ങൾ നേരിട്ട് നിലത്ത് വളർത്തണമെന്ന് പോലും ഇദ്ദേഹത്തിന് അഭിപ്രായമില്ല. പിന്നെ എങ്ങനെയെന്നല്ലേ? അതിനുള്ള ഉത്തരമാണ് ബിജു ആന്റണിയുടെ മിറക്കിൾ ഫാമും പിന്നെ അദ്ദേഹത്തിന്റെ സ്വന്തം മിറാക്കിൾ പോട്ടും.
നിലത്ത് മണ്ണിൽ നേരിട്ട് വളരുന്ന മരങ്ങളിൽ പോലും കാണുന്ന ഒരു പ്രശ്നമാണ് വേരുകൾ പിളരുന്നതും ഇതുമൂലം ഇതിൽനിന്ന് ഫലം കിട്ടിത്തുടങ്ങാൻ ഏറെ കാലതാമസം എടുക്കുന്നതും. ഒരു തൈ നട്ടു കഴിഞ്ഞാൽ തുടക്കത്തിൽ നമ്മൾ നൽകുന്ന എല്ലാ പോഷകങ്ങളും നേരിട്ട് വേരുകളിലേക്കാണ് പോകുന്നത്. ഇതൊഴിവാക്കാനുള്ള ഒരു മാർഗ്ഗമാണ് 'എയർ പോട്ട് ഗാർഡനിംഗ്', ദ്വാരങ്ങൾ നിറഞ്ഞ ചട്ടിയിൽ തൈകൾ നട്ടുപിടിപ്പിക്കുക, അത് എവിടെയും സ്ഥാപിക്കാം, ഇടുക്കിയിലെ ‘മിറക്കിൾ ഫാം’ എന്ന വിദേശ ഫ്രൂട്ട് ഫാമിന്റെ ഉടമ ബിജുമോൻ ആൻറണി പറയുന്നു.
ഒരു സംയോജിത കർഷകനായാണ് ബിജു കാർഷികവൃത്തി തുടങ്ങിയത് ആട്, പശു, കരിങ്കോഴി, മത്സ്യം എന്നിവയെ വളർത്തുകയും ഏലം, കുരുമുളക് എന്നിവ ഉൾപ്പെടെ നിരവധി വിളകൾ വളർത്തുകയും ചെയ്തു. കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ പുതിയ ഇനം കൃഷിയെക്കുറിച്ച് അദ്ദേഹം നിരന്തരം വായിക്കുകയും ഗവേഷണം ചെയ്യുകയും ചെയ്തു. ആറു വർഷങ്ങൾക്കു മുൻപാണ് തൻറെ കൃഷിയിടത്തിൽ അദ്ദേഹം വിദേശ പഴങ്ങൾ കൂടി കൃഷി ചെയ്തു തുടങ്ങിയത്. ബിജുവിന്റെ ആ തീരുമാനത്തെ കേട്ടവർ കേട്ടവർ പരിഹസിച്ചു എങ്കിലും അത് വൻ വിജയമായി.
ഇന്ന് അദ്ദേഹത്തിൻ്റെ മിറാക്കിൾ ഫാമിൽ 25 വ്യത്യസ്ത ഇനങ്ങളിലുള്ള ആപ്പിളുകൾ, ഓറഞ്ച്, പീച്ച്, പേര, ബദാം, വാൽനട്ട്, ആപ്രിക്കോട്ട് തുടങ്ങിയ പഴങ്ങൾ എന്നിവയും സുലഭമായി വളരുന്നു. പൂർണ്ണമായും എയർ പോട്ടുകളിലാണ് ഇവ വളരുന്നത്. മിറാക്കിൾ ഫാമിൽ നിന്ന് ഈ തൈകൾ ആവശ്യക്കാർക്ക് വാങ്ങാനും സാധിക്കും. കൂടാതെ രാജ്യത്തുനീളം കൊറിയർ സംവിധാനവും ഒരുക്കിയിട്ടുണ്ട്.
എന്താണ് എയർ പോട്ടുകൾ?
'കോണാകൃതിയിലുള്ള ഇൻഡന്റുകളുള്ള ഫ്ലെക്സിബിൾ പ്ലാസ്റ്റിക്കിൽ നിന്ന് നിർമ്മിച്ച വിശാലമായ ഷീറ്റുകളാണ് എയർ പോട്ടുകൾ. ഇൻഡന്റുകൾക്ക് അഗ്രഭാഗത്ത് ചെറിയ ദ്വാരങ്ങളുണ്ട്. ഷീറ്റിൽ കുറച്ച് സ്ക്രൂ പോലുള്ള ഫാസ്റ്റനറുകളും അടിയിൽ പ്ലാസ്റ്റിക് സ്‌ക്രീൻ കൊണ്ട് നിർമ്മിച്ച പരന്ന വൃത്താകൃതിയിലുള്ള കഷണവും ഉണ്ട്. ഇവയെല്ലാം തമ്മിൽ യോജിപ്പിച്ചാണ് എയർ പോട്ട് നിർമ്മിക്കുന്നത്.
ലഭ്യമായ ദ്വാരങ്ങളിലൂടെ കൂടുതൽ വായു കടന്നുപോകുന്നു എന്നതാണ് എയർ പോട്ടിന്റെ പ്രത്യേകത. അതിലൂടെ സസ്യങ്ങൾക്ക് പ്രയോജനം ലഭിക്കുന്നു എന്നതാണ് ഇവിടെയുള്ള നേട്ടം. കൂടാതെ, വേരുകൾ അന്തരീക്ഷത്തിലേക്ക് തുറന്ന് വരുമ്പോൾ അവ നിർജ്ജലീകരണം ചെയ്യുകയും പുതിയ വേരുകൾ ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. കുറഞ്ഞ പോഷകങ്ങൾ ആവശ്യമുള്ള നാരുകളുള്ള വേരുകളായിരിക്കും അവ. അതുകൊണ്ട് മണ്ണിന്റെ ബാക്കി ഗുണങ്ങൾ നേരിട്ട് ചെടികളിലേക്ക് പോകുന്നു. താൻ പരീക്ഷിച്ച് വിജയം കണ്ട എയർ പോട്ട് കൃഷി രീതിയെക്കുറിച്ച്
ബിജു ആന്റണിയുടെ വാക്കുകൾ ഇങ്ങനെ.
ആപ്പിൾ കൃഷിയിലേക്ക് കടക്കാൻ ആലോചിച്ച ശേഷമാണ് ബിജു ഈ രീതി ആരംഭിച്ചത്. ഇതിനായി അദ്ദേഹം ഓൺലൈനിൽ കുറച്ച് പാത്രങ്ങൾ വാങ്ങി, അതിൻറെ ഫലം വളരെ മികച്ചതായിരുന്നു. എന്നാൽ പാത്രങ്ങൾ വളരെ ചെലവേറിയതായതിനാൽ അദ്ദേഹത്തിന് മാന്യമായ ലാഭം ഉണ്ടാക്കാനായില്ല, ഇത് സ്വന്തം പാത്രങ്ങൾ നിർമ്മിക്കുന്നതിലേക്ക് അദ്ദേഹത്തെ നയിച്ചു.
ബിജുവിന്റെ സ്വന്തം മിറക്കിൾ പോട്ട്
കോയമ്പത്തൂർ ആസ്ഥാനമായുള്ള ഒരു കമ്പനിയുടെ സഹായത്തോടെയാണ് വിവിധ വലിപ്പത്തിലുള്ള എയർ പോട്ടുകൾ അദ്ദേഹം നിർമ്മിച്ചത്. തൻറെ കൃഷിയിടത്തിൽ പരീക്ഷിച്ച് വിജയം കണ്ട അവയ്ക്ക് ബിജു മിറാക്കിൾ പോട്ട് എന്ന പേര് നൽകി. കൂടാതെ തന്നെ ഫാം സന്ദർശിക്കാൻ എത്തിയ കർഷകരിൽ ചിലർ ചട്ടികളിൽ ആകൃഷ്ടരാകുകയും അത് വാങ്ങിക്കാൻ താല്പര്യം കാണിക്കുകയും ചെയ്തതോടെയാണ് മിറാക്കിൾ പോട്ടിന്റെ വില്പന അദ്ദേഹം ആരംഭിച്ചത്.
50 മുതൽ 1000 രൂപ വരെ വിലയുള്ള പോട്ടുകൾ അദ്ദേഹത്തിന്റെ ഫാമിൽ ലഭ്യമാണ്. ശരാശരി ഒരു മരം വളരാൻ 350 രൂപയുടെ മിറാക്കിൾ പോട്ട് മതിയാകും. ലോകത്തിൻറെ ഏതു ഭാഗത്തേക്കും കൊറിയർ ചെയ്തു കൊടുക്കുന്നതിനുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്.
മരങ്ങൾ വളർത്തുന്നതിനു പുറമേ, ചട്ടി കമ്പോസ്റ്റിംഗിനും ഉപയോഗിക്കാം. ദ്വാരങ്ങളിലൂടെ ഓക്‌സിജന്റെ സാന്നിധ്യം കൂടുതലായതിനാൽ ബാക്ടീരിയകൾ വേഗത്തിൽ വളരുന്നതിനാൽ, എയർ പോട്ടുകളിൽ കമ്പോസ്റ്റിംഗ് നടത്തുകയാണെങ്കിൽ സാധാരണ മണ്ണിര കമ്പോസ്റ്റ് ആറുമാസം കൊണ്ട് ഉണ്ടാക്കുന്ന വളം ഒരു മാസം കൊണ്ട് ഉണ്ടാക്കിയെടുക്കാം എന്ന് ഇദ്ദേഹം പറയുന്നു.
നേട്ടങ്ങൾ അനവധി
എയർ പോട്ട് ഗാർഡനിംഗ് ചെടികളെ ഫ്രഷ് ആയി നിലനിർത്താനും അവയ്ക്ക് ആവശ്യമായ എല്ലാ പോഷകങ്ങളും നൽകാനും സഹായിക്കുമെന്ന് ബിജുമോൻ പറയുന്നു. ഇത് നിശ്ചിത സമയത്തിന്റെ പകുതി സമയത്തിനുള്ളിൽ ഫലം നൽകുന്നു, കുറഞ്ഞ അധ്വാനം മതിയാകും. ഈ രീതിയിൽ വളരുന്ന മരങ്ങൾ കേടുപാടുകൾ കൂടാതെ മറ്റേതെങ്കിലും സ്ഥലത്തേക്ക് എളുപ്പത്തിൽ മാറ്റാൻ കഴിയും എന്നതാണ് മറ്റൊരു ശ്രദ്ധേയമായ നേട്ടം.
"ആവശ്യമായ അളവിലുള്ള ചട്ടി വാങ്ങി അതിൽ മണ്ണ് നിറച്ച് തൈകൾ നടുക മാത്രമാണ് നിങ്ങൾ ചെയ്യേണ്ടത്. ഇടയ്ക്കിടെ വെള്ളമൊഴിച്ച് വളപ്രയോഗം നടത്തിയാൽ മതി. ബാക്കിയെല്ലാം സാധാരണ പൂന്തോട്ടപരിപാലനത്തിന് സമാനമാണ്” അദ്ദേഹം പറയുന്നു.
മിറാക്കിൾ പോട്ടിന്റെ ഉത്പാദനവും വിപണനവും കൂടുതൽ വിപുലീകരിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ ബിജു ആൻറണി. 2019-ലെ സംസ്ഥാന സർക്കാരിന്റെ കർഷകോത്തമ അവാർഡും 2020-ൽ കർഷക തിലക് അവാർഡും നേടിയ കർഷകൻ കൂടിയാണ് ബിജുമോൻ ആൻറണി. കട്ടപ്പന വലിയ തോവാളയിലാണ് ഇദ്ദേഹത്തിന്റെ ഫാം ഹൗസ്.