സുബൈറിന്റെ ലോക്ക്ഡൗണ്‍ ചീരക്കൃഷി സൂപ്പറാണ്; ദിവസവും വിറ്റഴിയുന്നത് 40 കിലോ ചീര

വിളവെടുക്കുന്ന ചീരയില്‍ ദിവസവും 25 കി.ഗ്രാം കൃഷിഭവന്റെ സഹായത്തോടെ ആവശ്യക്കാര്‍ക്ക് നല്‍കുന്നു. ബാക്കി ഒരു ചെറിയ കെട്ട് ചീരയ്ക്ക് 30 രൂപ വിലയില്‍ കൃഷിസ്ഥലത്ത് വെച്ച് തന്നെ രാവിലെ ആവശ്യക്കാര്‍ക്ക് നല്‍കുന്നു.

success story agriculture subair

സ്വന്തമായി കൃഷിസ്ഥലമില്ലെങ്കിലും പാട്ടത്തിനെടുത്ത ഒരു ഏക്കര്‍ 60 സെന്റ് സ്ഥലത്ത് സുബൈര്‍ ലോക്ക്ഡൗണ്‍ കാലത്തും തകൃതിയായി കൃഷി ചെയ്യുന്നു. പച്ചക്കറിക്കൃഷി മാത്രമല്ല, അലങ്കാര മത്സ്യം, പശു, ആട്, കോഴി എന്നിവയും വളര്‍ത്തുന്നുണ്ട്. ഈ മനുഷ്യന്‍ നട്ടുവളര്‍ത്തുന്ന നല്ല പുതുമയുള്ള ചീരയ്ക്കായി മാത്രം അതിരാവിലെ ആളുകള്‍ കൃഷിസ്ഥലത്ത് എത്തിച്ചേരുന്നു. സുബൈറിന്റെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍ ലോക്ക്ഡൗണ്‍ കാലത്ത് ഇവിടെ കച്ചവടം കൂടിയിട്ടേയുള്ളു. റംസാന്‍ വ്രതം നോറ്റാലും തന്റെ പച്ചക്കറികളെ പരിചരിക്കാന്‍ സുബൈര്‍ സമയം കണ്ടെത്തുന്നു.

success story agriculture subair

 

കോഴിക്കോട് ജില്ലയിലെ നെടിയനാട് ദേശത്തെ മൂര്‍ക്കന്‍കുണ്ട് സ്വദേശിയാണ് സുബൈര്‍. പാട്ടത്തിനെടുത്ത ഒരേക്കര്‍ ഭൂമി നിറയെ ചീരയാണ്. അതുതന്നെയാണ് ഇവിടുത്തെ പ്രത്യേകതയും. ചുവപ്പും പച്ചയും ചീരകള്‍ ഇടകലര്‍ത്തി വളര്‍ത്തുന്നു. 'ദിവസവും 40 കിലോ വരെ ചീര ഞാന്‍ വിളവെടുക്കുന്നു. ഒരു ഏക്കര്‍ സ്ഥലത്ത് മുഴുവന്‍ ചീരക്കൃഷി തന്നെയാണ്. പച്ചയും ചുവപ്പും ചീര ഇടകലര്‍ത്തി വളര്‍ത്തുമ്പോള്‍ കീടരോഗങ്ങളുടെ ആക്രമണം വളരെ കുറയുമെന്നതാണ് പ്രത്യേകത. നരിക്കുനി കൃഷിഭവന്‍ കര്‍ഷകരില്‍ നിന്ന് വാങ്ങി പൊതുജനങ്ങള്‍ക്കായി വില്‍പ്പന നടത്തുന്നുണ്ട്. മാര്‍ക്കറ്റില്‍ കിട്ടുന്നതിനേക്കാള്‍ ലാഭം ഞങ്ങള്‍ക്ക് കിട്ടുന്നു.'

success story agriculture subair

 

നരിക്കുനി കൃഷി ഭവനിലെ ഉദ്യോഗസ്ഥരുടെ ഉപദേശപ്രകാരമാണ് ചീര കൃഷി ചെയ്യുന്നത്. വിത്തുകള്‍ യഥാസമയം എത്തിച്ചുകൊടുത്തതും ഇവര്‍ തന്നെയാണ്. 'ഏറ്റവും എളുപ്പത്തില്‍ വിളവെടുക്കാവുന്ന വിളയാണ് ചീരയെന്ന് ഉദ്യോഗസ്ഥര്‍ വിശദീകരിച്ചുകൊടുത്തു. നട്ടുവളര്‍ത്തി 25 ദിവസം കൊണ്ട് പറിച്ചെടുക്കാമെന്ന് പറഞ്ഞുകൊടുത്തു. ഇങ്ങനെ പറിച്ചെടുക്കുന്ന ചീരയ്ക്കാണ് കൂടുതല്‍ ഡിമാന്റ്. നെല്ല് കൊയ്ത പാടം വെറുതെയിടരുതെന്നും കൃഷി ചെയ്യാമെന്നും ഞങ്ങള്‍ പറഞ്ഞുകൊടുത്തു. ലോക്ക്ഡൗണ്‍ തുടങ്ങിയ അന്ന് മുതല്‍ വിളവെടുക്കുന്നുണ്ട്. എല്ലാവിധ സാങ്കേതിക ഉപദേശങ്ങളും ഞങ്ങള്‍ നല്‍കുന്നുണ്ട്. മാര്‍ക്കറ്റിലെ വിപണിയേക്കാള്‍ രണ്ടു രൂപ കുറച്ചാണ് ഞങ്ങള്‍ വില്‍ക്കുന്നത്. കര്‍ഷകന് വിപണിയില്‍ കിട്ടുന്നതിനേക്കാള്‍ പൈസ കൃഷിഭവന്‍ നല്‍കുന്നുമുണ്ട്.' കൃഷി ഓഫീസര്‍ ഡാന മുനീര്‍ വ്യക്തമാക്കുന്നു. കൃഷി അസിസ്റ്റന്റുമാരായ തേജസ്, ഖാദർ, റഷീദ് എന്നിവരും എല്ലാ ഉപദേശങ്ങളും നൽകി കർഷർക്ക് പിന്തുണയുമായി കൂടെ നിന്നു.

വിളവെടുക്കുന്ന ചീരയില്‍ ദിവസവും 25 കി.ഗ്രാം കൃഷിഭവന്റെ സഹായത്തോടെ ആവശ്യക്കാര്‍ക്ക് നല്‍കുന്നു. ബാക്കി ഒരു ചെറിയ കെട്ട് ചീരയ്ക്ക് 30 രൂപ വിലയില്‍ കൃഷിസ്ഥലത്ത് വെച്ച് തന്നെ രാവിലെ ആവശ്യക്കാര്‍ക്ക് നല്‍കുന്നു.

'ലോക്ക്ഡൗണ്‍ കാലത്ത് ആവശ്യക്കാര്‍ കൂടി വരുന്നു. കൊടുക്കാന്‍ സാധനം തികയുന്നില്ലെന്ന പ്രശ്‌നം മാത്രമേയുള്ളു. നോമ്പ് നോറ്റ ക്ഷീണത്തിലായാലും കൃഷിസ്ഥലത്തെത്തുന്നതില്‍ ഞാന്‍ മുടക്കം വരുത്താറില്ല' സുബൈര്‍ പറയുന്നു.

'രാവിലെ എഴുന്നേറ്റ് പശുക്കളെ കറക്കും. രണ്ട് പശുക്കളുണ്ട്. നാല് കറവയുള്ള ആടുകളും അവയ്ക്ക് ഏഴ് കുട്ടികളുമുണ്ട്. ഇവയ്ക്ക് വേണ്ട തീറ്റയെല്ലാം കൊടുത്തിട്ട് പാടത്തേക്ക് ഇറങ്ങും. രണ്ടുമണിക്കൂര്‍ പിന്നെ പാടത്ത് പണിയാണ്. ഞാന്‍ വാടക സ്റ്റോര്‍ നടത്തുന്നയാളാണ്. പന്തലിന്റെ സാമഗ്രികളുമായി ബന്ധപ്പെട്ട കടയാണ്. ഇവിടെ നാലുപേര്‍ കാര്യങ്ങള്‍ ശ്രദ്ധിക്കാനുണ്ട്. പച്ചക്കറി നനയ്ക്കാന്‍ അഞ്ച് സ്ത്രീകളുണ്ട്. അവര്‍ക്ക് ആവശ്യമായ വേതനം നല്‍കുന്നു. പച്ചക്കറികള്‍ സൗജന്യമായ തൊട്ടടുത്ത വീടുകളില്‍ നല്‍കുകയായിരുന്നു പതിവ്. നാല്‍പ്പതോളം വീടുകളില്‍ കൊടുക്കാറുണ്ട്. ഈ വര്‍ഷം മുതലാണ് വില്‍പ്പനയ്ക്കായി കൊണ്ടുപോകുന്നത്.'

success story agriculture subair

 

നേന്ത്രവാഴ, കപ്പ, പാവയ്ക്ക, പയര്‍ എന്നിവ 60 സെന്റ് സ്ഥലത്ത് കൃഷി ചെയ്യുന്നു. ആട്ടിന്‍കാട്ടവും ചാണകപ്പൊടിയും കോഴിവളവും തന്നെയാണ് അടിവളമായി നല്‍കുന്നത്. ഇവയെല്ലാം വീട്ടില്‍ത്തന്നെ ഇഷ്ടംപോലെ ലഭ്യമാണ്. കീടാക്രമണം പൊതുവേ കുറവാണ്. ഒരു ലിറ്റര്‍ ഗോമൂത്രം 10 ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് ഇലകളില്‍ തളിക്കുകയാണ് സാധാരണ ചെയ്യുന്നത്.

അലങ്കാര മത്സ്യം വളര്‍ത്തല്‍

'ടെറസിന്റെ മുകളിലാണ് അലങ്കാര മത്സ്യം വളര്‍ത്തുന്നത്. ഫ്രിഡ്ജ് വാങ്ങുമ്പോള്‍ കിട്ടുന്ന തെര്‍മോക്കോള്‍ ശേഖരിച്ച് അതില്‍ വെള്ളം കെട്ടിനിര്‍ത്തുന്നു. അതല്ലാതെ മണ്ണില്‍ കുഴി കുഴിച്ച് വെള്ളം നിറച്ച് പ്രകൃതിദത്ത ടാങ്ക് പോലെയാക്കി മുകളില്‍ ഷീറ്റ് വിരിച്ചും മത്സ്യം വളര്‍ത്തുന്നുണ്ട്. ചെറുമീനുകളും ചെമ്മീനുകളും വളര്‍ത്തുന്നുണ്ട്.' സുബൈര്‍ പറയുന്നു.

success story agriculture subair

 

മകനാണ് അലങ്കാര മത്സ്യക്കൃഷിയില്‍ സഹായി. 50 പ്രത്യേകം പ്രത്യേകമുള്ള തെര്‍മോക്കോളില്‍ മത്സ്യങ്ങളെ വളര്‍ത്തുന്നുണ്ട്. ചെമ്മീന്‍ വില്‍പ്പന നടത്താറുണ്ട്. സാന്റാ ക്ലോസ്, റെഡ് പാണ്ട, ബ്രസീലിയന്‍ റെഡ്, ഫാള്‍ റെഡ് ഹിഗ്‌ഡോര്‍സെല്‍ എന്നീ അലങ്കാര മത്സ്യങ്ങളാണ് ഇവിടെ വളര്‍ത്തുന്നത്.

ലോക്ക്ഡൗണ്‍ കാലത്തെ കൃഷിയനുഭവത്തെക്കുറിച്ച് സുബൈറിന് പറയാനുള്ളത് ഇതാണ്, 'എന്നെ സംബന്ധിച്ച് ലോക്ക്ഡൗണ്‍ ഉഷാറാണ്. നാട്ടിന്‍പുറത്തായതുകൊണ്ട് എളുപ്പത്തില്‍ പച്ചക്കറികള്‍ വിറ്റഴിയുന്നുണ്ട്. ചീരക്കൃഷി പ്രത്യേകിച്ച് വന്‍വിജയമാണ്.'

 

Latest Videos
Follow Us:
Download App:
  • android
  • ios