സ്‌ട്രോബെറി മണ്ണില്ലാതെയും കൃഷി ചെയ്യാം; ഹൈഡ്രോപോണിക്‌സ് വഴി പഴങ്ങള്‍ വിളവെടുക്കാം
ശരിയായ വളര്‍ച്ച നടക്കണമെങ്കില്‍ അയേണ്‍, മാംഗനീസ്, സിങ്ക്, കോപ്പര്‍, മോളിബ്ഡിനം, കൊബാള്‍ട്ട്, ക്ലോറിന്‍ എന്നിവ അത്യാവശ്യമാണ്. ഹൈഡ്രോപോണിക്‌സ് സംവിധാനത്തില്‍ മണ്ണില്ലാതെ കൃഷി ചെയ്യുന്നതുകൊണ്ട് ഈ പോഷകങ്ങളെല്ലാമടങ്ങിയ മിശ്രിതം വാങ്ങാന്‍ കിട്ടുന്നതാണ്.
സാധാരണ മണ്ണില്ലാതെ കൃഷി ചെയ്യുന്ന രീതിയില്‍ പഴവര്‍ഗങ്ങള്‍ വളര്‍ത്താന്‍ ആരും ശ്രമിക്കാറില്ല. എന്നാല്‍, ഹൈഡ്രോപോണിക്‌സ് സംവിധാനം വഴി വളര്‍ത്തി വിളവെടുക്കാവുന്ന പഴമാണ് സ്‌ട്രോബെറി. ഈ സംവിധാനം ഇന്‍ഡോര്‍ ആയും ഔട്ട്‌ഡോര്‍ ആയും ഉപയോഗിച്ച് ചെടികള്‍ വളര്‍ത്താവുന്നതാണ്.
വിത്തുകളാണ് നടാന്‍ ഉപയോഗിക്കുന്നതെങ്കില്‍ ചെടികള്‍ പൂര്‍ണവളര്‍ച്ചയെത്താന്‍ രണ്ടോ മൂന്നോ വര്‍ഷങ്ങളെടുക്കും. അതുപോലെ വിത്ത് മുളപ്പിച്ചുണ്ടാക്കുന്ന പഴങ്ങള്‍ക്ക് മാതൃവൃക്ഷത്തില്‍ നിന്നുള്ള പഴങ്ങളുടെ അതേ ഗുണം കിട്ടണമെന്നുമില്ല. അപകടകരമായ സൂക്ഷ്മജീവികളെ ഒഴിവാക്കാനായി സ്‌ട്രോബെറി വളര്‍ത്തുന്ന കര്‍ഷകര്‍ നിരോധിക്കപ്പെട്ട കീടനാശിനിയായ മീഥൈല്‍ ബ്രോമൈഡ് കൃഷി ചെയ്യുന്നതിന് മുമ്പായി മണ്ണില്‍ ചേര്‍ക്കാറുണ്ട്.
ഹൈഡ്രോപോണിക്‌സ് സംവിധാനം വഴി സ്‌ട്രോബെറി വളര്‍ത്തുമ്പോള്‍ നിലത്ത് പടര്‍ന്ന് വളരുന്ന തരത്തിലുള്ള തണ്ടുകളാണ് കൃഷി ചെയ്യാന്‍ നല്ലത്. ഇവയില്‍ പെട്ടെന്ന് വേര് പിടിക്കും. പ്രാദേശിക നഴ്‌സറികളിലും സ്‌റ്റോറുകളിലും വൈറസിനെ പ്രതിരോധിച്ചു കൊണ്ട് ശീതീകരിച്ച രീതിയിലുള്ള തണ്ടുകള്‍ വളര്‍ത്താന്‍ ലഭ്യമാണ്.
തണുപ്പുകാലത്ത് വളരെ കുറഞ്ഞ ദിവസങ്ങള്‍ കൊണ്ടുതന്നെ പൂക്കളുണ്ടാകുന്ന തരത്തിലുള്ള സ്‌ട്രോബെറിയാണ് സാധാരണയായി വളര്‍ത്തുന്നത്. വസന്തകാലത്തിന് മുമ്പ് തന്നെ പഴങ്ങളുണ്ടാകുകയും ചെയ്യും. ബെന്‍ടന്‍, അല്‍സ്റ്റാര്‍, അന്നാപോളിസ് എന്നിവയാണ് ഇത്തരത്തില്‍പ്പെട്ട ഇനങ്ങള്‍.
എന്നാല്‍, ഹൈഡ്രോപോണിക്‌സ് സംവിധാനത്തില്‍ വളര്‍ത്താന്‍ യോജിച്ചത് വര്‍ഷം മുഴുവന്‍ പഴങ്ങള്‍ തരുന്ന തരത്തിലുള്ള ചെടിയാണ്. 1960 -കളിലാണ് ഇത്തരം സ്‌ട്രോബെറികള്‍ കൃഷിചെയ്തുണ്ടാക്കിയത്. സീസ്‌കേപ്, ക്വിനോള്‍ട്ട്, ഹെക്കര്‍ എന്നിവയാണ് ഏറ്റവും പ്രചാരത്തിലുള്ള ഇനങ്ങള്‍.
സ്‌ട്രോബെറികള്‍ മങ്ങിയ സൂര്യപ്രകാശമുള്ള സ്ഥലത്തും നന്നായി വളരും. പരാഗണത്തിന്റെ കാര്യത്തില്‍ ശ്രദ്ധ വേണം. ആണ്‍-പെണ്‍ ഗുണങ്ങള്‍ ഒരേ ചെടിയില്‍ത്തന്നെ കാണാമെന്നതാണ് സവിശേഷത. പുറത്താണ് വളര്‍ത്തുന്നതെങ്കില്‍ തേനീച്ചകളും കാറ്റും വഴി പരാഗണം നടക്കും. എന്നാല്‍, ഹൈഡ്രോപോണിക്‌സ് സംവിധാനത്തില്‍ കൈകള്‍ കൊണ്ട് ഉരസി പരാഗണം നടത്തണം.
15 ഡിഗ്രി സെല്‍ഷ്യസിനും 27 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലുള്ള താപനിലയാണ് സട്രോബെറി വളരാന്‍ അനുയോജ്യം. നൈട്രജന്‍, പൊട്ടാസ്യം, ഫോസ്ഫറസ് എന്നിവയാണ് ചെടിയുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ പോഷകങ്ങള്‍. കോശങ്ങളുടെ വളര്‍ച്ചയെ സഹായിക്കുന്നതാണ് നൈട്രജന്‍. വേര് പിടിക്കാനും പൂക്കള്‍ക്കും മുകുളങ്ങള്‍ക്കുമാണ് ഫോസ്ഫറസ് ആവശ്യം. പ്രകാശസംശ്ലേഷണം നടക്കാനാണ് പൊട്ടാസ്യത്തിന്റെ ആവശ്യകത.
ശരിയായ വളര്‍ച്ച നടക്കണമെങ്കില്‍ അയേണ്‍, മാംഗനീസ്, സിങ്ക്, കോപ്പര്‍, മോളിബ്ഡിനം, കൊബാള്‍ട്ട്, ക്ലോറിന്‍ എന്നിവ അത്യാവശ്യമാണ്. ഹൈഡ്രോപോണിക്‌സ് സംവിധാനത്തില്‍ മണ്ണില്ലാതെ കൃഷി ചെയ്യുന്നതുകൊണ്ട് ഈ പോഷകങ്ങളെല്ലാമടങ്ങിയ മിശ്രിതം വാങ്ങാന്‍ കിട്ടുന്നതാണ്.
പോഷക ലായനിയുടെ പി.എച്ച് മൂല്യം 5.8 നും 6.2 നും ഇടയിലാകണം. ഡീപ് വാട്ടര്‍ കള്‍ച്ചര്‍ വഴി വളര്‍ത്തുമ്പോള്‍ കൂടുതല്‍ ചെടികള്‍ ഒരു ഹൈഡ്രോപോണികസ് സംവിധാനത്തില്‍ വളര്‍ത്താമെന്നതാണ് ഗുണം.
ഹൈഡ്രോപോണിക്‌സ് വഴി സ്‌ട്രോബെറി വളര്‍ത്താന്‍ ആദ്യമായി അഞ്ച് ഗാലന്‍ പോഷക ലായനി ഉള്‍ക്കൊള്ളുന്ന പാത്രം ആവശ്യമാണ്. വളര്‍ത്താനുള്ള പാത്രം വേറെയും കരുതണം. പോഷക ലായനിയുള്ള പാത്രത്തിന് മുകളില്‍ സുരക്ഷിതമായി വെക്കാന്‍ കഴിയുന്നതായിരിക്കണം ചെടി വളരുന്ന പാത്രം. നൈലോണ്‍, റയോണ്‍, കോട്ടണ്‍ എന്നിവയില്‍ ഏതെങ്കിലും കൊണ്ടുള്ള തിരി ഉണ്ടാക്കണം.
പെര്‍ലൈറ്റും വെര്‍മിക്കുലൈറ്റും അടങ്ങിയ മാധ്യമമാണ് വളരാന്‍ ആവശ്യം. ചെടി വളര്‍ത്തുന്ന മാധ്യമം പി.എച്ച് സന്തുലിതമായ വെള്ളത്തില്‍ 30 മിനിറ്റ് മുക്കിവെക്കുക. വളര്‍ത്താനുപയോഗിക്കുന്ന പാത്രത്തിന്റെ മൂന്നില്‍ രണ്ടുഭാഗത്തോളം ഈ വളര്‍ച്ചാമാധ്യമം നിറയ്ക്കുക.
പോഷകലായനി റിസര്‍വോയറില്‍ (പാത്രത്തില്‍) നിറച്ച് പി.എച്ച് മൂല്യം പരിശോധിക്കുക. തിരികളും നന്നായി കഴുകി വൃത്തിയാക്കുക. നിരവധി തിരികള്‍ റിസര്‍വോയറും ചെടികള്‍ വളരുന്ന പാത്രവുമായി ബന്ധിപ്പിക്കുക. റിസര്‍വോയറില്‍ നിന്ന് പോഷകങ്ങള്‍ തിരി വലിച്ചെടുത്ത് ചെടികള്‍ക്ക് നല്‍കാനാണിത്.
അതിനുശേഷം റിസര്‍വോയറിന് മുകളിലേക്ക് ചെടി വളര്‍ത്തുന്ന പാത്രം എടുത്തുവെക്കുക. സ്‌ട്രോബെറി ചെടി പാത്രത്തില്‍ സുരക്ഷിതമായി വേരുകള്‍ വളര്‍ച്ചാമാധ്യമത്തില്‍ വരത്തക്കവിധം നടുക. റിസര്‍വോയറിലെ വെള്ളത്തിന്റെ അളവ് പരിശോധിച്ച് ലായനി വീണ്ടു നിറയ്ക്കണം. വീടിന് പുറത്താണ് ഈ സംവിധാനം വെച്ചിരിക്കുന്നതെങ്കില്‍ സൂര്യപ്രകാശം കിട്ടുന്ന സ്ഥലത്തായിരിക്കണം. ഇന്‍ഡോര്‍ ആയാണ് വളര്‍ത്തുന്നതെങ്കില്‍ വളരാനാവശ്യമായ ലൈറ്റ് നല്‍കുക.
പൂക്കള്‍ പ്രത്യക്ഷപ്പെട്ടാല്‍ വിരലുകള്‍ കൊണ്ട് പരാഗണം നടത്തുക. പൂര്‍ണമായും പഴുത്താല്‍ മാത്രം വിളവെടുക്കുക. പറിച്ചെടുത്ത് പഴുപ്പിക്കാവുന്ന പഴമല്ല ഇത്.