ലണ്ടനില്‍ എയര്‍ഹോസ്റ്റസ് പരിശീലനം നേടിയ ഭാരതി കൃഷിക്കാരിയായി; ഈ ദമ്പതികള്‍ നേടുന്നത് ഇരട്ടിവരുമാനം
ഒരുപാട് ആലോചനകള്‍ക്ക് ശേഷമാണ് സ്വന്തം ജന്മനാടിന്റെ വിളിയാണെന്ന് തീരുമാനിച്ച് ഗ്രാമത്തിലേക്ക് ഈ ദമ്പതികള്‍ മടങ്ങിയത്. ഇവരുടെ തീരുമാനം വിഡ്ഢിത്തമാണെന്ന് പലരും പറഞ്ഞെങ്കിലും സ്വന്തം തീരുമാനത്തില്‍ ഇവര്‍ ഉറച്ചു നിന്നു. സ്വന്തം കുഞ്ഞ് ആരോഗ്യകരമായ അന്തരീക്ഷത്തില്‍ വളരണമെന്നതും ഇവരുടെ ആഗ്രഹമായിരുന്നു.
2017 -ല്‍ ഭാര്യയും ഭര്‍ത്താവും ലണ്ടനില്‍ നിന്നും തൊഴില്‍ ഉപേക്ഷിച്ച് സ്വന്തം ഗ്രാമത്തിലേക്ക് മടക്കം. പിന്നീട് യഥാര്‍ഥ ഗ്രാമവാസികളായുള്ള പച്ചയായ ജീവിതം. ജീവിതോപാധിയായി തെരഞ്ഞെടുത്തത് ജൈവകൃഷിയും. ഇതാണ് രാംദെയ്ക്കും ഭാരതി ഖുതിക്കും ഇവരുടെ അഞ്ചു വയസുകാരന്‍ മകനും പറയാനുള്ള കഥ.
ഗുജറാത്തിലെ പോര്‍ബന്തര്‍ ജില്ലയിലെ ബെറാന്‍ എന്ന ഗ്രാമത്തിലാണ് രാംദെ ഖുതി ജനിച്ചത്. ലണ്ടനിലെ സുഖകരമായ കുടുംബജീവിതത്തിന് വിരാമമിട്ട് സ്വന്തം ഗ്രാമത്തിലേക്ക് തിരിച്ചുവരാനുള്ള പ്രചോദനം ഈ ഗ്രാമത്തിലെ ഊഷ്‍മളമായ അനുഭവങ്ങള്‍ തന്നെ. കുട്ടിക്കാലം മുതല്‍ സമാധാനാന്തരീക്ഷത്തില്‍ വളര്‍ന്ന ഇദ്ദേഹത്തിന് നാടിനോട് എന്നും പ്രതിപത്തി തന്നെയാണ്.
'2010 -ലാണ് ഞങ്ങള്‍ ലണ്ടനില്‍ പോകുന്നത്. വിവാഹം കഴിഞ്ഞ് ആറുമാസങ്ങള്‍ക്ക് ശേഷം. ലണ്ടനിലെത്തിയപ്പോള്‍ ഞാന്‍ ട്രാവല്‍ ആന്റ് ടൂറിസത്തില്‍ ബാച്ചിലര്‍ ഡിഗ്രി നേടി. സുന്ദര്‍ലാന്റ് യൂണിവേഴ്‌സിറ്റിയിലായിരുന്നു പഠനം. രാംദേയ്ക്ക് റീട്ടെയ്ല്‍ മാനേജറായി ഉയര്‍ന്ന വരുമാനമുള്ള ജോലിയുമുണ്ടായിരുന്നു' ഭാരതി തങ്ങളുടെ ജീവിതത്തെക്കുറിച്ച് പറഞ്ഞു തുടങ്ങുന്നു. 'ഈസ്റ്റ് ലണ്ടനിലെ സ്ട്രാറ്റ്‌ഫോര്‍ഡിലാണ് ഞങ്ങള്‍ താമസിച്ചിരുന്നത്. പക്ഷേ, ഞങ്ങള്‍ക്ക് തിരിച്ച് ഗ്രാമത്തിലേക്ക് വരാന്‍ തന്നെയായിരുന്നു താല്‍പര്യം. ലണ്ടനിലെ പൗരന്‍മാരാകന്‍ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല.' ഭാരതി തുടരുന്നു.
മകന്‍ ഓം ജനിച്ച ശേഷമാണ് തങ്ങളുടെ ഭാവിയെപ്പറ്റി ഗൗരവതരമായി ആലോചിച്ചത്. 'എന്റെ ഭര്‍ത്താവിന്റെ അച്ഛന്റെ ആരോഗ്യസ്ഥിതി വളരെ മോശമായിരുന്നു. രാംദേ ഇന്ത്യയിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹിച്ചു. ആ സമയത്ത് ഞാന്‍ ബ്രിട്ടീഷ് എയര്‍വേസില്‍ എയര്‍ഹോസ്റ്റസ് ആകാനുള്ള പരിശീലനത്തിലായിരുന്നു. ഇന്ത്യയിലേക്ക് തിരിച്ചു വന്നപ്പോള്‍ അത്രയും കാലം കഷ്ടപ്പെട്ടുണ്ടാക്കിയ ജോലിയിലെ ഉയര്‍ച്ചയും അനുഭവസമ്പത്തുമെല്ലാം ഉപേക്ഷിക്കേണ്ടി വന്നു' ഭാരതി ഓര്‍ത്തെടുക്കുന്നു.
വേരുകള്‍ തേടിയുള്ള മടക്കയാത്ര
ഒരുപാട് ആലോചനകള്‍ക്ക് ശേഷമാണ് സ്വന്തം ജന്മനാടിന്റെ വിളിയാണെന്ന് തീരുമാനിച്ച് ഗ്രാമത്തിലേക്ക് ഈ ദമ്പതികള്‍ മടങ്ങിയത്. ഇവരുടെ തീരുമാനം വിഡ്ഢിത്തമാണെന്ന് പലരും പറഞ്ഞെങ്കിലും സ്വന്തം തീരുമാനത്തില്‍ ഇവര്‍ ഉറച്ചു നിന്നു. സ്വന്തം കുഞ്ഞ് ആരോഗ്യകരമായ അന്തരീക്ഷത്തില്‍ വളരണമെന്നതും ഇവരുടെ ആഗ്രഹമായിരുന്നു.
ആഗസ്റ്റ് 2015 -ലാണ് ദമ്പതികള്‍ ഇന്ത്യയിലേക്ക് തിരിച്ചത്. 200 -ല്‍ക്കൂടുതല്‍ കുടുംബങ്ങള്‍ താമസിക്കുന്ന ഗ്രാമമായ ബെറാനില്‍ കൃഷി വ്യാപകമായുണ്ടായിരുന്നു. രാസകീടനാശിനി ഉപയോഗിച്ചായിരുന്നു ഇവരുടെ ഭൂരിഭാഗം കൃഷിയും. രാംദെയും ഭാര്യയും ഇത്തരം അനാരോഗ്യകരമായ കൃഷിരീതികള്‍ ഉപേക്ഷിച്ച് പൂര്‍ണമായും പ്രകൃതിദത്തമായ മാര്‍ഗങ്ങളിലൂടെയുള്ള കൃഷിരീതിക്ക് തുടക്കമിട്ടു.
ഏകദേശം ഏഴ് ഏക്കറോളമുള്ള കൃഷിഭൂമിയില്‍ ആദ്യമായി നിലക്കടല, ജീരകം, മല്ലി, എള്ള്, കന്നുകാലികള്‍ക്കുള്ള പുല്ല് എന്നിവയാണ് കൃഷിചെയ്തത്. രാസവളങ്ങളെയും കീടനാശിനികളെയും ഒഴിവാക്കി വീട്ടില്‍ത്തന്നെയുണ്ടാക്കിയ ജൈവഉത്പന്നങ്ങള്‍ ഉപയോഗിച്ചു. അതേസമയം തന്നെ എരുമകളെ വാങ്ങുകയും പരമ്പരാഗതമായ കന്നുകാലി വളര്‍ത്തല്‍ തുടങ്ങുകയും ചെയ്തു.
യുട്യൂബിലും സോഷ്യല്‍ മീഡിയയിലും സജീവം
'ഞങ്ങള്‍ രണ്ടുപേരും മുഴുവന്‍ സമയവും കൃഷിയില്‍ ഏര്‍പ്പെട്ടപ്പോള്‍ എനിക്ക് എന്റേതായി എന്തെങ്കിലും ചെയ്യണമെന്ന് തോന്നി. അങ്ങനെയാണ് ഞാന്‍ ഈ ഗ്രാമത്തിലെ ജീവിതം വീഡിയോ ആയി റെക്കോര്‍ഡ് ചെയ്‍ത് ഈ മനോഹാരിത ആളുകള്‍ക്ക് കാണിച്ചുകൊടുത്തത്. ആളുകള്‍ക്ക് ഗ്രാമജീവിതത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണ മാറ്റാന്‍ ഈ വീഡിയോകള്‍ സഹായിച്ചു.' ഭാരതി പറയുന്നു.
2017 -ലാണ് വ്‌ളോഗ് ആരംഭിച്ചത്. പ്രതീക്ഷിക്കാത്ത തരത്തിലുള്ള ജനസമ്മതിയാണ് ഇവരുടെ യുട്യൂബ് വീഡിയോകള്‍ക്ക് ലഭിച്ചത്. ഇപ്പോള്‍ 4.5 ലക്ഷം ഉപഭോക്താക്കള്‍ ഇവരുടെ യുട്യൂബ് ചാനലിനുണ്ട്. ഫേസ്ബുക്ക് ,ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം എന്നിവയിലും നിരവധി ആളുകള്‍ പിന്തുടരുന്നുണ്ട്.
'ഞങ്ങളുടേത് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ സന്ദര്‍ശകരുള്ള ചാനലായി മാറി. ഒരുപക്ഷേ ഗുജറാത്തിലെ ഓരേയൊരു കുടുംബ വ്‌ളോഗ് ഇതായിരിക്കും. ധാരാളം ആളുകള്‍ ഞങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് കൃഷിയിലേക്കിറങ്ങി' ഭാരതിയുടെ വാക്കുകളില്‍ തികഞ്ഞ ആത്മവിശ്വാസമാണ് പ്രകടമാകുന്നത്.
രാജ്യത്തിന്റെ പലഭാഗങ്ങളിലുമുള്ള ആയിരക്കണക്കിന് ആളുകള്‍ക്ക് ഇവരുടെ കൃഷി പ്രചോദനമായി. ഇവര്‍ക്ക് ലഭിക്കുന്നത് ഏകദേശം എട്ട് ലക്ഷത്തോളം വാര്‍ഷികവരുമാനമാണ്. ലണ്ടനില്‍ ലഭിച്ചതിനേക്കാള്‍ വരുമാനം എളുപ്പത്തില്‍ ഇവര്‍ ഉണ്ടാക്കുന്നുവെന്നതാണ് ഏറ്റവും ശ്രദ്ധേയം.