ലോക്ക് ഡൗൺ കാലം; വീട്ടിൽ പച്ചക്കറിയും പഴവും നിറച്ച ബോക്സുകളെത്തിക്കുന്ന സ്റ്റാർട്ടപ്പ്, കർഷകർക്കും ആശ്വാസം
ഗ്രാമത്തിലുള്ള കര്‍ഷകരെയും നഗരത്തിലുള്ള ഉപഭോക്താക്കളെയും ബന്ധിപ്പിക്കുക എന്നതാണ് അഗ്രിഫൈ ചെയ്യുന്നത്. വാട്ട്സാപ്പിലൂടെയാണ് പലപ്പോഴും ആവശ്യക്കാരെത്തുന്നത്.
21 ദിവസത്തെ ലോക്ക് ഡൌണ്‍ തുടരുകയാണ് രാജ്യത്ത്. കേരളത്തില്‍ സ്വതവേ കാര്യങ്ങള്‍ സര്‍ക്കാരിന്‍റെ മേല്‍നോട്ടത്തില്‍ മെച്ചപ്പെട്ടാണ് പ്രവര്‍ത്തിക്കുന്നത്. അവശ്യസാധനങ്ങളുടെ ലഭ്യതയും ആഹാരവുമെല്ലാം സര്‍ക്കാര്‍ ഉറപ്പുവരുത്തുന്നുണ്ട്. എന്തിരുന്നാലും രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും പച്ചക്കറികളടക്കമുള്ളവ കിട്ടാന്‍ ചിലപ്പോള്‍ ബുദ്ധിമുട്ട് വന്നേക്കാം. അത്യാവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറന്നുതന്നെ പ്രവര്‍ത്തിക്കണം എന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. ഏതായാലും അതില്‍നിന്നും ഒരുപടി കൂടി മുന്നോട്ട് കടന്ന് ചില പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ് ഈ യുവാക്കളും അവരുടെ സംരംഭവും.
മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ ആവശ്യാനുസരണം പച്ചക്കറി വിപണികള്‍ തുറന്നിരിക്കണം എന്ന് പറഞ്ഞിട്ടുണ്ട്. മുംബൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന അഗ്രിഫൈ ഓര്‍ഗാനിക് സൊല്യൂഷന്‍ എന്ന സ്റ്റാര്‍ട്ടപ്പ് പച്ചക്കറികളും പഴങ്ങളും ആവശ്യക്കാരുടെ വീടുകളിലെത്തിക്കുകയാണ്. നാസിക്കിലെ അഞ്ഞൂറോളം കര്‍ഷകരെ കൂടി ഉള്‍പ്പെടുത്തിയാണ് അവരിത് ചെയ്യുന്നത്.
11 കിലോ വരുന്ന ഒരു ബോക്സിന് 650 രൂപയാണ് വില. അതില്‍ ഉള്ളി, ഉരുളക്കിഴങ്ങ്, തക്കാളി, ബീറ്റ്റൂട്ട്, വെണ്ടയ്ക്ക, കാരറ്റ്, ഗ്രീന്‍പീസ്, കാബേജ്, കക്കിരി, നാരങ്ങ, വിവിധ പഴങ്ങള്‍ എന്നിവയെല്ലാം അടങ്ങിയിരിക്കുന്നു. രണ്ടാമത്തെ പച്ചക്കറി മാത്രം അടങ്ങിയിരിക്കുന്ന ബോക്സിന് 550 രൂപയാണ് വില. മൂന്നാമത് ഉള്ളിയും ഉരുളക്കിഴങ്ങും ഇല്ലാത്ത ബോക്സാണ്. അതിന് 600 രൂപയാണ് വില.
വിവിധ സൂപ്പര്‍മാര്‍ക്കറ്റുകളിലേക്കും അഗ്രിഫൈ പച്ചക്കറികളെത്തിക്കുന്നുണ്ട്. ഗ്രാമത്തിലുള്ള കര്‍ഷകരെയും നഗരത്തിലുള്ള ഉപഭോക്താക്കളെയും ബന്ധിപ്പിക്കുക എന്നതാണ് അഗ്രിഫൈ ചെയ്യുന്നത്. വാട്ട്സാപ്പിലൂടെയാണ് പലപ്പോഴും ആവശ്യക്കാരെത്തുന്നത്. സോഷ്യല്‍മീഡിയയില്‍ പച്ചക്കറിയെത്തിക്കുമെന്ന സന്ദേശം പങ്കുവച്ചതിന് തൊട്ടുപിന്നാലെ ഒറ്റദിവസം കൊണ്ടുതന്നെ പതിനയ്യായിരത്തോളം പേരാണത്രെ കാര്യമന്വേഷിച്ച് വിളിച്ചത്. പെട്ടെന്ന് തന്നെ 10,000 ഓര്‍ഡറെടുത്തു. 28 മുതലാണ് ഡെലിവറി തുടങ്ങിയത്.
ശുചിത്വം കൃത്യമായി പാലിച്ചുകൊണ്ടാണ് പച്ചക്കറികള്‍ ആവശ്യക്കാരിലെത്തുന്നത്. മാത്രവുമല്ല, ലോക്ക് ഡൌണില്‍ വലഞ്ഞിരിക്കുന്ന കര്‍ഷകര്‍ക്കും തങ്ങളുടെ ഉത്പ്പന്നങ്ങള്‍ ആവശ്യക്കാരിലെത്തിക്കാനും പട്ടിണിയില്ലാതെ ഈ കാലം കഴിയാനും ഇതുവഴി സാധിക്കുന്നു.