കൊച്ചിന്‍ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ 'സിംഗപ്പൂര്‍ ഡെയ്‍സി' നട്ടുപിടിപ്പിക്കാന്‍ അധികൃതര്‍, പാരിസ്ഥിതിക പ്രത്യാഘാതമുണ്ടാകുമെന്ന് വിദഗ്ദര്‍
രണ്ടാമതായി തദ്ദേശീയരായ മറ്റൊരു സസ്യത്തേയും ആ പ്രദേശത്ത് പിന്നെ വളരാന്‍ ഈ സിംഗപ്പൂര്‍ ഡെയ്‍സി അനുവദിക്കില്ല എന്നതാണ്. എല്ലാത്തിന്‍റെ വളര്‍ച്ചയേയും ഇത് തടയും. ആ പ്രദേശത്താകെ ഈ ചെടി മാത്രമാകും.
ലോകത്തിലെ നൂറ് അധിനിവേശ സ്‍പീഷീസുകളുടെ പട്ടികയില്‍ പെടുന്ന ഒരു സസ്യമാണ് സിംഗപ്പൂര്‍ ഡെയ്‍സി. വെഡേലിയ എന്നും അമ്മിണിപ്പൂവ് എന്നും പേരുണ്ട് ഈ സസ്യത്തിന്. സംശയിക്കണ്ട, അലങ്കാരച്ചെടികളായും അല്ലാതെയും ഈ സസ്യത്തെ പലയിടത്തും നമ്മള്‍ കണ്ടിട്ടുണ്ടാകും. ഇപ്പോള്‍ ഈ സിംഗപ്പൂര്‍ ഡെയ്‍സി വാര്‍ത്തയിലെത്താന്‍ കാരണം വേറൊന്നുമല്ല. കൊച്ചി ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ഈ സസ്യം നട്ടുപിടിപ്പിക്കാന്‍ പോകുന്നുവെന്നതാണ് കാര്യം. എന്നാല്‍, മഞ്ഞപ്പൂവുകളോട് കൂടിയ ഈ സസ്യം പടര്‍ന്നുപന്തലിക്കുന്നത് വലിയ തോതിലുള്ള പാരിസ്ഥിതികവും സാമ്പത്തികവുമായ നഷ്‍ടമുണ്ടാക്കുമെന്നാണ് വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കുന്നത്.
വിമാനത്താവളത്തിന്റെ പ്രവർത്തന മേഖലയിൽ സിംഗപ്പൂർ ഡെയ്‌സിയുടെ വിതരണം, നടീൽ, പരിപാലനം, സ്ഥാപിക്കൽ എന്നിവയ്ക്കായി സിയാൽ ഈ മാസം ആദ്യം ടെൻഡർ നൽകിയിരുന്നു. 1.3 കോടി രൂപയുടെ ടെന്‍ഡറാണ് ഇതിനായി നല്‍കിയിരിക്കുന്നത്. 60 ഏക്കറിലായാണ് ഈ സസ്യം നട്ടുവളര്‍ത്തുകയെന്നാണ് സിയാല്‍ അധികൃതര്‍ പറയുന്നത്. മേഖലയില്‍ മൃഗങ്ങളോ പക്ഷികളോ കടന്നുവരാതിരിക്കാനുള്ള പ്രതിരോധമെന്നോണമാണ് സിംഗപ്പൂര്‍ ഡെയ്‍സി നട്ടുവളര്‍ത്തുന്നതെന്നാണ് സിയാല്‍ വക്താവ് അറിയിക്കുന്നത്. മാത്രമല്ല, ഇതിലൂടെ ലക്ഷ്യമിടുന്നത് യാത്രക്കാരുടെ സുരക്ഷയാണെന്നും അവര്‍ അറിയിക്കുന്നു.
മിക്ക രാജ്യാന്തര വിമാനത്താവളങ്ങളിലും ഈ സസ്യങ്ങള്‍ അലങ്കാരത്തിനായി നട്ടുവളര്‍ത്തുന്നുണ്ട്. കേരള കാര്‍ഷിക സര്‍വകലാശാലയുമായി ചര്‍ച്ചകള്‍ നടത്തിയ ശേഷമാണ് സിയാല്‍ ഇക്കാര്യം തീരുമാനിച്ചതെന്നാണ് പറയുന്നത്. എന്നാല്‍, ഈ സസ്യം നട്ടുവളര്‍ത്തുന്നതിലൂടെ പരിസ്ഥിതിക്ക് പ്രശ്‍നങ്ങളുണ്ടാകുമെന്നാണ് വിദഗ്ദാഭിപ്രായം.
കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ഡിപ്പാര്‍ട്മെന്‍റ് ഓഫ് ഫോറസ്റ്റ് എന്‍റമോളജി, പ്രിന്‍സിപ്പല്‍ സയന്‍റിസ്റ്റ് ഡോ. ടി.വി സജീവ് പറയുന്നതിങ്ങനെയാണ്: ഈ സസ്യം നട്ടുവളര്‍ത്തുന്നത് പരിസ്ഥിതിക്ക് ദോഷമാണുണ്ടാക്കുക. ഒന്നാമതായി ഒരിക്കല്‍ നട്ടുപിടിപ്പിച്ചുകഴിഞ്ഞാല്‍ അത് വല്ലാതെ വ്യാപിക്കും. പിന്നീട് ഇത്ര വലിയ സ്ഥലത്തുനിന്നും അതിനെ ഒഴിവാക്കുക എളുപ്പമല്ല. ഭൂമിക്കടിയിലൂടെ പടര്‍ന്നുപിടിക്കുന്ന സസ്യമാണിത്. മുകളില്‍ വെട്ടിമാറ്റിയാലും പിന്നേയും വളരും.
രണ്ടാമതായി തദ്ദേശീയരായ മറ്റൊരു സസ്യത്തേയും ആ പ്രദേശത്ത് പിന്നെ വളരാന്‍ ഈ സിംഗപ്പൂര്‍ ഡെയ്‍സി അനുവദിക്കില്ല എന്നതാണ്. എല്ലാത്തിന്‍റെ വളര്‍ച്ചയേയും ഇത് തടയും. ആ പ്രദേശത്താകെ ഈ ചെടി മാത്രമാകും.
മൂന്നാമതായി, ഈ നമ്മുടെ സസ്യങ്ങളില്‍ പരാഗണം നടത്താനായെത്തുന്ന ശലഭങ്ങള്‍ ഈ ചെടിയുടെ പൂക്കളിലേക്ക് ആകര്‍ഷിക്കപ്പെടുകയും, ഇവിടെയുള്ള സസ്യങ്ങളില്‍ ശലഭമെത്താതിരിക്കുകയും തത്ഫലമായി അതില്‍ പ്രത്യുല്‍പാദനം നടക്കാതിരിക്കുകയും ചെയ്യും.
നാലാമതായി, എയര്‍പോര്‍ട്ടില്‍ ഇത് കാണുന്നവര്‍ ഈ ചെടികള്‍ തങ്ങളുടെ വീടുകളിലും സ്ഥാപനങ്ങളിലും നട്ടുവളര്‍ത്താനുള്ള സാധ്യതയുണ്ട്.
എയര്‍പോര്‍ട്ട് അധികൃതര്‍ ഇത് നട്ടുവളര്‍ത്താന്‍ തീരുമാനമെടുത്തതിന് കാരണം ഇതാവുമ്പോള്‍ സംരക്ഷിക്കാന്‍ വലിയ ബുദ്ധിമുട്ടുകളില്ല എന്നതാകാം. പുല്‍ത്തകിടിയൊക്കെ അലങ്കാരത്തിനായി ഉണ്ടാക്കുമ്പോള്‍ അത് സംരക്ഷിച്ച് അതുപോലെ നിര്‍ത്താന്‍ വലിയ ബുദ്ധിമുട്ടാണ്. എന്നാല്‍, ഇതാകുമ്പോള്‍ പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ടതില്ല. വലിയ പരിപാലനമൊന്നും കൂടാതെ തന്നെ വളര്‍ന്നോളും. ഒപ്പം കാണാനും ഭംഗിയുണ്ട്. എന്നാല്‍, ഇങ്ങനെയൊരു തീരുമാനം പരിസ്ഥിതിക്ക് ഒട്ടും യോജിച്ച ഒന്നല്ലായെന്നും ഡോ. സജീവ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.
സിംഗപ്പൂര്‍ ഡെയ്‍സിയുടെ പ്രത്യേകതകള്‍
സൂര്യകാന്തിയുടെ കുടുംബത്തിൽ പെടുന്ന ചെടിയാണിത്. മധ്യ അമേരിക്കൻ സ്വദേശിയാണ്. അലങ്കാരച്ചെടികളായി പലയിടത്തും ഇവയെ കാണാം. കേരളത്തിൽ കാണപ്പെടുന്ന ചെറുസൂര്യകാന്തിയുമായി ഇവയ്ക്ക് സാദൃശ്യം തോന്നാം. മുപ്പത് സെന്‍റി മീറ്റര്‍ വരെ ഉയരം വെക്കുന്ന സസ്യമാണിത്. മഞ്ഞ നിറത്തിലുള്ള പൂവുകളാണിവയ്ക്ക്... വിത്തുകൾക്ക് സാധാരണയായി പ്രത്യുത്പാദനശേഷി ഇല്ല. പുതിയ ചെടികൾ തണ്ടിൽ നിന്നും പൊട്ടിമുളക്കുകയാണ് ചെയ്യുക. ഇതിനായി തണ്ടുകൾ വേർപിരിയുന്ന ഭാഗത്ത് വേരുകള്‍ കാണാം. താഴ്ന്ന പ്രദേശങ്ങളിലെ ആർദ്രതയും നീർവാർച്ചയുമുള്ള മണ്ണിൽ സൂര്യപ്രകാശം നന്നായി ലഭിക്കുന്ന സ്ഥലത്തുമാണ് സിംഗപ്പൂര്‍ ഡെയ്‍സി പെട്ടെന്ന് നന്നായി വളരുക. കൃഷിയിടങ്ങളിലും നഗരങ്ങളിലും തുടങ്ങി മിക്കയിടങ്ങളിലും നമുക്കിവയെ കാണാവുന്നതാണ്.
ഒരിക്കൽ പടർന്ന് പിടിച്ചാൽ മറ്റുള്ള ചെടികളുടെ സ്വാഭാവിക വളർച്ചയെ തടസ്സപ്പെടുത്താൻ ശേഷിയുള്ളത്ര കട്ടിയുള്ള പരവതാനി പോലെയാണ് ഇവ വളരുക. ശാന്തസമുദ്ര ദ്വീപുകൾ, ഹോങ്‌കോങ്, ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ, ഇൻഡോനേഷ്യ, ശ്രീലങ്ക എന്നിവിടങ്ങളിലെല്ലാം സിംഗപ്പൂര്‍ ഡെയ്‍സിയെ അധിനിവേശസസ്യമായിട്ടാണ് കണക്കാക്കുന്നത്. കേരളത്തിലും അധിനിവേശസസ്യമായി അറിയപ്പെടുന്നുണ്ടിവ. (വിവരങ്ങള്‍ക്ക് കടപ്പാട് വിക്കിപീഡിയ)