പച്ചക്കറികളേക്കാള്‍ ലാഭം ചെമ്മീന്‍കൃഷി; ഇത് പഞ്ചാബിലെ കര്‍ഷകരുടെ വിജയഗാഥ

മുക്ത്‌സറില്‍ കഴിഞ്ഞ വര്‍ഷം 66.5 ഏക്കറിലുണ്ടായിരുന്ന കൃഷി ഈ വര്‍ഷം 138 ഏക്കറിലേക്ക് വ്യാപിപ്പിക്കാന്‍ കഴിഞ്ഞു. ഇവിടെ ഏകദേശം 88000 ഹെക്ടര്‍ സ്ഥലത്തുള്ള വെള്ളം ഉപ്പുരസമുള്ളതാണ്. അതുകൊണ്ടുതന്നെ അക്വാകള്‍ച്ചര്‍ പ്രാവര്‍ത്തികമാക്കാന്‍ ഏറ്റവും യോജിച്ച ഭൂമിയാണ് ഇവിടം.
 

Shrimp Farming is more profitable

പഞ്ചാബിലെ മുക്ത്‌സര്‍ ജില്ലയിലെ കര്‍ഷകനായ ലഖ് വീന്ദര്‍ സിങ്ങ് ഇന്ന് മികച്ച വരുമാനം കണ്ടെത്തുന്നത് വെള്ളത്തില്‍ നിന്നാണ്. ഇദ്ദേഹം താമസിക്കുന്ന പ്രദേശത്ത് ഉപ്പുരസം നിറഞ്ഞ വെള്ളം കെട്ടിക്കിടക്കുന്നത് കാരണം പരമ്പരാഗത വിളകളായ നെല്ലും ഗോതമ്പുമൊന്നും കൃഷി ചെയ്യാന്‍ കഴിയാതെ ബുദ്ധിമുട്ടുകയായിരുന്നു. ചെമ്മീന്‍ കൃഷിയില്‍ നിന്ന് എങ്ങനെ വരുമാനമുണ്ടാക്കാമെന്നാണ് ലഖ് വീന്ദറിനെപ്പോലുള്ള നിരവധി കര്‍ഷകര്‍ കാണിച്ചുതരുന്നത്.

അക്വാകള്‍ച്ചര്‍ ഉപയോഗിച്ച് എങ്ങനെ പാഴ്‌നിലങ്ങളില്‍ നിന്ന് മികച്ച വരുമാനം കണ്ടെത്താനാകുമെന്നാണ് ലഖ് വീന്ദര്‍ സിങ്ങ് ചിന്തിച്ചത്. മാല്‍വ മേഖലയിലെ മുക്ത്‌സര്‍, ഫാസില്‍ക്ക, ഫിറോസ്പൂര്‍, മാന്‍സ എന്നീ ജില്ലകളിലെ കര്‍ഷകര്‍ കൊഞ്ച് കൃഷിയിലേക്ക് ചുവടുമാറ്റം വെച്ചിരിക്കുന്നു. വിപണിയില്‍ കൂടുതല്‍ ആവശ്യക്കാരുള്ളതും കൂടുതല്‍ വരുമാനം നേടാന്‍ കഴിയുന്നതുമായ കൃഷിയാണിതെന്ന് ഇവര്‍ തെളിയിക്കുന്നു.

കഴിഞ്ഞ വര്‍ഷം 248 ഏക്കറില്‍ ഉണ്ടായിരുന്ന കൊഞ്ച് കൃഷി ഈ വര്‍ഷം 400 ഏക്കറിലേക്ക് മാറി. ഫിഷറീസ് വകുപ്പിന്റെ ഡയറക്ടറായ മദന്‍ മോഹന്‍ പറയുന്നത്, 'കൂടുതല്‍ വരുമാനം നേടാന്‍ കഴിയുമെന്ന് മനസിലാക്കിയതോടെ കൂടുതല്‍ കൂടുതല്‍ കര്‍ഷകര്‍ കൊഞ്ചുകൃഷിയിലേക്ക് മാറിക്കൊണ്ടിരിക്കുന്നു. 2016 -ല്‍ ഒരു ഏക്കറിലുണ്ടായിരുന്ന കൃഷിയാണ് ഇന്ന് 400 ഏക്കറിലേക്ക് വ്യാപിച്ചത്. ഈ വര്‍ഷം 500 ഏക്കര്‍ കൊഞ്ച് കൃഷിയാണ് ഞങ്ങളുടെ ലക്ഷ്യം.' എന്നാണ്. 

മുക്ത്‌സറില്‍ കഴിഞ്ഞ വര്‍ഷം 66.5 ഏക്കറിലുണ്ടായിരുന്ന കൃഷി ഈ വര്‍ഷം 138 ഏക്കറിലേക്ക് വ്യാപിപ്പിക്കാന്‍ കഴിഞ്ഞു. ഇവിടെ ഏകദേശം 88000 ഹെക്ടര്‍ സ്ഥലത്തുള്ള വെള്ളം ഉപ്പുരസമുള്ളതാണ്. അതുകൊണ്ടുതന്നെ അക്വാകള്‍ച്ചര്‍ പ്രാവര്‍ത്തികമാക്കാന്‍ ഏറ്റവും യോജിച്ച ഭൂമിയാണ് ഇവിടം.

പച്ചക്കറികളേക്കാള്‍ ലാഭം ചെമ്മീന്‍ കൃഷി തന്നെ

ജൂലൈ മുതല്‍ ഒക്ടോബര്‍ വരെയാണ് കൊഞ്ചുകൃഷി. ഒരു ഏക്കര്‍ ഭൂമിയില്‍ നിന്ന് ഏകദേശം 4000 കി.ഗ്രാം കൊഞ്ച് ഉത്പാദിപ്പിക്കാന്‍ കഴിയും. ഇത് ഒരു കിലോഗ്രാമിന് 350 രൂപ നിരക്കില്‍ വില്‍പ്പനയും നടത്താം.  ഒരു ഏക്കറില്‍ നിന്നും ഒരു സീസണില്‍ ചെലവ് മുഴുവന്‍ കഴിഞ്ഞ ശേഷം നാല് ലക്ഷത്തോളം രൂപ ലാഭമുണ്ടാക്കാന്‍ കഴിയുന്നു. സാധാരണ പച്ചക്കറികള്‍ ഉണ്ടാക്കി വിളവെടുത്താല്‍ ഇത്രയും ലാഭം നേടാന്‍ കഴിയില്ല.

അഗ്രോ-ഇക്കണോമിക് റിസര്‍ച്ച് സെന്ററിന്റെ ഡയറക്ടര്‍ ദവീന്ദര്‍ കുമാര്‍ പറയുന്നത് ഒരു ഏക്കറില്‍ നിന്നും നെല്ല് കൃഷി ചെയ്താല്‍ കര്‍ഷകന് ലഭിക്കുന്നത് 60000 രൂപയാണെന്നാണ്.

കുളം കുഴിക്കാന്‍ സബ്‌സിഡി

പഞ്ചാബില്‍ സംസ്ഥാന സര്‍ക്കാര്‍ 40 ശതമാനം സബ്‌സിഡി കൊഞ്ച് കൃഷി നടത്താനുള്ള കുളം നിര്‍മിക്കാന്‍ നല്‍കുന്നു. 'ഒരു ഹെക്ടര്‍ പ്രദേശത്ത് കൃഷി ചെയ്യാന്‍ 10 ലക്ഷമാണ് കര്‍ഷകന് ചെലവാകുന്ന തുക. അതില്‍ 4 ലക്ഷം സര്‍ക്കാര്‍ സബ്‌സിഡി നല്‍കുന്നു. 2018 -ല്‍ മുക്ത്‌സറിലെ കൃഷിഭൂമി 66 ഏക്കറായിരുന്നു. ഇപ്പോള്‍ 150 ഏക്കറിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു.' ഫിഷറീസ് വകുപ്പിലെ അസിസ്റ്റന്റ് ഡയറക്ടറായ രജീന്ദര്‍ കതാരിയ പറയുന്നു.

'കൊഞ്ച് കൃഷിയിലേക്ക് കര്‍ഷകരെ ആകര്‍ഷിക്കാനായി ഞങ്ങള്‍ പല ജില്ലകളിലും ബോധവത്കരണ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു. കര്‍ഷകരുടെ ഭാഗ്യരേഖ തെളിയിക്കാന്‍ തക്ക വരുമാനം നേടിത്തരുന്നതാണ് കൊഞ്ച് കൃഷി'  കതാരിയ പറയുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios