ലോക്ക്ഡൗൺ കാല കൃഷിപാഠം: കക്കിരി അഥവാ സലാഡ് വെള്ളരി അടുക്കളത്തോട്ടത്തില്‍
മിതമായ ചൂടുള്ള കാലാവസ്ഥയാണ് നല്ലത്. 40 ഡിഗ്രി സെല്‍ഷ്യസാണ് പരമാവധി താപനില. കുറഞ്ഞത് 20 ഡിഗ്രി സെല്‍ഷ്യസ് വേണം. ചെടി വളരാന്‍ ഏറ്റവും അനുയോജ്യമായത് 25 ഡിഗ്രി സെല്‍ഷ്യസിനും 30 ഡിഗ്രി സെല്‍ഷ്യസിനുമിടയിലാണ്.
വേനല്‍ക്കാലത്ത് കൃഷി ചെയ്യുന്ന പ്രധാനപ്പെട്ട വിളയാണ് കക്കിരി അഥവാ സലാഡ് വെള്ളരി. സലാഡില്‍ ഉപയോഗിക്കാനും വെറുതെ കറുമുറെ കടിച്ചു തിന്നാനും യോജിച്ച ഈ പച്ചക്കറി അല്‍പം ശ്രദ്ധിച്ചാല്‍ അടുക്കളത്തോട്ടത്തില്‍ വളര്‍ത്താം. 100 ഗ്രാം കക്കിരിയില്‍ 96.3 ശതമാനം ജലാംശം അടങ്ങിയിട്ടുണ്ട്. അതുകൊണ്ടു തന്നെ വേനല്‍ക്കാലത്ത് ശരീരത്തിലെ ജലാംശം നഷ്ടപ്പെടുമ്പോള്‍ കഴിക്കാന്‍ യോഗ്യമായ പച്ചക്കറിയാണിത്. 2.7 ശതമാനം കാര്‍ബോഹൈഡ്രേറ്റും 0.4 ശതമാനം പ്രോട്ടീനും വിറ്റാമിന്‍ ബിയും ഇതില്‍ അടങ്ങിയിരിക്കുന്നു.
രണ്ടുതരത്തിലുള്ള കക്കിരികള്‍
രണ്ടുതരത്തിലാണ് സലാഡ് വെള്ളരി സാധാരണ കാണുന്നത്. വൈനിങ്ങ് കുക്കുമ്പര്‍ എന്നറിയപ്പെടുന്ന ഇനത്തിന് വലിയ ഇലകളുണ്ടാകും. വളരെ വേഗത്തില്‍ വളരും. മതിലരികിലും വേലികളിലും പടര്‍ന്ന് വളരുകയും വളരെ എളുപ്പത്തില്‍ പറിച്ചെടുക്കാന്‍ കഴിയുകയും ചെയ്യും.
ബുഷ് കുക്കുമ്പര്‍ എന്നറിയപ്പെടുന്ന ഇനമാണ് അടുത്തത്. ഇതാണ് വീടുകളില്‍ സാധാരണയായി വളര്‍ത്തിക്കാണുന്നത്. ആറുമാസത്തിനുള്ളില്‍ വിളവെടുക്കാം.
എങ്ങനെ വളര്‍ത്താം?
മിതമായ ചൂടുള്ള കാലാവസ്ഥയാണ് നല്ലത്. 40 ഡിഗ്രി സെല്‍ഷ്യസാണ് പരമാവധി താപനില. കുറഞ്ഞത് 20 ഡിഗ്രി സെല്‍ഷ്യസ് വേണം. ചെടി വളരാന്‍ ഏറ്റവും അനുയോജ്യമായത് 25 ഡിഗ്രി സെല്‍ഷ്യസിനും 30 ഡിഗ്രി സെല്‍ഷ്യസിനുമിടയിലാണ്.
കൃഷി ചെയ്യാന്‍ യോജിച്ച ഭൂമി
നീര്‍വാര്‍ച്ചയുള്ള മണലും മണ്ണുമാണ് കൃഷി ചെയ്യാന്‍ യോജിച്ചത്. 5.5 നും 7 -നും ഇടയിലായിരിക്കണം പി.എച്ച് മൂല്യം.
നിലം ഒരുക്കാം
നിലം നന്നായി ഉഴുത് നിരപ്പാക്കണം. ഒരു ഹെക്ടര്‍ സ്ഥലത്ത് കൃഷി ചെയ്യുമ്പോള്‍ 15 മുതല്‍ 20 ടണ്‍ ചാണകപ്പൊടി മണ്ണില്‍ ചേര്‍ക്കുന്നത് നല്ലതാണ്. അടുക്കളത്തോട്ടത്തിലും ഗ്രോബാഗിലും ആണെങ്കില്‍ ആവശ്യാനുസരണം ചേര്‍ത്താല്‍ മതി.
ജനുവരി മുതല്‍ മാര്‍ച്ച് വരെയാണ് കൃഷി ചെയ്യാന്‍ നല്ലത്. ജൂണിലും ജൂലായിലും നടാം. ഒരു ഹെക്ടര്‍ സ്ഥലത്ത് കൃഷി ചെയ്യുമ്പോള്‍ രണ്ടു മുതല്‍ മൂന്ന് കിലോഗ്രാം വിത്ത് ആവശ്യമാണ്.
വിത്ത് വിതയ്ക്കുന്ന വിധം
1.5 മീറ്റര്‍ ആഴത്തില്‍ വിത്ത് വിതയ്ക്കണം. ഓരോ വരികള്‍ തമ്മിലും 1.5 മീറ്റര്‍ മുതല്‍ 2.5 മീറ്റര്‍ വരെ അകലമുണ്ടാക്കാം. ചെടികള്‍ തമ്മില്‍60 സെ.മീ മുതല്‍ 90 സെ.മീ വരെ അകലം നല്‍കാം. മഴക്കാലത്ത് നടുന്നത് നനയ്‌ക്കേണ്ട ആവശ്യമില്ല.
പാകമായാല്‍ രണ്ടോ മൂന്നോ ദിവസത്തെ ഇടവേളകളില്‍ പറിച്ചെടുക്കാം. ഒരു ഹെക്ടര്‍ സ്ഥലത്ത് നിന്ന് ലഭിക്കുന്ന ശരാശരി വിളവ് 200 മുതല്‍ 350 ക്വിന്റലാണ്.
അടുക്കളത്തോട്ടത്തില്‍ വളര്‍ത്താം
വിത്തുകള്‍ തലേദിവസം സ്യൂഡോമോണസ് ലായനിയില്‍ ഇട്ടുവെച്ചാല്‍ പെട്ടെന്ന് മുളപ്പിക്കാം. മൂന്നോ നാലോ ദിവസം കൊണ്ട് മുളപ്പിക്കാം. തൈകള്‍ നടുന്ന സ്ഥലം കിളച്ച് വെയില്‍ കൊള്ളിക്കണം. ചാണകപ്പൊടിയും വേപ്പിന്‍ പിണ്ണാക്കോ എല്ലുപൊടിയോ ചേര്‍ത്തും അടിവളമായി നല്‍കാം.
ദിവസത്തില്‍ രണ്ടു പ്രാവശ്യം നനയ്ക്കണം. ഒന്നര ആഴ്ച ഇടവിട്ട് ചാണകപ്പൊടി ഇട്ടുകൊടുക്കാം.