ഒറ്റക്കുലയിൽ തന്നെ നൂറുകണക്കിന് കുഞ്ഞുതേങ്ങകൾ!
15 വർഷം മുമ്പ് വെച്ച തെങ്ങുകളിലൊന്നിലാണ് ഈ അപൂർവ മാറ്റം കണ്ടത്. പത്തുമാസം മുമ്പ് വരെ സാധാരണ മറ്റ് തെങ്ങുകളെ പോലെ തന്നെ വലുപ്പത്തിൽ കായ്ഫലം ലഭിച്ച് വന്നിരുന്നു. ഇപ്പോൾ പത്തോളം കുലകളിലായി നിറയെ കായ്കളാണുള്ളത്.
മലപ്പുറം: വേങ്ങര കണ്ണമംഗലം നൊട്ടപ്പുറത്തെ പൂവിൽ കോയക്കുട്ടി ഹാജിയുടെ വീട്ടുവളപ്പിലെ തെങ്ങിന് താഴെയെത്തിയാൽ അന്തംവിട്ട് മുകളിലേക്ക് നോക്കിപ്പോകും. ഒറ്റക്കുലയിൽ കാണാനാകുന്നത് നൂറുകണക്കിന് കുഞ്ഞുതേങ്ങകൾ. ഒറ്റ നോട്ടത്തിൽ ഈത്തപ്പഴം കായ്ച്ച് നിൽക്കും പോലെ തോന്നിക്കുമെങ്കിലും നൂറുകണക്കിന് കൊച്ചുതേങ്ങകൾ ഒരു തെങ്ങിൽ കായ്ച്ച് നിൽക്കുകയാണിവിടെ.
കണ്ണമംഗലം നൊട്ടപ്പുറത്തെ പൂവിൽ കോയക്കുട്ടി ഹാജിയുടെ വീട്ടുവളപ്പിലെ തെങ്ങിലെ ഈ അപൂർവ പ്രതിഭാസം കാണാൻ ജനങ്ങളെത്തുന്നുമുണ്ട്. 15 വർഷം മുമ്പ് വെച്ച തെങ്ങുകളിലൊന്നിലാണ് ഈ അപൂർവ മാറ്റം കണ്ടത്. പത്തുമാസം മുമ്പ് വരെ സാധാരണ മറ്റ് തെങ്ങുകളെ പോലെ തന്നെ വലുപ്പത്തിൽ കായ്ഫലം ലഭിച്ച് വന്നിരുന്നു. ഇപ്പോൾ പത്തോളം കുലകളിലായി നിറയെ കായ്കളാണുള്ളത്.
നാലുമാസം മുമ്പ് പറമ്പിലെ മറ്റ് തെങ്ങുകൾക്കൊപ്പം ഈ തെങ്ങിൽ നിന്നും തേങ്ങ പറിച്ചിരുന്നു. പുതിയ പ്രതിഭാസത്തിന് ശേഷമുള്ള ചെറിയ തേങ്ങകൾ മൂപ്പെത്തിയിട്ടില്ല. ലക്ഷദീപ് മൈക്രോ ഇനത്തിൽപ്പെട്ട തെങ്ങുകളാണ് ഇത്തരത്തിൽ കായകൾ നൽകാറുള്ളതെന്നും ജനിതകമാറ്റം കാരണം ഇത്തരം പ്രതിഭാസമുണ്ടാകാമെന്നും കൃഷി അസി. ഡയറക്ടർ പ്രകാശൻ പുത്തൻ മഠത്തിൽ അറിയിച്ചു.