'വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കും'; മുഹമ്മദ് റാഫിയുടെ ഗാഗ് ഫ്രൂട്ട് കൃഷിയിടം സന്ദര്‍ശിച്ച് ചെന്നിത്തല
''തികച്ചും വ്യത്യസ്തമായ ഗാഗ് ഫ്രൂട്ട് ഓരു വെള്ളമൊഴുകുന്ന തീരദേശത്തെ പറമ്പില്‍ വളര്‍ത്തിയെടുക്കുക എന്നത് പ്രയാസകരമായ കാര്യമാണ്.''
ആലപ്പുഴ: ഹരിപ്പാട് സ്വദേശിയായ മുഹമ്മദ് റാഫിയുടെ ഗാഗ് ഫ്രൂട്ട് കൃഷിയിടം സന്ദര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കുമെന്നു പറഞ്ഞതു പോലെയാണ് മുഹമ്മദ് റാഫിയുടെ ഗാഗ് ഫ്രൂട്ട് കൃഷിയെന്ന് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. വ്യത്യസ്തമായ ഗാഗ് ഫ്രൂട്ട് ഓരു വെള്ളമൊഴുകുന്ന തീരദേശത്തെ പറമ്പില്‍ വളര്‍ത്തിയെടുക്കുക പ്രയാസകരമായ കാര്യമാണ്. എന്നാല്‍ റാഫിയുടെ നിശ്ചയദാര്‍ഢ്യവും കൃഷിയോടുള്ള കാഴ്ചപ്പാടുകളും കൃഷി വകുപ്പിന്റെ ഉപദേശങ്ങളും കൂടി ചേര്‍ന്നപ്പോള്‍ പരാജയപ്പെട്ട ദൗത്യം വിജയം കാണുകയായിരുന്നെന്ന് ചെന്നിത്തല പറഞ്ഞു.
രമേശ് ചെന്നിത്തലയുടെ കുറിപ്പ്: ''വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കുമെന്നു പറഞ്ഞതു പോലെയാണ് ഹരിപ്പാട് തൃക്കുന്നപ്പുഴ പള്ളി പാട്ട് നെടുംപറമ്പില്‍ വീട്ടില്‍ മുഹമ്മദ് റാഫിയുടെ ഗാഗ് ഫ്രൂട്ട് കൃഷി. വിയറ്റ്‌നാം ഫലമായ ഗാഗ് ഫ്രൂട്ട് തന്റെ വീടിന്റെ മട്ടുപ്പാവില്‍ പടര്‍ന്നു പന്തലിച്ചു വിവിധ വര്‍ണ്ണങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. തികച്ചും വ്യത്യസ്തമായ ഗാഗ് ഫ്രൂട്ട് ഓരു വെള്ളമൊഴുകുന്ന തീരദേശത്തെ പറമ്പില്‍ വളര്‍ത്തിയെടുക്കുക എന്നത് പ്രയാസകരമായ കാര്യമാണ്. എന്നാല്‍ റാഫിയുടെ നിശ്ചയദാര്‍ഢ്യവും കൃഷിയോടുള്ള വിവിധ കാഴ്ചപ്പാടുകളും കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ ഉപദേശങ്ങളും കൂടി ചേര്‍ന്നപ്പോള്‍ പല തവണ പരാജയപ്പെട്ട ദൗത്യം വിജയം കണ്ടു. മണ്ണില്‍ കിളിര്‍ത്ത ചെടിയെ മട്ടുപ്പാവിലേക്ക് പടര്‍ത്തിയതോടെ പ്രതീക്ഷകള്‍ക്കപ്പുറം വിളവിനൊരുങ്ങി നില്‍ക്കുകയാണ് ഗാഗ് ഫ്രൂട്ട്. ആത്മ സമര്‍പ്പണവും കഠിനാദ്ധ്വാനവും വീഴ്ചകളില്‍ നിന്നും പാഠങ്ങള്‍ ഉള്‍കൊള്ളാന്‍ മാനസികമായ കരുത്തുമ്മാര്‍ജ്ജിച്ചാല്‍ കര്‍മ്മമണ്ഡലത്തില്‍ ജയിച്ചു കയറാനാവുമെന്ന് മുഹമ്മദ് റാഫി തെളിയിച്ചിരിക്കുകയാണ്. മുഹമ്മദ് റാഫിയിലെ മാതൃകാ കൃഷിക്കാരന് എന്റെ അഭിനന്ദനങ്ങള്‍.''
കേരളത്തില്‍ അപൂര്‍വ്വമായി കൃഷി ചെയ്യുന്ന ഇനമാണ് ഗാഗ് ഫ്രൂട്ട്. തീരദേശത്തെ പറമ്പില്‍ പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ഗാഗ് ഫ്രൂട്ട് വളര്‍ത്തിയെടുക്കുക ശ്രമകരമായ പണിയായിരുന്നു. പലതവണ പരാജയപ്പെട്ടെങ്കിലും വ്യത്യസ്തമായ കൃഷി രീതികള്‍ ഇഷ്ടപ്പെടുന്ന മുഹമ്മദ് റാഫി പിന്‍മാറാന്‍ തയ്യാറായില്ല. ഒടുവില്‍ പ്രതീക്ഷിച്ചതിലും വിജയകരമാവുകയായിരുന്നു. വൈക്കം സ്വദേശി ആന്റണിയില്‍ നിന്നാണ് ഗാഗ് ഫ്രൂട്ടിന്റെ തൈകള്‍ റാഫി ശേഖരിച്ചത്. പഴത്തിന് ഒരു കിലോക്ക് മുകളില്‍ ഭാരമുണ്ട്. ഒരു പഴത്തിന് 1000 മുതല്‍ 1500 രൂപ വരെയാണ് വിപണി വില. നേരിയ ചവര്‍പ്പുണ്ടെങ്കിലും വിറ്റാമിന്‍ സി, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവയാല്‍ സമ്പന്നമാണ് ഗാഗ് ഫ്രൂട്ട്. ജ്യൂസ്, അച്ചാര്‍, സോസ് എന്നിവയും ഉണ്ടാക്കാന്‍ സാധിക്കും. ഇലകളും തോടും ഭക്ഷ്യയോഗ്യമാണ്.