ഒഡീഷയിലെ ഈ ജൈവകർഷകൻ കൃഷിയിലൂടെ നേടുന്നത് വർഷം 18 ലക്ഷം!

മീനുകളെ വളര്‍ത്താന്‍ രണ്ട് കുളങ്ങള്‍ നിര്‍മ്മിച്ചു. പൗള്‍ട്രിഫാം തുടങ്ങി. മീന്‍, മുട്ട, കോഴി ഇവയെ എല്ലാം വില്‍ക്കുന്നത് അദ്ദേഹത്തിന് കൂടുതല്‍ വരുമാനം നേടിക്കൊടുത്തു. അതുപോലെ തന്നെ വിവിധ മെഷീനുകള്‍ വാങ്ങി.
 

organic farmer from Kalahandi Odisha earns 18 Lakh per year

ഒഡീഷയിലുള്ള കൃഷ്‍ണ നാഗിന് എപ്പോഴും പ്രകൃതിയോട് പ്രണയമായിരുന്നു. 1996 -ല്‍ ഡ്രൈവറായി ജോലി നോക്കുകയായിരുന്നു കൃഷ്ണ നാഗ്. അതോടൊപ്പം തന്നെ മരങ്ങള്‍ക്കും ചെടികള്‍ക്കും പൂക്കള്‍ക്കും ഒപ്പം സമയം ചെലവഴിക്കാനും അദ്ദേഹം സമയം കണ്ടെത്ത്. ഒരു പതിറ്റാണ്ടിന് ശേഷം 2006 -ല്‍ കാലഹണ്ടിയില്‍ നിന്നുള്ള കൃഷ്‍ണ പ്രകൃതിയോടുള്ള തന്‍റെ പ്രണയത്തെ കുറിച്ച് ഗൗരവമായി ചിന്തിച്ച് തുടങ്ങി. അങ്ങനെ മരങ്ങള്‍ നട്ടുവളര്‍ത്തണമെന്ന് ആഗ്രഹിച്ച അദ്ദേഹം തനിക്ക് പാരമ്പര്യമായി ലഭിച്ച 0.25 ഏക്കര്‍ സ്ഥലത്ത് 50 മാവുകള്‍ നട്ടുപിടിപ്പിച്ചു. 

ജൈവകൃഷിരീതിയാണ് അദ്ദേഹം പിന്തുടര്‍ന്നത്. അതിനദ്ദേഹം കാരണമായി പറഞ്ഞത് കുറഞ്ഞ ചെലവും പിന്നെ ആരോഗ്യകാര്യത്തിലെ ശ്രദ്ധയും കണക്കിലെടുത്താണ്. എന്തായാലും മാവ് വളര്‍ന്ന് അതില്‍ നിന്നും ഫലം കിട്ടിത്തുടങ്ങണമെങ്കില്‍ കുറച്ച് വര്‍ഷങ്ങളെടുക്കും. അതിനാല്‍, അതിനിടയില്‍ തക്കാളി, മുളക് എന്നിവയെല്ലാം മാവുകള്‍ക്കിടയില്‍ വളര്‍ത്താമെന്ന് അദ്ദേഹം തീരുമാനിച്ചു. അങ്ങനെ ഇടവിളകൃഷിയുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ച അദ്ദേഹം ഫാമിന്‍റെ അതിരുകളില്‍ തെങ്ങുകളും നട്ടുതുടങ്ങി. അപ്പോഴേക്കും കൃഷിയിലൂടെ സ്ഥിരത നേടാനും വരുമാനം നേടാനും അദ്ദേഹം തീരുമാനിച്ചിരുന്നു. 

പയ്യെപ്പയ്യെ അദ്ദേഹം പൂര്‍ണമായും കൃഷിയിലേക്ക് തിരിഞ്ഞു. ആദ്യത്തെ തവണ മുളക് വിളവെടുത്തപ്പോള്‍ തന്നെ 2.6 ലക്ഷം രൂപ കിട്ടിയതായി അദ്ദേഹം പറയുന്നു. പിന്നീട് കൃഷി ചെയ്യുന്ന സ്ഥലം കൂട്ടി. കൃഷി 11 ഏക്കറിലേക്ക് വ്യാപിപ്പിച്ചു. പലതരം പച്ചക്കറികളും പഴങ്ങളും വളര്‍ത്തി. മീന്‍ വളര്‍ത്തി. ഒരു വര്‍ഷം 18 ലക്ഷം രൂപ വരെ നേടാന്‍ അദ്ദേഹത്തെ ഇത് സഹായിച്ചു. സ്റ്റേറ്റ് അഗ്രികള്‍ച്ചര്‍ ഡിപാര്‍ട്മെന്‍റ് അദ്ദേഹത്തെ അഭിനന്ദിച്ചു. മറ്റ് കര്‍ഷകര്‍ക്ക് അദ്ദേഹം പ്രചോദനമായി. 

സ്റ്റേറ്റ് സര്‍ക്കാര്‍ പ്രോഗ്രാമായ ഹോര്‍ട്ടികള്‍ച്ചര്‍ മിഷനില്‍ നിന്നുമാണ് അദ്ദേഹത്തിന് നല്ല രീതിയില്‍ കൃഷി ചെയ്യാനുള്ള പരിശീലനം കിട്ടിയത്. അവിടെനിന്നുമാണ് സ്ഥലം എങ്ങനെ ഫലപ്രദമായി വിനിയോഗിക്കാം, എങ്ങനെ വിജയകരമായി ജൈവകൃഷി നടത്താം എന്നെല്ലാം അദ്ദേഹം പഠിച്ചത്. ആദ്യത്തെ തവണ വിജയിച്ചപ്പോള്‍ നട്ടുവളര്‍ത്തുന്ന ഇനങ്ങളും ഭൂമിയും വര്‍ധിപ്പിച്ചു. 

എന്നാലും ആ യാത്ര ഒട്ടും എളുപ്പമായിരുന്നില്ല എന്നും അദ്ദേഹം പറയുന്നു. വരണ്ട, കട്ടിയുള്ള മണ്ണായിരുന്നു ആ പ്രദേശത്തേത്. സാധാരണയായി നെല്ലാണ് അവിടെ വളര്‍ത്തിയിരുന്നത്. അച്ഛനും മുത്തച്ഛനും ആദ്യം പറഞ്ഞത് അവിടെ പച്ചക്കറിയും പഴങ്ങളും നടാന്‍ തനിക്ക് ഭ്രാന്താണ് എന്നാണ്. അങ്ങനെ കൃഷ്ണ നാഗ് മണ്ണ് വാങ്ങി ഗ്രൗണ്ട് ലെവല്‍ വര്‍ധിപ്പിച്ചു. അത്തരം മാറ്റങ്ങള്‍ വരുത്തിയപ്പോള്‍ അദ്ദേഹത്തിന് എന്തോ പ്രശ്നമുണ്ട് എന്നാണ് അവരെല്ലാം പറഞ്ഞുപോന്നത്. എന്നാൽ, അദ്ദേഹം തന്റെ ബോധ്യങ്ങളിൽ മുന്നോട്ട് പോയി.

നല്ല കൃഷിരീതി പഠിക്കുന്നതിനായി ഗുജറാത്ത്, മഹാരാഷ്ട്ര, തമിഴ്നാട്, ഛത്തീസ്‌ഗഢ് തുടങ്ങി രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും യാത്ര ചെയ്‍തു. 2019 -ല്‍ ഡ്രിപ് ഇറിഗേഷനെ കുറിച്ച് പഠിച്ചു. മീനുകളെ വളര്‍ത്താന്‍ രണ്ട് കുളങ്ങള്‍ നിര്‍മ്മിച്ചു. പൗള്‍ട്രിഫാം തുടങ്ങി. മീന്‍, മുട്ട, കോഴി ഇവയെ എല്ലാം വില്‍ക്കുന്നത് അദ്ദേഹത്തിന് കൂടുതല്‍ വരുമാനം നേടിക്കൊടുത്തു. അതുപോലെ തന്നെ വിവിധ മെഷീനുകള്‍ വാങ്ങി.

50 മരങ്ങളിൽ നിന്ന് 2,000-3,000 മാമ്പഴം വിളവെടുക്കുന്നുവെന്ന് കൃഷ്ണ പറയുന്നു. 30 കിലോ തക്കാളി ഉത്പാദിപ്പിക്കും, ഏഴ് കിലോ മുളക് കിട്ടും. തണ്ണിമത്തന് ഒരെണ്ണത്തിന് 12 കിലോ വരെ ഭാരം വരും. മൊത്തം വരുമാനം ഏക്കറിന് ആറ് ലക്ഷം രൂപയാണ്, അതിൽ നാല് ലക്ഷം രൂപ ലാഭമാണ് എന്നും അദ്ദേഹം പറയുന്നു. കഠിനാധ്വാനമാണ് ഈ വിജയത്തിന് കാരണം എന്നും അദ്ദേഹം പറയുന്നുണ്ട്.

ഏതായാലും കൃഷ്ണ നാഗിന്‍റെ കൃഷിയിലെ ഈ വിജയം മറ്റ് കര്‍ഷകര്‍ക്കും അഗ്രികള്‍ച്ചറല്‍ മേഖലയിലെ ഉദ്യോഗസ്ഥര്‍ക്കും മറ്റും വലിയ മതിപ്പാണ് ഉണ്ടാക്കിക്കൊടുത്തിരിക്കുന്നത്. 

(വിവരങ്ങൾക്ക് കടപ്പാട്: ദ ബെറ്റർ ഇന്ത്യ)

Latest Videos
Follow Us:
Download App:
  • android
  • ios