തക്കാളിയുടെ സീസണ്‍ അല്ല എങ്കിലും ഇഷ്ടംപോലെ വിളവെടുക്കാം, ഇങ്ങനെ
ചെടികള്‍ പൂര്‍ണമായും വൈറസ് രോഗങ്ങളില്‍ നിന്ന് മുക്തമാണെന്ന് ഉറപ്പു വരുത്തണം. തക്കാളിത്തൈകള്‍ 25 മുതല്‍ 30 വരെ ദിവസങ്ങള്‍ക്കുള്ളില്‍ പറിച്ചുനടാന്‍ അനുയോജ്യമായിരിക്കും. അതിരാവിലെയോ വൈകുന്നേരമോ മാറ്റിനടുന്നതാണ് നല്ലത്.
യുവതലമുറയ്ക്ക് പൊതുവേ പരമ്പരാഗത കൃഷിരീതികളോടുള്ളതിനേക്കാള്‍ താല്‍പര്യം പെട്ടെന്ന് വിളവ് ലഭിക്കാനുള്ള മാര്‍ഗങ്ങള്‍ അവലംബിക്കുന്നതിലായിരിക്കും. ഗ്രീന്‍ഹൗസ് സാങ്കേതിക വിദ്യ അത്തരത്തിലുള്ള മാര്‍ഗമാണ്. സുരക്ഷിതമായി പച്ചക്കറികള്‍ വളര്‍ത്തി വിഷരഹിതമായ ഭക്ഷണം കഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പരീക്ഷിച്ചു നോക്കാവുന്ന രീതിയാണിത്. സാധാരണ സീസണില്‍ അല്ലാതെ തന്നെ തക്കാളി കൃഷിചെയ്യാനുള്ള രീതികളാണ് വിശദീകരിക്കുന്നത്.
ശക്തമായ മഴയില്‍ നിന്നും ചൂടില്‍ നിന്നും പ്രാണികളില്‍ നിന്നും വൈറസ് രോഗങ്ങളില്‍ നിന്നുമെല്ലാം നിങ്ങളുടെ വിളകള്‍ക്ക് സംരക്ഷണം നല്‍കാന്‍ ഗ്രീന്‍ഹൗസിന് കഴിയും.
സീറോ എനര്‍ജി ഗ്രീന്‍ഹൗസ് എന്നാണ് ഇതറിയപ്പെടുന്നത്. ഗ്രീന്‍ഹൗസ് നിര്‍മിക്കാന്‍ ഒരു സ്‌ക്വയര്‍ മീറ്ററിന് ഏകദേശം 700 മുതല്‍ 1000 രൂപ വരെ മുടക്ക്മുതല്‍ ആവശ്യമാണ്.
വളരെ കുറഞ്ഞ മര്‍ദ്ദത്തില്‍ പ്രവര്‍ത്തിക്കുന്ന ജലസേചന രീതിയാണ് ഇവിടെ അവലംബിക്കുന്നത്. 1.5 മുതല്‍ 2.0 മീറ്റര്‍ വരെ ഉയരത്തിലുള്ള സ്ഥലത്ത് 1000 ലിറ്റര്‍ വാട്ടര്‍ ടാങ്ക് വയ്ക്കാന്‍ പറ്റും.
തക്കാളിയിലെ ഇനങ്ങള്‍
100 മുതല്‍ 120 വരെ ഗ്രാം ഭാരമുള്ള തക്കാളികളാണ് ഗ്രീന്‍ഹൗസില്‍ വളര്‍ത്തുന്നത്. ലക്ഷ്മി, പുസ ദിവ്യ, അബിമാന്‍, അര്‍ക്ക സൗരഭ്, പന്ത് ബാഹര്‍, അര്‍ക്ക രക്ഷക് എന്നിവയാണ് നല്ല ഇനങ്ങള്‍.
ചെറി തക്കാളിയായ പുസ ചെറി ടൊമാറ്റോ-1 എന്നതും വളര്‍ത്താന്‍ പറ്റും.
അനുയോജ്യമായ കാലാവസ്ഥ
രാത്രികാല താപനിലയിലാണ് തക്കാളിപ്പഴങ്ങള്‍ ഉണ്ടാക്കാന്‍ അനുയോജ്യം. 16 മുതല്‍ 22 വരെ ഡിഗ്രി സെല്‍ഷ്യസിനുള്ളിലുള്ള താപനിലയാണ് നല്ലത്. 12 ഡിഗ്രി സെല്‍ഷ്യസില്‍ കുറയാന്‍ പാടില്ല. ഗ്രീന്‍ഹൗസിലെ കാലാവസ്ഥയില്‍ 10 മുതല്‍ 12 മാസം വരെ തക്കാളി ആരോഗ്യത്തോടെ വളരും.
നടുന്ന വിധം
ചെടികള്‍ പൂര്‍ണമായും വൈറസ് രോഗങ്ങളില്‍ നിന്ന് മുക്തമാണെന്ന് ഉറപ്പു വരുത്തണം. തക്കാളിത്തൈകള്‍ 25 മുതല്‍ 30 വരെ ദിവസങ്ങള്‍ക്കുള്ളില്‍ പറിച്ചുനടാന്‍ അനുയോജ്യമായിരിക്കും. അതിരാവിലെയോ വൈകുന്നേരമോ മാറ്റിനടുന്നതാണ് നല്ലത്.
1000 ഹെക്ടര്‍ സ്ഥലത്ത് 2400 മുതല്‍ 2600 വരെ ചെടചികള്‍ നടാം. തറയില്‍ നിന്ന് 15 മുതല്‍ 20 സെ.മീ ഉയരത്തില്‍ മണ്ണിട്ട് ഉയര്‍ത്തിയാണ് നടുന്നത്.
ഗ്രീന്‍ഹൗസില്‍ പരാഗണം
തക്കാളി സ്വപരാഗണം നടക്കുന്ന ചെടിയാണെങ്കിലും ഗ്രീന്‍ഹൗസില്‍ ചില മാര്‍ഗങ്ങള്‍ അവലംബിക്കേണ്ടതുണ്ട്. ഗ്രീന്‍ഹൗസില്‍ വായുസഞ്ചാരം കുറവായതുകൊണ്ടാണ് ഇക്കാര്യത്തില്‍ ശ്രദ്ധിക്കേണ്ടി വരുന്നത്. വൈബ്രേറ്റര്‍ ഉപയോഗിച്ച് പരാഗണം നടത്താം. ബംബിള്‍ ബീ എന്ന തേനീച്ചകള്‍ ചില രാജ്യങ്ങളില്‍ നല്ല പരാഗണകാരികളായി പ്രവര്‍ത്തിക്കുന്നുണ്ട്.
വളപ്രയോഗം
ജലസേചനവും വളപ്രയോഗവും കൃഷിഭൂമിയുടെ സ്വഭാവമനുസരിച്ച് മാറും. അതുപോലെ കാലാവസ്ഥയും പ്രധാനമാണ്.
വെള്ളത്തില്‍ പൂര്‍ണമായും ലയിക്കുന്ന വളങ്ങളാണ് ഉപയോഗിക്കുന്നത്. നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവ 5:3:5 എന്ന അനുപാതത്തില്‍ വ്യത്യസ്ത ഘട്ടങ്ങളില്‍ നല്‍കണം. പറിച്ചു നട്ടതിനുശേഷം പൂവിടുന്നതു വരെയുള്ള കാലഘട്ടത്തില്‍ 4 മുതല്‍ 5 വരെ ക്യൂബിക് മീറ്റര്‍ വെള്ളം 1000 സ്‌ക്വയര്‍ മീറ്റര്‍ കൃഷിസ്ഥലത്ത് നല്‍കണം. വേനല്‍ക്കാലത്ത് ആഴ്ചയില്‍ മൂന്ന് പ്രാവശ്യവും തണുപ്പുകാലത്ത് രണ്ടുപ്രാവശ്യവുമാണ് ജലസേചനം നടത്തുന്നത്.
വിളവെടുപ്പ്
മിക്കവാറും തക്കാളികള്‍ 75 മുതല്‍ 80 ദിവസങ്ങള്‍ക്കുള്ളില്‍ വിളവെടുക്കാം.
വിളവെടുത്ത തക്കാളികള്‍ വേനല്‍ക്കാലത്ത് 8 മുതല്‍ 10 സെന്റീഗ്രേഡ് താപനിലയിലും തണുപ്പുകാലത്ത് സാധാരണ താപനിലയിലും സൂക്ഷിക്കുന്നതാണ് നല്ലത്.