ഇറച്ചി മാത്രമല്ല വായു അറ പോലും വിലയേറിയത്, മരുന്നിനും വീഞ്ഞിലും ഇടം, ഗുജറാത്തിന്‍റെ ഔദ്യോഗിക മത്സ്യമായി 'ഗോൽ'
ഒരു കിലോ മീനിന് അയ്യായിരം രൂപ മുതൽ 15000 രൂപ വരെ ലഭിക്കുന്ന ഈ മത്സ്യം ഭക്ഷണാവശ്യത്തിന് മാത്രമായല്ല ഉപയോഗിക്കപ്പെടുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ മീനുകളുടെ ഗണത്തിൽ ഉൾപ്പെടുന്ന ഇവ സാധാരണ ഗതിയിൽ 25 കിലോയിൽ അധികം ഭാരമുള്ളവയാണ്
അഹമ്മദാബാദ്: മത്സ്യതൊഴിലാളികളുടെ ലോട്ടറിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന മത്സ്യത്തെ സംസ്ഥാന മത്സ്യമായി പ്രഖ്യാപിച്ച് ഗുജറാത്ത്. ഗോൽ എന്ന പേരിൽ അറിയപ്പെടുന്ന ബ്ലാക്ക് സ്പോട്ടഡ് ക്രോക്കർ മത്സ്യങ്ങള്‍ അക്ഷരാർത്ഥത്തിൽ സ്വർണ മീനുകളാണ്. ഒരു കിലോ മീനിന് അയ്യായിരം രൂപ മുതൽ 15000 രൂപ വരെ ലഭിക്കുന്ന ഈ മത്സ്യം ഭക്ഷണാവശ്യത്തിന് മാത്രമായല്ല ഉപയോഗിക്കപ്പെടുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ മീനുകളുടെ ഗണത്തിൽ ഉൾപ്പെടുന്ന ഇവ സാധാരണ ഗതിയിൽ 25 കിലോയിൽ അധികം ഭാരമുള്ളവയാണ്.
ഭക്ഷണത്തിന് പുറമേ ഇവയുടെ വയറിനുള്ളില വായു അറ ചികിത്സാ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതാണ് ഇവയ്ക്ക് ഇത്ര വില വരാന്‍ കാരണം. ബിയറും വൈനും ഉണ്ടാക്കാനായും ഇവയെ ഉപയോഗിക്കാറുണ്ട്. ഇവയുടെ വായു അറയിൽ നിന്നുണ്ടാക്കുന്ന നൂൽ ശസ്ത്രക്രിയകളിൽ സാധാരണമായി ഉപയോഗിക്കപ്പെടുന്നുണ്ട്. യൂറോപ്പിലേക്കും ചൈനയിലേക്കും മറ്റ് പല മധ്യേഷ്യന്‍ രാജ്യങ്ങളിലേക്കുമാണ് ഗോലിനെ കയറ്റി അയക്കുന്നത്. ഗോലിന്റെ സാമ്പത്തിക മൂല്യവും ഗുജറാത്ത് മേഖലയിലെ ലഭ്യതയുമാണ് ഇവയെ സംസ്ഥാന മത്സ്യമായി തെരഞ്ഞെടുക്കാന്‍ കാരണമായതെന്നാണ് ഫിഷറീസ് വകുപ്പ് വിശദമാക്കുന്നത്.
ചൊവ്വാഴ്ച നടന്ന ചടങ്ങിലാണ് ഗോലിനെ ഗുജറാത്തിന്റെ ഔദ്യോഗിക മത്സ്യമായി പ്രഖ്യാപിച്ചത്. അഹമ്മദാബാദിൽ വച്ച് നടന്ന ഗ്ലോബൽ ഫിഷറീസ് കോണഫെറന്‍സിലാണ് തീരുമാനം പ്രഖ്യാപിച്ചത്. റിബ്ബണ്‍ മത്സ്യം, പോഫ്രെറ്റ്, ബോംബൈ ഡക്ക് എന്നീ മത്സ്യങ്ങളും ഗുജറാത്ത് സംസ്ഥാനത്തിന്റെ മത്സ്യമായി തെരഞ്ഞെടുപ്പിനുള്ള പട്ടികയി ഇടം നേടിയിരുന്നു. വലിയ വിലയുള്ള മത്സ്യമായതിനാൽ പ്രാദേശിക തലത്തിൽ ഇതിന് ആവശ്യക്കാർ കുറവാണ്. എന്നാൽ വിദേശ രാജ്യങ്ങളിൽ ഇവയ്ക്ക് വലിയ രീതിയിലാണ് ആവശ്യക്കാരുള്ളത്. മഹാരാഷ്ട്രയിലും ഗുജറാത്തിലും സുലഭമായി കാണുന്ന ഇവയ്ക്ക് സ്വർണ നിറം കലർന്ന തവിട്ട് നിറമാണുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം