ലോകത്തിലെ ഏറ്റവും വില കൂടിയ മാമ്പഴം, വില 2.70 ലക്ഷം, തമിഴ്നാട്ടിലും വളരുന്നു

സാധാരണയായി മിയാസാക്കി മാമ്പഴങ്ങൾ ഏപ്രിലിനും ആ​ഗസ്തിനും ഇടയിലാണ് വളർന്ന് വിളവെടുക്കുന്നത്. ഒരു മാമ്പഴത്തിന് ഏകദേശം 350 ​ഗ്രാം മുതൽ 900 ​ഗ്രാം വരെയാണ് തൂക്കമുണ്ടാവുക.

Miyazaki most expensive mango grows in Tamil nadu rlp

ഒരു കിലോ മാങ്ങയ്ക്ക് എന്ത് വില വരും? അന്താരാഷ്ട്ര മാർക്കറ്റിൽ കിലോയ്‍ക്ക് 2.70 ലക്ഷം രൂപ വരെ കിട്ടുന്ന മാങ്ങയുണ്ട് എന്ന് പറഞ്ഞാൽ അതിശയോക്തി തോന്നുമെങ്കിലും സംഭവം സത്യമാണ്. തമിഴ്നാട്ടിലെ ഒരു മുൻ കൃഷി ഓഫീസർ ഈ മാമ്പഴം കൃഷി ചെയ്യുന്നുമുണ്ട്. Eggs of the sun എന്നും അറിയപ്പെടുന്ന ജപ്പാനിലെ മിയാസാക്കി ന​ഗരത്തിൽ വളരുന്ന മിയാസാക്കി മാമ്പഴം ആണിത്. 

ഈ മാമ്പഴങ്ങൾ പാകമാകുമ്പോൾ പർപ്പിൾ നിറമായിരിക്കും. അതുപോലെ തന്നെ മറ്റേതൊരു മാമ്പഴത്തേക്കാളും 25% കൂടുതൽ പഞ്ചസാര അടങ്ങിയിരിക്കുന്നതിനാൽ തന്നെ അവ മറ്റ് മാമ്പഴങ്ങളേക്കാൾ വളരെ അധികം മധുരം കൂടിയ ഇനമാണ്. മാമ്പഴത്തെ പഴങ്ങളുടെ രാജാവ് എന്നാണല്ലോ നാം വിളിക്കുന്നത്. ഈ മാമ്പഴത്തെ അതുകൊണ്ട് തന്നെ രാജാക്കന്മാരുടെ രാജാവ് എന്ന് വിളിക്കാവുന്നതാണ്.  

തമിഴ്‌നാട്ടിലെ ചെങ്കൽപേട്ട് ജില്ലയിൽ നിന്നുള്ള മുൻ ഡെപ്യൂട്ടി കൃഷി ഓഫീസർ കൃഷ്ണനാണ് തന്റെ ടെറസ് ഗാർഡനിൽ ലോകത്തിലെ തന്നെ ഈ ഏറ്റവും വിലകൂടിയ മാമ്പഴം വളർത്തിയെടുത്തിരിക്കുന്നത്. കഴിഞ്ഞ രണ്ട് വർഷമായി താൻ മിയാസാക്കി മാമ്പഴം വളർത്തുന്നു എന്നും ഇപ്പോൾ അത് പാകമായിരിക്കുന്നു എന്നും കൃഷ്ണൻ പറയുന്നു. തന്റെ ടെറസിലാണ് താൻ ഈ മാങ്ങകൾ വളർത്തിയെടുക്കാൻ പരിശ്രമിച്ചത്. ആ പരിശ്രമം വിജയകരമായിരുന്നു എന്നും കൃഷ്ണൻ പറഞ്ഞു.  

സാധാരണയായി മിയാസാക്കി മാമ്പഴങ്ങൾ ഏപ്രിലിനും ആ​ഗസ്തിനും ഇടയിലാണ് വളർന്ന് വിളവെടുക്കുന്നത്. ഒരു മാമ്പഴത്തിന് ഏകദേശം 350 ​ഗ്രാം മുതൽ 900 ​ഗ്രാം വരെയാണ് തൂക്കമുണ്ടാവുക. 2.70 ലക്ഷം രൂപ വരെ ഇതിന് വില വരും എന്നും കരുതുന്നു. ആന്റി ഓക്‌സിഡന്റുകള്‍, ബീറ്റാ കരോട്ടിന്‍, ഫോളിക് അസിഡ് എന്നിവയുടെയെല്ലാം മികച്ച സ്രോതസ്സാണ് മിയാസാക്കി മാമ്പഴം എന്നും പറയപ്പെടുന്നു. ഈ മാമ്പഴത്തിന് ഇത്രയധികം വിലയുള്ളത് കൊണ്ട് തന്നെ വളർത്തി വിളവെടുക്കാറാകുമ്പോൾ വലിയ തരത്തിലുള്ള കാവലുകൾ ഉടമകൾ ഏർപ്പെടുത്താറുണ്ട്.

Latest Videos
Follow Us:
Download App:
  • android
  • ios