ഇത് മെക്‌സിക്കന്‍ പെറ്റൂണിയ എന്ന പൂച്ചെടി; പക്ഷേ, യഥാര്‍ഥ പെറ്റൂണിയ അല്ലെന്ന് മാത്രം
തണലുള്ള സ്ഥലത്ത് വളരുമ്പോള്‍ തണ്ടുകള്‍ക്ക് പച്ചനിറമാണ്. മൊണാര്‍ക്ക് എന്ന പ്രത്യേകതരം പൂമ്പാറ്റകള്‍ക്ക് ഈ ചെടിയുടെ തേന്‍ ഇഷ്ടാഹാരമാണ്. വിത്ത് മുളപ്പിച്ചും തണ്ടുകള്‍ മുറിച്ച് നട്ടും ഭൂകാണ്ഡത്തില്‍ നിന്നും വളര്‍ത്താവുന്ന ചെടിയാണ്
അക്കാന്തേഷ്യ സസ്യകുടുംബത്തിലെ അംഗമാണ് മെക്‌സിക്കന്‍ പെറ്റൂണിയ. പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ ഈ ചെടി മെക്‌സിക്കന്‍ സ്വദേശിയാണ്. മെക്‌സിക്കന്‍ ബ്ലൂബെല്‍, ഹാര്‍ഡി പെറ്റൂണിയാസ്, പര്‍പ്പിള്‍ ഷവേഴ്‌സ്, ടെക്‌സാസ് പെറ്റൂണിയ എന്നീ പേരുകളിലെല്ലാം ഈ ചെടി അറിയപ്പെടുന്നുണ്ട്. യഥാര്‍ഥത്തില്‍ ഇത് പെറ്റൂണിയയേ അല്ലെന്നുള്ളതാണ് കൗതുകകരമായ വസ്തുത.
റൂല്ലിയ ബ്രിട്ടോണിയാന (Ruellia brittonia) എന്നാണ് ഈ ചെടിയുടെ യഥാര്‍ഥ പേര്. നല്ല സൂര്യപ്രകാശത്തില്‍ വളരുമ്പോള്‍ ഈ ചെടിയുടെ തണ്ടിന് പര്‍പ്പിള്‍ നിറമാണ്. തണലുള്ള സ്ഥലത്ത് വളരുമ്പോള്‍ തണ്ടുകള്‍ക്ക് പച്ചനിറമാണ്. മൊണാര്‍ക്ക് എന്ന പ്രത്യേകതരം പൂമ്പാറ്റകള്‍ക്ക് ഈ ചെടിയുടെ തേന്‍ ഇഷ്ടാഹാരമാണ്. വിത്ത് മുളപ്പിച്ചും തണ്ടുകള്‍ മുറിച്ച് നട്ടും ഭൂകാണ്ഡത്തില്‍ നിന്നും വളര്‍ത്താവുന്ന ചെടിയാണ്.
വരള്‍ച്ചയെ പ്രതിരോധിച്ച് വളരാനും കഴിയുമെങ്കിലും ഈര്‍പ്പമുള്ള മണ്ണില്‍ വളരെ നന്നായി വളരുന്ന സ്വഭാവമാണ്. നൈട്രജനും ഫോസ്ഫറസും പൊട്ടാസ്യവും അടങ്ങിയ വളമാണ് അനുയോജ്യം. സാധാരണ 18 ഇഞ്ച് മുതല്‍ 36 ഇഞ്ച് വരെ ഉയരത്തില്‍ വളരും. വളരെ പെട്ടെന്ന് വളര്‍ന്ന് പൂന്തോട്ടം മുഴുവന്‍ നിറഞ്ഞ് നില്‍ക്കും. ഓരോ പൂവിനും ഒരു ദിവസത്തെ ആയുസ്സേയുള്ളു. പക്ഷേ, വേനല്‍ക്കാലത്തിന് മുമ്പ് തുടങ്ങുന്ന പൂക്കാലം തുടങ്ങിയാല്‍ മഴക്കാലം വരെ നീണ്ടുനില്‍ക്കും.