കഴുതഫാം തുടങ്ങിയതിന് നാട്ടുകാർ മൊത്തം പരിഹസിച്ചു, ഇന്ന് സമ്പാദിക്കുന്നത് ലക്ഷങ്ങൾ
ഈ ആശയം മറ്റുള്ളവരുമായി പങ്കുവെച്ചപ്പോൾ പലരും കളിയാക്കിയെന്ന് ഗൗഡ പറഞ്ഞു. വാസ്തവത്തിൽ കഴുതപ്പാൽ രുചികരവും വളരെ ചെലവേറിയതും ഔഷധമൂല്യം ഉള്ളതുമാണ് എന്നദ്ദേഹം പറയുന്നു. പലർക്കും അതിന്റെ ഗുണം ഇപ്പോഴും അറിയില്ലെന്ന് അദ്ദേഹം പറയുന്നു.
ചിലർ എല്ലാവരും നടന്ന് തെളിഞ്ഞ പാതയിലൂടെ നടകാൻ ആഗ്രഹിക്കുമ്പോൾ, മറ്റ് ചിലർ സ്വന്തമായി ഒരു പാത വെട്ടിത്തെളിക്കാൻ പരിശ്രമിക്കുന്നു. കർണാടകയിലുള്ള സോഫ്റ്റ്‌വെയർ എൻജിനീയറായിരുന്ന ശ്രീനിവാസ് ഗൗഡയും ചെയ്തത് അത് തന്നെ. ലക്ഷങ്ങൾ ശമ്പളമുള്ള തന്റെ ജോലി ഉപേക്ഷിച്ച് അദ്ദേഹം ഗ്രാമത്തിൽ ഒരു കഴുത ഫാം ആരംഭിച്ചപ്പോൾ, പലരും കളിയാക്കി. ഇതിലും വലിയ വിഡ്ഢിത്തം ഇനി ചെയ്യാനില്ലെന്ന് മുന്നറിയിപ്പ് നൽകി. എന്നാൽ, ഇന്ന് കഴുതപ്പാൽ വിറ്റ് ആ 42 -കാരൻ സമ്പാദിക്കുന്നത് ലക്ഷങ്ങളാണ്. ഏകദേശം 17 ലക്ഷം രൂപയുടെ ഓർഡറുകളാണ് അദ്ദേഹത്തിന് ലഭിച്ചത്. ഒരുപക്ഷെ അദ്ദേഹം തന്റെ പഴയ ജോലിയിൽ നിന്ന് സമ്പാദിക്കുന്നതിനേക്കാളും കൂടുതൽ ഇത് വഴി സമ്പാദിക്കുന്നു. കൂടാതെ ജോലിയുടെ ടെൻഷനും, സമ്മർദ്ദവും ഒന്നും ഇപ്പോൾ ഇല്ലെന്നും ഗൗഡ പറയുന്നു.
കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലെ ഒരു ഗ്രാമത്തിലാണ് അദ്ദേഹത്തിന്റെ ഫാം. ജൂൺ എട്ടിനാണ് അദ്ദേഹം ഇത് ആരംഭിച്ചത്. സംസ്ഥാനത്തെ ആദ്യത്തെ കഴുത ഫാം ആണ് അദ്ദേഹത്തിന്റേത്. എന്നാൽ, ഇന്ത്യയിൽ ആദ്യത്തേതല്ല. എറണാകുളം ജില്ലയിലാണ് ആദ്യത്തെ ഫാമുള്ളത്. എന്നാലും, ഇന്ത്യയിലെ രണ്ടാമത്തെ ഫാം ഗൗഡയുടെതാണ് എന്ന് പറയാം. ഒരു കഴുതഫാം തുടങ്ങാൻ അദ്ദേഹത്തിനെ പ്രേരിപ്പിച്ച ഒരു കാരണമുണ്ട്. എപ്പോഴും നിന്ദിക്കപ്പെടുകയും വിലകുറച്ച് കാണുകയും ചെയ്യുന്ന ഒരു മൃഗമാണ് കഴുത. അതിനോട് നമ്മൾ കാണിക്കുന്ന അവഗണനയും, അതിന്റെ ദുരവസ്ഥയുമാണ് അദ്ദേഹത്തെ ഒരു കഴുതഫാം തുടങ്ങാൻ പ്രേരിപ്പിച്ചത്.
ബിഎ ബിരുദധാരിയായ ഗൗഡ 2020 -ലാണ് തന്റെ ജോലി ഉപേക്ഷിക്കുന്നത്. എന്നാൽ അപ്പോഴും കഴുതഫാം എന്ന ചിന്ത ഉണ്ടായിരുന്നില്ല. ഇറ ഗ്രാമത്തിലെ 2.3 ഏക്കർ സ്ഥലത്ത് അദ്ദേഹം അതല്ലാതെ ഒരു സാധാരണ ഫാം ആരംഭിച്ചു ആദ്യം. കൃഷി, മൃഗസംരക്ഷണം, വെറ്ററിനറി സേവനങ്ങൾ, പരിശീലനം, കാലിത്തീറ്റ വികസനകേന്ദ്രം എന്നിവയായിരുന്നു അവിടെ. കൂടാതെ, മുയലുകളെയും കടക്‌നാഥ് കോഴികളെയും അവിടെ വളർത്തുകയും ചെയ്തു. എന്നാൽ, ഇപ്പോൾ ആ ഫാമിൽ 20 കഴുതകളാണുള്ളത്. തുണി അലക്കാനുള്ള യന്ത്രങ്ങളും മറ്റ് സാങ്കേതിക വിദ്യകളും വന്നതോടെ ധോബികൾ കഴുതകളെ ഉപയോഗിക്കാതായി. ഇതോടെ അവയുടെ എണ്ണത്തിൽ കുറവ് വന്നു. അതുകൊണ്ട് കൂടിയാണ് അദ്ദേഹം കഴുതകൾക്കായി ഒരു ഫാം ആരംഭിച്ചത്.
എന്നാൽ, ഈ ആശയം മറ്റുള്ളവരുമായി പങ്കുവെച്ചപ്പോൾ പലരും കളിയാക്കിയെന്ന് ഗൗഡ പറഞ്ഞു. വാസ്തവത്തിൽ കഴുതപ്പാൽ രുചികരവും വളരെ ചെലവേറിയതും ഔഷധമൂല്യം ഉള്ളതുമാണ് എന്നദ്ദേഹം പറയുന്നു. പലർക്കും അതിന്റെ ഗുണം ഇപ്പോഴും അറിയില്ലെന്ന് അദ്ദേഹം പറയുന്നു. മാത്രവുമല്ല സൗന്ദര്യവർദ്ധക വസ്തുക്കളിലും കഴുതപ്പാൽ ഉപയോഗിക്കുന്നു. ഇപ്പോൾ കഴുതപ്പാൽ പാക്കറ്റുകളിലാക്കി ആളുകൾക്ക് നൽകാനാണ് ഗൗഡ ആലോചിക്കുന്നത്. 30 മില്ലി പാക്കറ്റിന് 150 രൂപ വിലവരും. മാളുകൾ, ഷോപ്പുകൾ, സൂപ്പർമാർക്കറ്റുകൾ തുടങ്ങിയ സ്ഥലങ്ങളിൽ അത് വിതരണം ചെയ്യാനും അദ്ദേഹം പദ്ധതിയിടുന്നു. ഇതുവരെ 17 ലക്ഷം രൂപയുടെ ഓർഡറുകൾ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.