ഗ്രാമങ്ങളിലെ തൊഴിലില്ലാത്ത യുവാക്കളെ സംരംഭകരാക്കിയ സ്റ്റാര്‍ട്ടപ്പ്; പച്ചക്കറികളും പാല്‍ ഉത്പന്നങ്ങളും നഗരങ്ങളിലേക്ക്
ഇവര്‍ ഗ്രാമങ്ങളിലെ യുവാക്കളെ സംരംഭകരാക്കി മാറ്റുകയാണ് ചെയ്യുന്നത്. 'ഞാന്‍ സാമൂഹിക പ്രവര്‍ത്തനത്തില്‍ നിന്ന് സംരംഭകനായി മാറിയ ആളാണ്. എന്റെ സെക്കന്ററി സ്‌കൂള്‍ പഠനകാലത്ത് തന്നെ ഇടനിലക്കാര്‍ ലാഭമുണ്ടാക്കുന്ന ഏര്‍പ്പാട് അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു.
തമിഴ്‌നാട്ടിലെ ഉള്‍നാടന്‍ പ്രദേശത്ത് ജനിച്ച സെല്‍വകുമാര്‍ വരദരാജന്‍ ഇന്ന് 'ലേമാന്‍ അഗ്രോ വെഞ്ചേഴ്‌സി'ന്റെ ചീഫ് എക്‌സിക്യുട്ടീവും സ്ഥാപകനുമാണ്. കുട്ടിക്കാലം മുതല്‍ മുത്തച്ഛന്റെ കൃഷിസ്ഥലത്ത് സഹായിയായി നടന്ന സെല്‍വകുമാര്‍ തന്റെ കുടുംബപരമായ കൃഷിസ്ഥലത്ത് നിന്ന് ഉത്പാദിപ്പിക്കുന്ന വിളകള്‍ അടുത്തുള്ള ടൗണിലേക്ക് സൈക്കിള്‍ വഴി കൊണ്ടുപോയി ആവശ്യക്കാര്‍ക്ക് നേരിട്ട് വിതരണം ചെയ്യുമായിരുന്നു. ഇടനിലക്കാര്‍ ലാഭം കൊയ്യുന്ന പതിവ് ഇല്ലാതാക്കാനും കുടംബത്തിന്റെ വരുമാനം ഉയര്‍ത്താനുമായിരുന്നു സെല്‍വകുമാര്‍ ശ്രമിച്ചത്. വളരെ ചെറുപ്പത്തില്‍ തന്നെ ഒരു സംരംഭകന്റെ മനസായിരുന്നു സെല്‍വകുമാറിന്.
2016 -ലാണ് വില്‍ഫ്രെഷ് എന്ന ബ്രാന്‍ഡില്‍ ലേമാന്‍ അഗ്രോ വെഞ്ചേഴ്‌സ് എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനി പച്ചക്കറികളും പാല്‍ ഉത്പന്നങ്ങളും വിപണിയിലെത്തിക്കാനായി ആരംഭിച്ചത്. ഏകദേശം രണ്ടായിരത്തില്‍ക്കൂടുതല്‍ യുവാക്കള്‍ക്ക് തൊഴില്‍ നല്‍കിയ കമ്പനിയാണിത്. ഇവര്‍ പാലും പഴങ്ങളും പച്ചക്കറികളും കര്‍ഷകരില്‍ നിന്ന് നേരിട്ട് ശേഖരിച്ച് അടുത്തുള്ള പട്ടണങ്ങളിലേക്ക് കൊണ്ടുപോകുന്നു.
ഫിനാന്‍സില്‍ മാസ്റ്റേഴ്‌സ് ബിരുദവും പെരിയാര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാനേജ്‌മെന്റില്‍ എംഫില്ലും നേടിയ സെല്‍വരാജ് വിവാഹശേഷം ബംഗളുരുവില്‍ സ്ഥിരതാമസം തുടങ്ങി. അപ്പോഴാണ് നഗരങ്ങളില്‍ ലഭ്യമല്ലാത്ത പുതുമയുള്ള പച്ചക്കറികള്‍ കൃഷിസ്ഥലങ്ങളില്‍ നിന്ന് നേരിട്ട് ആവശ്യക്കാരിലെത്തിക്കാനുള്ള ശ്രമം തുടങ്ങിയത്. ഇത് പ്രാവര്‍ത്തികമാക്കാനായി കോയമ്പത്തൂരിലേക്ക് തിരിച്ചുപോയി.
കര്‍ഷകര്‍ക്ക് കൃഷി ചെയ്യാന്‍ മുടക്കുന്ന തുകയേക്കാള്‍ കുറഞ്ഞ വരുമാനമാണ് പലപ്പോഴും ലഭിക്കുന്നത്. ഗ്രാമങ്ങളിലെ യുവാക്കളാണെങ്കില്‍ ഒരു തൊഴിലും ലഭിക്കാതെ കഷ്ടപ്പെടുന്നവരും. വരുമാനം നേടാനായി അടുത്തുള്ള പട്ടണങ്ങളിലേക്ക് പോകുന്ന പതിവാണ് ഇവര്‍ക്ക്. സെല്‍വകുമാറിന്റെ ലേമാന്‍ അഗ്രോവെഞ്ച്വര്‍ ഗ്രാമങ്ങളില്‍ നിന്നുള്ള പച്ചക്കറികള്‍ നഗരങ്ങളിലേക്ക് എത്തിക്കുകയും അവിടെ വില്‍പ്പന നടത്തിക്കിട്ടുന്ന പണത്തിന്റെ സിംഹഭാഗവും ഗ്രാമങ്ങളില്‍ ജീവിക്കുന്നവരുടെ വരുമാനം വര്‍ധിപ്പിക്കാന്‍ സഹായിക്കുകയും ചെയ്യുന്ന സ്റ്റാര്‍ട്ടപ്പാണ്.
ഇവര്‍ ഗ്രാമങ്ങളിലെ യുവാക്കളെ സംരംഭകരാക്കി മാറ്റുകയാണ് ചെയ്യുന്നത്. 'ഞാന്‍ സാമൂഹിക പ്രവര്‍ത്തനത്തില്‍ നിന്ന് സംരംഭകനായി മാറിയ ആളാണ്. എന്റെ സെക്കന്ററി സ്‌കൂള്‍ പഠനകാലത്ത് തന്നെ ഇടനിലക്കാര്‍ ലാഭമുണ്ടാക്കുന്ന ഏര്‍പ്പാട് അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു. ഗ്രാമങ്ങളിലെ ജോലിയില്ലാത്ത യുവാക്കള്‍ക്ക് വരുമാനമാര്‍ഗം ഉണ്ടാക്കുകയും ചെയ്തിരുന്നു', സെല്‍വകുമാര്‍ പറയുന്നു.
'നഗരത്തിലെ അടുക്കളയില്‍ ലഭിക്കുന്ന പച്ചക്കറികളുടെ ഗുണനിലവാരത്തെക്കുറിച്ച് എന്റെ ഭാര്യ പരാതി പറയാന്‍ തുടങ്ങിയപ്പോഴാണ് ഇക്കാര്യത്തെക്കുറിച്ച് ഞാന്‍ സീരിയസായി ആലോചിച്ച് തുടങ്ങിയത്. ഒരമ്മ എന്ന നിലയില്‍ കുഞ്ഞിന് ഭക്ഷണം നല്‍കുമ്പോള്‍ അനുഭവിച്ച അസ്വസ്ഥതയാണ് ഭാര്യയെ കൂടുതല്‍ വിഷമത്തിലാക്കിയത്. ലേമാന്‍ അഗ്രോവെഞ്ച്വര്‍ ഉണ്ടാക്കിയത് ആ ആശയത്തില്‍ നിന്നാണ്. അതായത് നമ്മുടെ കുട്ടികള്‍ക്ക് പോഷകഗുണമുള്ളതും ആരോഗ്യപ്രദമായതുമായ ഭക്ഷണം നല്‍കുക എന്ന ചിന്തയാണ് ഇതിന് പിന്നില്‍'. സെല്‍വകുമാര്‍ ഈ സ്റ്റാര്‍ട്ടപ്പ് തുടങ്ങാനുള്ള കാരണം വിശദമാക്കുന്നു.
പാല്‍ വില്‍പ്പനയില്‍ നിന്ന് കര്‍ഷകര്‍ക്ക് 35 ശതമാനം ലാഭവും പച്ചക്കറികളില്‍ നിന്നും പഴങ്ങളില്‍ നിന്നും 40 മുതല്‍ 60 ശതമാനം ലാഭവും ലഭിക്കുന്നുണ്ട്. ഇതിലൂടെ കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമാണ് ഇവര്‍ കണ്ടെത്തിയിരിക്കുന്നത്.
2017 -ല്‍ ദേശീയ തലത്തില്‍ കൊക്കോ കോള സസ്‌റ്റെയ്‌നബ്ള്‍ എന്റര്‍പ്രൈസ് അവാര്‍ഡ് ജേതാക്കളാണ് ഇവര്‍. രാഷ്ട്രപതി ഭവന്‍ സന്ദര്‍ശിക്കാനുള്ള അവസരവും ഇവര്‍ക്ക് ലഭിച്ചു.