മനസുവച്ചാല്‍ നമ്മുടെ വീട്ടുമുറ്റത്തും മനോഹരമായ പുല്‍ത്തകിടി തയ്യാറാക്കാം
ഒരു വര്‍ഷത്തില്‍ മൂന്ന് തവണ വളപ്രയോഗം നടത്തണം. ഫെബ്രുവരി-മാര്‍ച്ച്, ജൂണ്‍-ജൂലായ്, ഒക്ടോബര്‍-നവംബര്‍ എന്നീ മൂന്ന് സീസണുകളിലായി വളപ്രയോഗം നടത്താം. 50 സ്‌ക്വയര്‍ മീറ്റര്‍ സ്ഥലത്ത് ഒരു കി.ഗ്രാം യൂറിയ ഇട്ടുകൊടുക്കാം.
മുറ്റത്ത് നല്ല ഭംഗിയുള്ള പൂന്തോട്ടമുണ്ടാക്കാന്‍ നമ്മള്‍ സമയം കണ്ടെത്താറുണ്ട്. പലര്‍ക്കുമുള്ള ആഗ്രഹമാണ് നല്ലൊരു പുല്‍ത്തകിടി വീട്ടുമുറ്റത്ത് ഉണ്ടാക്കണമെന്നത്. പച്ചപ്പിന്റെ വസന്തം തീര്‍ക്കാന്‍ ഇത്തിരി കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി. കറുക, എരുമപ്പുല്ല്, കാര്‍പറ്റ് ഗ്രാസ്, ഗുസ് ഗ്രാസ്, സെന്റ് അഗസ്റ്റിന്‍ ഗ്രാസ് എന്നിവയാണ് നമ്മുടെ വീട്ടുമുറ്റത്ത് വളര്‍ത്താന്‍ യോജിച്ച പുല്ലിനങ്ങള്‍.
മുറ്റത്ത് പുല്ല് വളര്‍ത്തുന്നവര്‍ നല്ല സൂര്യപ്രകാശവും നീര്‍വാര്‍ച്ചയുമുള്ള സ്ഥലം തിരഞ്ഞെടുക്കണം. നന്നായി കിളച്ച് നിലമൊരുക്കണം. ഏകദേശം 20 സെന്റീമീറ്ററോളം ആഴത്തില്‍ കിളച്ച് നിലം ഒരുക്കണം.
അതിനുശേഷം രണ്ടാഴ്ചയോളം ഈ കിളച്ച മണ്ണ് നന്നായി സൂര്യപ്രകാശം ലഭിക്കാനായി വെറുതെയിടണം. ആവശ്യത്തിന് നനയ്ക്കുകയും വേണം. രണ്ടാഴ്ച വെറുതെയിടുമ്പോള്‍ അനാവശ്യമായ പുല്ല് മുളച്ച് പൊന്താറുണ്ട്. ഇത് പറിച്ചുമാറ്റണം. കല്ലുകളും കട്ടകളുമൊന്നും മണ്ണിലുണ്ടാകരുത്.
100 ചതുരശ്ര മീറ്ററില്‍ ഏകദേശം 500 കി.ഗ്രാം ചാണകപ്പൊടി എന്ന രീതിയില്‍ മേല്‍വളം നല്‍കണം. 10 കി.ഗ്രാം എല്ലുപൊടിയും ചേര്‍ത്ത് മണ്ണ് നന്നായി ഇളക്കിക്കൊടുക്കണം. മണ്ണ് രണ്ടുഭാഗത്തേക്കും ചെരിച്ചിട്ടാണ് നിരപ്പാക്കുന്നത്. വെള്ളം ഒഴുകിപ്പോകാനാണ് ഇങ്ങനെ മണ്ണ് ചെരിച്ചിടുന്നത്.
പുല്ലിന്റെ തണ്ടുകള്‍ നടാം
നന്നായി മൂത്ത പുല്ലിന്റെ തണ്ടുകള്‍ ഉപയോഗിച്ച് പുല്ല് വളര്‍ത്താം. നിലം ഒരുക്കിക്കഴിഞ്ഞാല്‍ പുല്ല് നടാം. എട്ട് സെ.മീ അകലത്തില്‍ നട്ട് നന്നായി നനയ്ക്കണം. ഇങ്ങനെ വളരുന്ന പുല്ലുകള്‍ ഏഴ് ആഴ്ചത്തെ വളര്‍ച്ചയ്ക്ക് ശേഷം വെട്ടി സമമാക്കാം. മൂന്ന് മാസത്തിനുള്ളില്‍ പുല്‍ത്തകിടി തയ്യാറാകും.
വിത്ത് മുളപ്പിക്കാം
പുല്ലിന്റെ വിത്ത് വാങ്ങി മുളപ്പിച്ചും പുല്‍ത്തകിടി തയ്യാറാക്കാം. നല്ല ഗുണമേന്മയുള്ള വിത്ത് തെരഞ്ഞെടുത്ത് കൃഷി ചെയ്യണം. 100 ചതുരശ്രമീറ്റര്‍ സ്ഥലത്ത് കൃഷി ചെയ്യാന്‍ 250 ഗ്രാം വിത്തും വിത്തിന്റെ ഇരട്ടി അളവില്‍ മണലും ചേര്‍ക്കണം.
വിത്ത് വിതയ്ക്കുന്നതിന് മുമ്പ് മേല്‍മണ്ണ് ആഴത്തില്‍ കിളയ്ക്കണം. ഏകദേശം അഞ്ച് സെ.മീ ആഴത്തില്‍ മണ്ണി കിളച്ചൊരുക്കണം.
വിത്ത് വിതറിയ ശേഷം മണല്‍ വിതറിയ ശേഷം അല്‍പം അമര്‍ത്തിക്കൊടുക്കണം. വിത്ത് വിതറിയ സ്ഥലം നന്നായി നനച്ചുകൊടുക്കണം.
വിത്ത് മുളച്ച് പുല്ല് ആകാന്‍ ഏകദേശം മൂന്ന് മുതല്‍ അഞ്ച് ആഴ്ച വേണ്ടിവരും. അഞ്ച് സെ.മീ കൂടുതല്‍ വളര്‍ന്നാല്‍ പുല്ല് വെട്ടി സമമാക്കണം.
പരിചരണം
ഒരു വര്‍ഷത്തില്‍ മൂന്ന് തവണ വളപ്രയോഗം നടത്തണം. ഫെബ്രുവരി-മാര്‍ച്ച്, ജൂണ്‍-ജൂലായ്, ഒക്ടോബര്‍-നവംബര്‍ എന്നീ മൂന്ന് സീസണുകളിലായി വളപ്രയോഗം നടത്താം. 50 സ്‌ക്വയര്‍ മീറ്റര്‍ സ്ഥലത്ത് ഒരു കി.ഗ്രാം യൂറിയ ഇട്ടുകൊടുക്കാം.
കളകള്‍ വളരുന്ന മുറയ്ക്ക് പിഴുതുമാറ്റണം. മഴയില്ലെങ്കില്‍ ആഴ്ചയില്‍ കൃത്യമായ ഇടവേളകളില്‍ നനയ്ക്കണം. അതിരാവിലെ നനയ്ക്കുന്നതാണ് നല്ലത്. ബാഷ്പീകരണം മൂലം വെള്ളം നഷ്ടപ്പെടാതെ വേരുകളില്‍ എത്താന്‍ ഇത് സഹായിക്കും. നനയ്ക്കുമ്പോള്‍ എല്ലാ ഭാഗത്തും ഒരുപോലെ വെള്ളം ലഭിക്കണം.