ഈ വിത്തുകാളയുടെ വില ഒരു കോടി; ബീജം ഡോസ് ഒന്നിന് ആയിരം രൂപയ്ക്ക് വിൽക്കുന്ന അപൂർവയിനം
മൈസൂർ, മാണ്ട്യ, ഹസ്സൻ, തുംകൂർ ജില്ലകൾ അടങ്ങിയ ഹല്ലിക്കർ ബെൽറ്റിലെ ഏറ്റവും പ്രസിദ്ധമായ കാള ഇനങ്ങളിൽ ഒന്നാണ് ഇത്.
ഒരു കോടി ഉറുപ്പികക്ക് ലോട്ടറി(lottery) അടിച്ചാൽ എന്തുചെയ്യും? സാമാന്യം നല്ലൊരു മാളിക വിലയ്ക്ക് വാങ്ങി അതിൽ സ്വൈര്യമായി കഴിഞ്ഞുകൂടും എന്ന് ചിലർ പറയും. മറ്റു ചിലർ ലാസ് വേഗാസിലേക്കോ മറ്റോ ഒരു ലാവിഷ് ട്രിപ്പ് അടിച്ച്, അവിടത്തെ കാസിനോകളിൽ അത് മുഴുവൻ പൊട്ടിച്ചു തീർക്കും എന്നാവും പറയുക. ആ കാശ് ചെലവഴിച്ചു നശിപ്പിക്കാതെ ഭാവിയിലേക്ക് സ്ഥിര വരുമാനം നൽകുന്ന എന്തിലെങ്കിലും നിക്ഷേപിക്കാനും ചിലർ ശ്രമിച്ചേക്കാം. എന്നാൽ, അത്രയും കാശുമുടക്കി ഒരു കാളയെ (bull)വാങ്ങാം എന്ന് നിങ്ങളിൽ ആരെങ്കിലും സ്വപ്നത്തിലെങ്കിലും കരുതുമോ? ഒരു കാളയെ വിലകൊടുത്തു വാങ്ങാൻ ഒരു കോടി രൂപ മുടക്കുകയോ? ചിരിച്ചുതള്ളാൻ വരട്ടെ. ഇന്ത്യയിൽ അങ്ങനെയും ഒന്ന് അടുത്തിടെ നടന്നിട്ടുണ്ട്.
ബംഗളൂരുവിൽ അടുത്തിടെ നടന്ന കൃഷി മേളയിൽ കൃഷ്ണ എന്നുപേരുള്ള ഹല്ലിക്കർ ഇനത്തിൽ പെട്ട മൂന്നരവയസ്സുകാരൻ വിത്തുകാളയ്ക്ക് ഓഫർ ചെയ്യപ്പെട്ട വില ഒരുകോടി രൂപയാണ്. സാധാരണ ഗതിയിൽ പരമാവധി ഒന്നോ രണ്ടോ ലക്ഷം രൂപ വരെ വിത്തുകാളകൾക്ക് കിട്ടാറുണ്ട്. ഈ കാളയ്ക്ക് ഇങ്ങനെ ഒരു കൂടിയ വില കിട്ടാനുള്ള കാരണം അത് വളരെ അപൂർവമായ ഇനത്തിൽ പെട്ടതാണ് എന്നതുകൊണ്ടാണ്. ഡോസ് ഒന്നിന് ആയിരം രൂപയാണ് കൃഷ്ണയുടെ ബീജത്തിന്റെ(semen) വില. അലങ്കാര വസ്ത്രങ്ങൾ അണിയിച്ച് ആഭരണങ്ങൾകൊണ്ട് അലങ്കരിപ്പിച്ച് നിർത്തിയിട്ടുള്ള കൃഷ്ണ ഇപ്പോൾ ചെല്ലുന്ന കാർഷിക മേളകളുടെ എല്ലാം മുഖ്യ ആകർഷണമായി മാറുക പതിവാണ്.
മൈസൂരു, മാണ്ട്യ, ഹസ്സൻ, തുംകൂർ ജില്ലകൾ അടങ്ങിയ ഹല്ലിക്കർ ബെൽറ്റിലെ ഏറ്റവും പ്രസിദ്ധമായ കാള ഇനങ്ങളിൽ ഒന്നാണ് ഇത്. അമൃത് മഹൽ, ഹല്ലിക്കർ എന്നീ രണ്ടു കാള ഇനങ്ങൾക്കാണ് മൈസൂർ രാജകുടുംബത്തിന്റെ അംഗീകാരവും അവിടത്തെ പന്തികളിൽ ഇടവും പരിചരണവും കിട്ടിപ്പോന്ന ചരിത്രമുള്ളത്. വെള്ളമുതൽ, ഇളം ചാര നിറം വരെയാണ് ഈ കാളകൾക്ക് സ്വതവേ ഉണ്ടാകാറുള്ളത്. ചിലതിന് മുതുകിൽ ഇരുണ്ട പൊട്ടുകളും ഉണ്ടാവാറുണ്ട്. നെറ്റിയുടെ ഇരുവശത്തുനിന്നും വളർന്നുവരുന്ന കൊമ്പുകൾ നീണ്ടു പിന്നിലേക്ക് വളഞ്ഞു കൂർത്താണ് സ്വതവേ കാണപ്പെടുക.