KIFA: കര്‍ഷക കടബാധ്യതയെ കുറിച്ച് പഠിക്കാന്‍ കിഫ

നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ (NCRB) കണക്കുകൾ പ്രകാരം, 1995 മുതൽ 2019 വരെ ഇന്ത്യയിൽ കർഷക തൊഴിലിൽ ഏർപ്പെട്ടിരുന്ന 3,58,164 പേരാണ് ആത്മഹത്യ ചെയ്തത്. ഓരോ വര്‍ഷം കഴിയുമ്പോഴും ഈ മരണനിരക്കില്‍ വര്‍ദ്ധനവ് മാത്രമാണ് രേഖപ്പെടുത്തുന്നത്.

Kifa survey about farmers debt in kerala


കേരളത്തിലെ കര്‍ഷക മേഖലയെ ഗുരുതരമായി ബാധിച്ചിരിക്കുന്ന കടബാധ്യതയെ കുറിച്ച് പഠിക്കാന്‍  കേരളാ ഇന്‍റിപെന്‍റ്റന്‍റ് ഫാര്‍മേഴ്സ് അസോസിയേഷന്‍ (Kerala Independent Farmers Association - KIFA). അടുത്തകാലത്തായി കേരളത്തില്‍ രണ്ട് കര്‍ഷകര്‍ കടബാധ്യതമൂലം ആത്മഹത്യ ചെയ്തിരുന്നു. ഈ പ്രവണത വരും കാലങ്ങളില്‍ കൂടാനാണ് സാദ്ധ്യത. ഈ പ്രശ്നത്തിന് ഒരു ശാശ്വത പരിഹാരം കാണാനുന്നതിന്‍റെ ഭാഗമായി കേരളത്തില്‍ ലോണ്‍ എടുത്തും വസ്തു പണയം വച്ചും കൃഷി ചെയ്യുന്ന കര്‍ഷകരുടെ വിവരശേഖരണമാണ് ഈ സര്‍വ്വേ കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് കിഫ സംസ്ഥാന ചെയര്‍മാന്‍ അലക്സ് ഒഴുകയില്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു. 

നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ (NCRB) കണക്കുകൾ പ്രകാരം, 1995 മുതൽ 2019 വരെ ഇന്ത്യയിൽ കർഷക തൊഴിലിൽ ഏർപ്പെട്ടിരുന്ന 3,58,164 പേരാണ് ആത്മഹത്യ ചെയ്തത്. ഓരോ വര്‍ഷം കഴിയുമ്പോഴും ഈ മരണനിരക്കില്‍ വര്‍ദ്ധനവ് മാത്രമാണ് രേഖപ്പെടുത്തുന്നത്. 2019 ന് ശേഷം കൊവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള വര്‍ഷങ്ങള്‍ അടച്ചിടലിലേക്ക് നീങ്ങിയതോടെ സര്‍ക്കാര്‍ വായ്പകള്‍ക്ക് മോറോട്ടോറിയം പ്രഖ്യാപിച്ചു. കൊവിഡ് വ്യാപനത്തിലുണ്ടായ കുറവും നിയന്ത്രണങ്ങളില്‍ ഇളവ് വന്നതി തുടര്‍ന്നും വായ്പകള്‍ക്ക് മേലുള്ള മോറോട്ടോറിയം സര്‍ക്കാര്‍ എടുത്തുകളഞ്ഞു. 

പിന്നാലെ വയനാട്ടിലടക്കം ആയിരക്കണക്കിന് കര്‍ഷകര്‍ക്ക് ബാങ്കുകള്‍ ജപ്തി നോട്ടീസ് അയച്ചുതുടങ്ങിയെന്ന വാര്‍ത്തകളും പുറത്ത് വന്നു. പിന്നാലെ കര്‍ഷകര്‍ക്ക് നല്‍കിയിരിക്കുന്ന മോറോട്ടോറിയം നീട്ടണമെന്ന് കൃഷി മന്ത്രി പി പ്രസാദും ആവശ്യപ്പെട്ടു. എന്നാല്‍, മന്ത്രിയുടെ അഭിപ്രായത്തിന് ശേഷം കേരളത്തില്‍ രണ്ട് കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. ഏറ്റവും ഒടുവിലത്തേതാണ് തിരുവല്ല നിരണത്തെ രാജീവിന്‍റെ ആത്മഹത്യ. വരും മാസങ്ങളില്‍ കര്‍ഷക ആത്മഹത്യ വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട്. ഈയൊരു പ്രശ്നം  മുന്നില്‍ കണ്ടാണ് കേരളത്തിലെ കാര്‍ഷിക വായ്പയെ കുറിച്ചുള്ള വിവര ശേഖരണത്തിന് കിഫ തയ്യാറായതെന്ന് അലക്സ് പറഞ്ഞു.

കേരളത്തിലെ കര്‍ഷകര്‍ എടുത്ത കാര്‍ഷിക ലോണിനെ കുറിച്ച് കൃത്യമായൊരു ഡാറ്റ സര്‍ക്കാറിന്‍റെ കൈയിലില്ല. ബാങ്കുകളാകട്ടെ തങ്ങളുടെ കൈയിലുള്ള ഡാറ്റ കോണ്‍ഫിഡന്‍ഷ്യലാമെന്നാണ് പറയുന്നത്. അതിനാല്‍ ഈ വിവരങ്ങള്‍ പുറത്ത് വിടാന്‍ ബാങ്കുകള്‍ തയ്യാറാല്ല. അതിനാല്‍ ഇത്  സംബന്ധിച്ച തികച്ചും അടിസ്ഥാനവിവരങ്ങള്‍ തേടാനാണ് കിഫ ഈ ചോദ്യാവലിയിലൂടെ ശ്രമിക്കുന്നത്. ഇതിലൂടെ കേരളത്തിലെ കാര്‍ഷിക ലോണുകളുടെ കൃത്യമായ ഒരു ഡാറ്റാബാങ്ക് തയ്യാറാക്കുകയും അതുവഴി കര്‍ഷകര്‍ക്ക് ആവശ്യമെങ്കില്‍ നിയമസഹായം ലഭ്യമാക്കുകയുമാണ് കിഫയുടെ ലക്ഷ്യം. മാര്‍ക്കറ്റ് റിസര്‍ച്ച് സൊസൈറ്റി ഓഫ് ഇന്ത്യയുടെ ഗൈഡന്‍സ് അനുസരിച്ചാണ് ഈ വിവരശേഖരണമെന്നും അലക്സ് ഒഴുകയില്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു. 

സര്‍വ്വേയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക:  കിഫ കര്‍ഷക കടബാധ്യതാ സര്‍വ്വേ
 

Latest Videos
Follow Us:
Download App:
  • android
  • ios