Elephant Sex : കൊമ്പനെന്ന് ധരിച്ച് കറാച്ചി മൃഗശാല അധികൃതർ പിടിയാനയെ പോറ്റിയത് 12 കൊല്ലം
തിരിച്ചറിഞ്ഞതിനു പിന്നാലെ 'സോനു' എന്ന പേരുമാറ്റി 'സോണിയ' എന്നാക്കി അവർ മാറ്റുകയും ചെയ്തു.
കറാച്ചി മൃഗശാലയുടെ അഭിമാനമായിരുന്നു സോനു എന്ന ആന. കൊമ്പില്ലായിരുന്നു എങ്കിലും അവനെ ഒരു കൊമ്പനാനയ്ക്ക് നൽകേണ്ട പരിചരണങ്ങൾ എല്ലാം നൽകിയാണ് അധികൃതർ വളർത്തിയിരുന്നത്. പന്ത്രണ്ടു വർഷം ആറ്റുനോറ്റു വളർത്തിയ ശേഷം, അവർ കഴിഞ്ഞ ദിവസം ആ ഞെട്ടിക്കുന്ന സത്യമറിഞ്ഞു. തങ്ങളുടെ കൊട്ടിലിൽ ഉള്ളത് അവനല്ല, അവളാണ്. പന്ത്രണ്ടു വർഷം മുമ്പാണ് ടാൻസാനിയയിൽ ടാൻസാനിയയിൽ നിന്ന് സോനു, മല്ലിക എന്നീ രണ്ടു കുട്ടിയാനകളെ കറാച്ചി മൃഗശാലയിലേക്ക് എത്തിക്കുന്നത്. സോനു കൊമ്പനാണ് എന്നും, മലാക പിടിയാന എന്നുമായിരുന്നു അവരുടെ ധാരണ. എന്നാൽ അങ്ങനെയല്ല, സോനു പെണ്ണാണ് എന്ന് കഴിഞ്ഞ ദിവസം, ഒരു ജർമൻ വെറ്ററിനറി സ്പെഷ്യലിസ്റ്റിനെ ഉദ്ധരിച്ചുകൊണ്ട് കറാച്ചി മൃഗശാല സിന്ധ് ഹൈക്കോടതിയെ അറിയിച്ചു. പിന്നാലെ 'സോനു' എന്ന പേരുമാറ്റി 'സോണിയ' എന്നാക്കി അവർ മാറ്റുകയും ചെയ്തു എന്ന് ഡോൺ പത്രം റിപ്പോർട്ട് ചെയ്യുന്നു.
മൃഗശാലയിലെ വെറ്ററിനറി വിഭാഗത്തിന്റെ ആവശ്യപ്രകാരം, ഫോർ പാവ്സ്(Four Paws) എന്ന ആഗോള മൃഗ സംരക്ഷണ സമിതി തങ്ങളുടെ വിദഗ്ദ്ധനായ ഡോ. ഫ്രാങ്ക് ഗോറിറ്റ്സിന്റെ സേവനം അവിടത്തെ ആനകളുടെ പരിചരണത്തിന് വിട്ടുകൊടുക്കുകയായിരുന്നു. അവിടത്തെ നാല് ആനകളിൽ ഒന്നിന്റെ കൊമ്പിൽ അണുബാധയുണ്ടായി അത് നീക്കം ചെയ്യുക എന്ന സങ്കീർണമായ പ്രക്രിയ ചെയ്യാൻ വേണ്ടിയാണ് അദ്ദേഹം അവിടെ എത്തുന്നത്. അത്തരം രോഗാവസ്ഥകൾ ആനകളുടെ ജീവന് തന്നെ ഭീഷണിയാകും എന്ന സാഹചര്യത്തിലാണ് ഫോർ പാവ്‌സ് തങ്ങളുടെ വിദഗ്ധന്റെ സേവനം വിട്ടു നൽകുന്നത്.
ഈ ഡോക്ടർ പരിശോധനയ്ക്ക് വന്നപ്പോഴാണ്, അവിടെ കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലമായി മൃഗശാല അധികൃതർ കൊമ്പൻ എന്നും പറഞ്ഞു പോറ്റിക്കൊണ്ടിരുന്ന സോനു, ഒരു പിടിയാനയാണ് എന്നത് സ്ഥിരീകരിക്കപ്പെടുന്നത്. എന്നാൽ, അങ്ങനെ ഒരു തെറ്റിദ്ധാരണ മൃഗശാല അധികൃതർക്ക് വന്നതിലും കുറ്റം പറയാൻ പറ്റില്ല എന്നാണ് ഡോ. ഗോറിറ്റ്സ് പറയുന്നത്. സോണിയയുടെ അസാമാന്യവലിപ്പമുള്ള കൃസരി അഥവാ ഭഗശിശ്നിക (clitoris) ഇടയ്ക്കിടെ പുറത്തേക്ക് തള്ളി വന്നിരുന്നതിനെ അധികൃതർ ആനയുടെ ലിംഗം എന്ന് തെറ്റിദ്ധരിച്ചതാവാം എന്നാണ് അദ്ദേഹം പറയുന്നത്.
എന്നാൽ ഈ വാർത്ത വന്നതുമുതൽ കറാച്ചി മൃഗശാല അധികൃതരെ ട്രോളുന്ന തിരക്കിലാണ് പാകിസ്താനിലെ സോഷ്യൽ മീഡിയ. "ആന പിടിയോ കൊമ്പനോ എന്ന് കണ്ടാൽ അറിഞ്ഞുകൂടേ" എന്നും, "തവള ആണോ പെണ്ണോ എന്ന് കണ്ടെത്തുന്നതിൽ പിഴവ് വന്നു എന്നുപറഞ്ഞാൽ സമ്മതിക്കാം, ആനയുടെ ലിംഗനിർണയം എങ്ങനെയാണ് പിഴയ്ക്കുന്നത്" എന്നും മറ്റും ചോദിച്ചുകൊണ്ടുള്ള ട്വീറ്റുകളുടെ പ്രവാഹമാണ് ഈ വാർത്തയെത്തുടർന്നുണ്ടായത്.