Jayaram : ജയറാമിന് ഇതും വശമുണ്ട്; പശുവളര്‍ത്തലില്‍ തിളങ്ങി താരം
100 പശുക്കളാണ് ഫാമിലുള്ളത്. പുറമെ, വാഴയും ജാതിയും വിവിധയിനം പഴങ്ങളും തീറ്റപ്പുല്ലും സമൃദ്ധമായി വളരുന്നു. എച്ച് എഫ് ഇനം പശുക്കളാണ് കൂടുതല്‍.
അഭിനയത്തിലും ചെണ്ടമേളത്തിലും മാത്രമല്ല, കൃഷിയിലും പശുവളര്‍ത്തലിലും ഒരു കൈ നോക്കി നടന്‍ ജയറാം (Jayaram). പെരുമ്പാവൂര്‍ തോട്ടുവയിലെ ജയറാമിന്റെ ആറേക്കര്‍ ഫാമാണ് ശ്രദ്ധേയമാകുന്നത്. ഇത്തവണ മികച്ച കര്‍ഷകനുള്ള പ്രത്യേക ആദരവും ജയറാമിന് കൃഷി വകുപ്പ് നല്‍കി. ആനന്ദ് എന്നാണ് ഫാമിന് നല്‍കിയ പേര്. 100 പശുക്കളാണ് ഫാമിലുള്ളത്. പുറമെ, വാഴയും ജാതിയും വിവിധയിനം പഴങ്ങളും തീറ്റപ്പുല്ലും സമൃദ്ധമായി വളരുന്നു. എച്ച് എഫ് ഇനം പശുക്കളാണ് കൂടുതല്‍. വെച്ചൂര്‍, ജഴ്‌സി പശുക്കളും ഫാമില്‍ വളരുന്നു. ഗംഗ, യമുന തുടങ്ങി നദികളുടെ പേരാണ് പശുക്കള്‍ക്ക് നല്‍കിയിരിക്കുന്നത്. പശുക്കളുടെ ചാണകം ഉപയോഗിച്ചാണ് ഫാമിന് ആവശ്യമായ വൈദ്യുതി ഉല്‍പാദിപ്പിക്കുന്നത്.
ശാസ്ത്രീയമായ രീതിയിലാണ് മാലിന്യസംസ്‌കരണം. സ്വതന്ത്രമായി മേയാന്‍ വിട്ടാണ് പശുക്കളെ വളര്‍ത്തുന്നത്. ഫാമിന് പുറമെ നെല്ല്, തെങ്ങ് കൃഷിയും ജയറാം നടത്തുന്നു. കൃഷിവകുപ്പിന്റെ കാര്‍ഷിക പുരസ്‌കാരവും ഇക്കുറി ലഭിച്ചു. കാര്‍ഷിക രംഗത്തെ മികച്ച സംഭാവനകള്‍ പരിഗണിച്ച് ജയറാമിനെ പ്രത്യേകം ആദരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
സത്യൻ അന്തിക്കാട് ചിത്രത്തിന് 'മകളെ'ന്ന പേര് വന്നതിങ്ങനെ, ജയറാം പറയുന്നു
ജയറാം നായകനാകുന്ന പുതിയ ചിത്രമാണ് 'മകള്‍' (Makal). സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിലുള്ള ചിത്രത്തിന് പേര് കണ്ടെത്താൻ കാരണമായതാകട്ടെ ജയറാമിന്റെ മകള്‍ മാളവികയും. നടൻ ജയറാം തന്നെയാണ് ഇക്കാര്യെ വെളിപ്പെടുത്തിയത്. മകള്‍ മാളവികയെ താൻ പരിചയപ്പെടുത്തുന്നത് കണ്ടിട്ടാണ് സത്യൻ അന്തിക്കാട് ആ പേര് സ്വീകരിച്ചതെന്ന് ജയറാം പറയുന്നു.
സാധാരണ സത്യൻ അന്തിക്കാട് സിനിമകള്‍ക്ക് പേരിടുന്നത് വൈകിയാണ് എന്ന് ജയറാം പറയുന്നു. മനപൂര്‍വമല്ല. ആലോചിച്ചാണ് പേരിടുക. നമ്മുടെ സിനിമയുടെ അവസാന ദിവസം ഞാൻ ചോദിച്ചു. പേര് ആയില്ലേയെന്ന്. ആയിട്ടില്ല, ഒന്നും കിട്ടാതിരിക്കില്ല എന്നായിരുന്നു സത്യൻ അന്തിക്കാടിന്റെ മറുപടി.
അന്ന് എന്റെ മകള്‍ ഷൂട്ടിംഗ് കാണാൻ വന്നിരുന്നു. മോള് വന്നതു കാരണം ഷൂട്ട് കാണാൻ കുറെ കുടുംബങ്ങളും എത്തി. ആരാ കൂടെ എന്ന് അവര്‍ ചോദിച്ചപ്പോള്‍ മകളാണ്, എന്റെ മകള്‍ എന്ന് ഞാൻ പറഞ്ഞു. സത്യൻ അന്തിക്കാടും അത് കേട്ടു.
എന്നിട്ട് എന്റെ അടുത്ത് വന്ന് സത്യൻ അന്തിക്കാട് പറഞ്ഞു. ഇതാണ് നമ്മുടെ ടൈറ്റില്‍, 'മകള്‍'. ഒരു അച്ഛൻ തന്റെ മകളെ ആളുകളുടെ മുന്നില്‍ അഭിമാനത്തോടെ പരിചയപ്പെടുത്തുന്നത് കണ്ടിട്ടാണ് അദ്ദേഹം ചിത്രം പേരിട്ടതാണ്. അങ്ങനെയാണ് മകള്‍ ഉണ്ടായതെന്നും ജയറാം പറഞ്ഞു. 'രാധേ ശ്യാം' എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി സംസാരിക്കുകയായിരുന്നു ജയറാം.
സത്യൻ അന്തിക്കാട് ചിത്രത്തില്‍ മീരാ ജാസ്‍മിനാണ് നായികയായി അഭിനയിക്കുന്നത്. ഡോ. ഇക്ബാല്‍ കുറ്റിപ്പുറത്താണ് ചിത്രത്തിന്റെ രചന നിർവ്വഹിക്കുന്നത്. സെന്‍ട്രല്‍ പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മിക്കുന്നത്. മകള്‍ എന്ന പുതിയ ചിത്രത്തിന്റെ ഛായാഗ്രഹണം എസ് കുമാര്‍ ആണ്.