ജെയ്ഡ് ചെടിയുടെ ഇലകള്‍ കൊഴിഞ്ഞുപോകുന്നതിന് കാരണം
ജെയ്ഡ് ചെടിയില്‍ പൂക്കളുണ്ടായി കാണാത്തവരാണ് മിക്കവാറും ആളുകള്‍. ഏകദേശം അഞ്ചു മുതല്‍ എട്ടു വര്‍ഷം വരെ വളര്‍ച്ചയെത്തിയ ചെടികളില്‍ മാത്രമേ പൂക്കളുണ്ടാകാറുള്ളു. വീട്ടിനുള്ളില്‍ വളര്‍ത്തുന്ന ചെടികളില്‍ പൂക്കളുണ്ടാകാറില്ല.
ദക്ഷിണാഫ്രിക്കന്‍ സ്വദേശിയായ ജെയ്ഡ് ചെടി വളരെ എളുപ്പത്തില്‍ പരിപാലിച്ച് വളര്‍ത്താവുന്ന ഇനത്തില്‍പ്പെട്ടതാണ്. ഏകദേശം ആറ് അടിയോളം മാത്രം ഉയരത്തില്‍ വളരുന്ന ഈ ചെടിയില്‍ മനോഹരമായ നക്ഷത്രാകൃതിയുള്ള വെളുപ്പും പിങ്കും ഓറഞ്ചും പര്‍പ്പിളും നിറങ്ങളിലുള്ള കുഞ്ഞുപൂക്കളുമുണ്ടാകാറുണ്ട്. വളര്‍ത്താന്‍ എളുപ്പമാണെങ്കിലും പലപ്പോഴും ഇലകള്‍ കൊഴിഞ്ഞുപോകുന്നതായി കാണപ്പെടാറുണ്ട്.
ചെടികളെ ആക്രമിക്കുന്ന മീലിമൂട്ടയെ പ്രതിരോധിക്കാനായി ചിലര്‍ വെള്ളം ശക്തിയായി ഒഴിക്കാറുണ്ട്. ഇതുകാരണം ചെടിയുടെ തണ്ട് പൊട്ടിപ്പോയേക്കാം. മാലത്തിയോണ്‍ അടങ്ങിയ കീടനാശിനികള്‍ ഒരിക്കലും ജെയ്ഡ് ചെടികളില്‍ പ്രയോഗിക്കരുത്.
സാധാരണയായി സക്കുലന്റ് വര്‍ഗത്തില്‍പ്പെട്ട ചെടികള്‍ക്ക് ശാഖകള്‍ കുറവായിരിക്കും. ജെയ്ഡിന്റെ ഇലകള്‍ മഞ്ഞനിറമാകുകയും കൊഴിയുകയും ചെയ്യുന്നുണ്ടെങ്കില്‍ വെള്ളം അമിതമായി ഒഴിച്ചതാണ് കാരണമെന്ന് മനസിലാക്കാം. ഇങ്ങനെ വരുമ്പോള്‍ വേരുകള്‍ പരിശോധിക്കുകയും പാത്രത്തിന്റെ അടിഭാഗത്ത് വെള്ളം വാര്‍ന്നുപോകുന്നതിന് തടസ്സങ്ങളില്ലെന്ന് ഉറപ്പുവരുത്തുകയും വേണം. വേരുകള്‍ ആരോഗ്യമുള്ളതും വെളുപ്പ് നിറമുള്ളതുമാണെങ്കില്‍ പുതിയ പാത്രത്തിലേക്ക് പോട്ടിങ്ങ് മിശ്രിതം നിറച്ച് മാറ്റി നടണം. വേരുകളുടെ ഭാഗങ്ങള്‍ കേടുവന്നതായി കണ്ടാല്‍ ഒഴിവാക്കിയശേഷം പുതിയ മണ്ണ് നിറച്ച് മാറ്റിനടാം.
വളരെക്കാലമായി ചെടികളിലുണ്ടായിരുന്ന ഇലകളാണ് കൊഴിയുന്നതെങ്കില്‍ താപനിലയിലുള്ള വ്യത്യാസമാണ് കാരണം. ചൂട് കൂടുമ്പോള്‍ പഴയ ഇലകള്‍ കൊഴിയും. ഇലകളുടെ മുകളില്‍ കറുത്ത നിറത്തിലുള്ള ആവരണം കാണപ്പെടുകയാണെങ്കില്‍ അന്തരീക്ഷത്തില്‍ ഈര്‍പ്പം കൂടുന്നതുകൊണ്ടാണെന്ന് മനസിലാക്കണം. സോപ്പ് ലായനി ഉപയോഗിച്ച് ഈ ആവരണം കഴുകിക്കളഞ്ഞ ശേഷം ചെടിക്ക് നല്ല സൂര്യപ്രകാശം ലഭിക്കുന്നതും ഈര്‍പ്പം കുറഞ്ഞതുമായ സ്ഥലത്തേക്ക് മാറ്റിവെക്കണം. മണ്ണിന്റെ ഉപരിതലത്തില്‍ വെളുത്തതോ ചാരനിറത്തിലോ ഉള്ള ആവരണം കാണപ്പെടുകയാണെങ്കില്‍ അമിതമായ വളപ്രയോഗമാകാം കാരണം. വെള്ളം കൂടുതല്‍ നല്‍കിയാലും ഇങ്ങനെ സംഭവിക്കാം.
ജെയ്ഡ് ചെടിയില്‍ പൂക്കളുണ്ടായി കാണാത്തവരാണ് മിക്കവാറും ആളുകള്‍. ഏകദേശം അഞ്ചു മുതല്‍ എട്ടു വര്‍ഷം വരെ വളര്‍ച്ചയെത്തിയ ചെടികളില്‍ മാത്രമേ പൂക്കളുണ്ടാകാറുള്ളു. വീട്ടിനുള്ളില്‍ വളര്‍ത്തുന്ന ചെടികളില്‍ പൂക്കളുണ്ടാകാറില്ല.
തണുപ്പുകാലത്ത് വീട്ടിനുള്ളില്‍ വളരുന്ന ചെടികളില്‍ മൃദുവായതും നല്ല കടുംപച്ചനിറത്തിലുള്ളതുമായ ഇലകളുണ്ടായിരിക്കും. കുറഞ്ഞ അളവില്‍ വെളിച്ചം പതിക്കുന്നതാണ് കാരണം. വേനല്‍ക്കാലത്ത് നേരിട്ടുള്ള സൂര്യപ്രകാശം ലഭിക്കുന്ന രീതിയില്‍ വീടിന് വെളിയില്‍ വളര്‍ത്തിയാല്‍ ഇലകള്‍ക്ക് പൊള്ളലേറ്റ പോലെ കാണപ്പെടും.