ചെമ്പരത്തിയുടെ ഇലകള്‍ക്ക് മഞ്ഞനിറം ബാധിച്ചാല്‍
മറ്റൊരു സംഗതി കൂടിയുണ്ട്. ചെടിക്ക് ആവശ്യമുള്ളതിനേക്കാള്‍ കൂടുതല്‍ വെള്ളം നല്‍കിയാലും വേണ്ടത്ര വെള്ളം ലഭിക്കാതിരുന്നാലും ഇലകള്‍ക്ക് മഞ്ഞളിപ്പ് ബാധിക്കും.
മാല്‍വേസിയ സസ്യകുടുംബത്തിലെ അംഗമായ ചെമ്പരത്തി വര്‍ഷം മുഴുവന്‍ പൂക്കള്‍ തരുന്ന ചെടികളില്‍ പ്രധാനിയാണ്. ഉഷ്‍ണമേഖലാ പ്രദേശങ്ങളിലും ഉപോഷ്‍ണമേഖലാപ്രദേശങ്ങളിലും നന്നായി വളരുന്ന ചെമ്പരത്തിയുടെ ഇലകളും പൂക്കളും ഔഷധഗുണമുള്ളതാണ്. പക്ഷേ, ഇലകള്‍ക്ക് മഞ്ഞനിറം ബാധിച്ചാലോ?
ചെമ്പരത്തിയുടെ ഏതാണ്ട് നാല്‍പതോളം ഇനങ്ങള്‍ കണ്ടുവരുന്നുണ്ട്. നല്ല കടുംപച്ചനിറത്തിലുള്ള ഇലകളുള്ള അഞ്ച് ഇതളുകളുള്ള ചുവന്ന ചെമ്പരത്തിയാണ് ഔഷധങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്നത്. താരന്‍ അകറ്റാനായി ഇലകള്‍ താളിയാക്കി തലയില്‍ തേക്കാറുമുണ്ട്. ഇലകള്‍ക്ക് മഞ്ഞനിറം ബാധിക്കാന്‍ ചില കാരണങ്ങളുണ്ട്.
പോഷകങ്ങളുടെ അഭാവമുണ്ടാകുമ്പോഴാണ് സാധാരണയായി ഇലകള്‍ മഞ്ഞയാകുന്നത്. നൈട്രജനും ഫോസ്‍ഫറസും പൊട്ടാസ്യവും ശരിയായ അനുപാതത്തില്‍ നല്‍കിയാല്‍ ഈ പ്രശ്‌നം അവസാനിക്കും.
മറ്റൊരു സംഗതി കൂടിയുണ്ട്. ചെടിക്ക് ആവശ്യമുള്ളതിനേക്കാള്‍ കൂടുതല്‍ വെള്ളം നല്‍കിയാലും വേണ്ടത്ര വെള്ളം ലഭിക്കാതിരുന്നാലും ഇലകള്‍ക്ക് മഞ്ഞളിപ്പ് ബാധിക്കും.
ചൂട് കൂടുതലായാലും ചിലപ്പോള്‍ ഇലകള്‍ മഞ്ഞനിറമാകാം. വേനല്‍ക്കാലത്ത് ചെടിക്ക് ധാരാളം വെള്ളം ആവശ്യമാണ്. ചെടി വല്ലാതെ വരണ്ടുപോയാല്‍ ഇലകള്‍ മഞ്ഞനിറമായി കൊഴിയും. അതുപോലെ കഠിനമായ തണുപ്പായാലും ഇലകള്‍ മഞ്ഞനിറമാകും.
സൂര്യപ്രകാശം അധികമായാല്‍ ഇലകളില്‍ സൂര്യതാപം മൂലം വെളുത്ത കുത്തുകള്‍ പ്രത്യക്ഷപ്പെടും. അങ്ങനെ സംഭവിക്കുമ്പോള്‍ ഇലകള്‍ പറിച്ചുമാറ്റി കൊമ്പുകോതല്‍ നടത്തണം. പകുതി തണല്‍ ലഭിക്കുന്ന സ്ഥലത്തേക്ക് ചെടി മാറ്റിവെക്കണം.
സൂര്യപ്രകാശം ആവശ്യത്തിന് ലഭിക്കാതിരുന്നാലും നിറവ്യത്യാസം സംഭവിക്കുകയും ഇലകള്‍ കൊഴിയുകയും ചെയ്യും. ശിശിരകാലത്താണ് ഇലകള്‍ കൊഴിയുന്നതെങ്കില്‍ കൂടുതലായി നനച്ചുകൊടുത്ത് വളര്‍ത്താതെ ചെടിക്ക് വിശ്രമം നല്‍കണം.