ഇന്ത്യയിലെ മലിനീകരണം കണ്ട് ഞെട്ടിയ ഇസ്രായേലി ഗവേഷകൻ വികസിപ്പിച്ചെടുത്തത് മണ്ണിനെ ശുദ്ധീകരിക്കാനുള്ള പുതിയവിദ്യ
വെള്ളം, പച്ചക്കറികൾ, മൃഗങ്ങൾ എന്നിവ വഴി മനുഷ്യരിലേക്കും കടന്നുവരുന്ന ഈ ലോഹം, മനുഷ്യ ശരീരത്തിൽ പ്രവേശിച്ചാൽ അത് വൃക്കകൾ തകരാറിലാക്കും
ഏതാനും വർഷങ്ങൾക്ക് മുമ്പാണ് ടെൽ അവീവിലെ യൂണിവേഴ്സിറ്റി സ്‌കൂൾ ഓഫ് എൻവയോൺമെന്റൽ ആൻഡ് എർത്ത് സയൻസസിലെ വിദ്യാർത്ഥിയും ഗവേഷകനുമായ ഇയാൾ ഗ്രോസ്മാൻ ഇന്ത്യ സന്ദർശിക്കുന്നത്. മണ്ണും വെള്ളവും വായുവുമെല്ലാം നേരിടുന്ന ഗുരുതരമായ മലിനീകരണം നമ്മുടെ നാട്ടിലെ പലയിടത്തുവെച്ചും നേരിൽ കണ്ട ഗ്രോസ്മാൻ മടങ്ങി ചെന്ന പാടെ ഗവേഷണം തുടങ്ങിയത് ഇങ്ങനെ മലിനീകൃതമായ മണ്ണും വെള്ളവും വായുവുമൊക്കെ എങ്ങനെ ശുദ്ധീകരിക്കാൻ എന്നതിനെക്കുറിച്ചാണ്.
ലോകത്ത് മലിനീകരണം നേരിടുന്ന മണ്ണിന്റെ പകുതിയും ലോഹ മാലിന്യങ്ങളാൽ നിറഞ്ഞവയാണ് എന്ന് ഗ്രോസ്മാൻ കണ്ടെത്തുന്നു. ലോകത്തിൽ എവിടെയുമുള്ള, ഇസ്രായേൽ അടക്കമുള്ള വ്യവസായവല്കൃതമായ ഏതൊരു പ്രദേശവും ഇതേ പ്രശ്നത്തിന്റെ ഇരയാണ് എന്നും അദ്ദേഹം തിരിച്ചറിയുന്നു. ഒരു കാലത്തും നശിക്കില്ല എന്നതാണ് മണ്ണിൽ കലരുന്ന ലോഹ മാലിന്യങ്ങളുടെ ഏറ്റവും വലിയ പ്രശ്നം. മണ്ണിന്റെ മലിനീകരണം എന്ന പ്രശ്നം പരിഹരിക്കുക ഏറെ ദുഷ്കരമായ ഒരു പണിയാണ്. മാലിന്യം കലർന്ന മണ്ണ് മണ്ണുമാന്തി യന്ത്രങ്ങൾ കൊണ്ട് കോരിയെടുത്ത്, ഡമ്പർ ട്രക്കുകളിൽ കയറ്റി ഫാക്ടറികളിൽ എത്തിച്ച് ഈ മാലിന്യങ്ങൾ നീക്കം ചെയ്യുക എന്നത് കോടിക്കണക്കിനു ഡോളർ ചെലവുള്ള, ഏറെ സമയം എടുക്കുന്ന വലിയൊരു പ്രക്രിയകൂടിയാണ്.
ഇക്കൂട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ലോഹം കാഡ്മിയം ആണ്. ഇന്റർനാഷണൽ ഏജൻസി ഫോർ റിസർച്ച് ഓൺ കാൻസർ(IARC) പുറത്തിറക്കിയ റിപ്പോർട്ടുകൾ പ്രകാരം കാൻസറിന് കാരണമായ കാർസിനോജനുകളിൽ ഒന്നാണ്. വെള്ളം, പച്ചക്കറികൾ, മൃഗങ്ങൾ എന്നിവ വഴി മനുഷ്യരിലേക്കും കടന്നുവരുന്ന ഈ ലോഹം, മനുഷ്യ ശരീരത്തിൽ പ്രവേശിച്ചാൽ അത് വൃക്കകൾ തകരാറിലാക്കും, അസ്ഥികൾക്ക് കേടുപാടുകൾ വരുത്തും. മണ്ണിൽ കാഡ്മിയത്തിന്റെ അളവ് കൂടുമ്പോൾ അത് ചെടികളുടെ പ്രകാശ സംശ്ലേഷണ ശേഷിയെയും അത് കാര്യമായി ബാധിക്കുന്നുണ്ട്.
ഗ്രോസ്മാന്റെ നേതൃത്വത്തിൽ നടന്ന ഇസ്രായേലി പഠനത്തിൽ ഫൈറ്റോ റെമെഡിയെഷൻ (phytoremediation) എന്ന മാർഗമാണ് അവലംബിച്ചിട്ടുള്ളത്. അത് ആശ്രയിക്കുന്നതോ ഹൈപ്പർ അക്കുമുലേറ്റർ( hyperaccumulators) പ്ലാന്റുകൾ എന്നറിയപ്പെടുന്ന ചിലയിനം സസ്യങ്ങളെയും. ഈ ചെടികൾ മണ്ണിൽ കലർന്നിട്ടുള്ള ലോഹാംശത്തെ വേരുകളിലൂടെ വലിച്ചെടുത്ത്, ഇലകളിൽ ശേഖരിക്കും. ഈ ലോഹാംശത്തെ ഉപയോഗിച്ചാണ് ഇത്തരം സസ്യങ്ങൾ കീടങ്ങളോട് പോരാടുന്നത്. ഇന്നോളം 721 സസ്യ ഇനങ്ങളാണ് ഹൈപ്പർ അക്കുമുലേറ്റഷൻ ചെയ്യുന്നതായി കണ്ടെത്തപ്പെട്ടിട്ടുള്ളത് എന്ന് ഗ്രോസ്മാൻ പറഞ്ഞു. ഇതിൽ സൺഫ്ലവർ, ചോളം തുടങ്ങി നമുക്ക് പരിചയമുള്ള പല സസ്യങ്ങളുമുണ്ട്. ഈ സസ്യങ്ങളെ അവയുടെ ജോലി ചെയ്യാൻ വിടുന്നതിലൂടെ കോടിക്കണക്കിനു ഡോളർ ചെലവുള്ള ഈ 'ശുചീകരണ' പ്രക്രിയ കൂടിയാണ് ഒഴിവാക്കപ്പെടുന്നത്. ഇങ്ങനെ ലോഹാംശം വലിച്ചെടുക്കുന്ന സസ്യങ്ങളിൽ നിന്ന് ബയോ ഫ്യൂവൽ വരെ ഉണ്ടാക്കാം എന്നും ഗ്രോസ്മാൻ പറയുന്നു.
സ്വതവേ വേഗത്തിൽ തന്നെ നടക്കുന്ന ഈ ഹൈപ്പർ അക്കുമുലേഷൻ പ്രക്രിയ കൂടുതൽ പെട്ടെന്നാക്കാനുള്ള വിദ്യ കൂടി ഇസ്രായേലി ഗവേഷകർ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഗവേഷണങ്ങളുടെ ഭാഗമായി 80 സൺഫ്ലവർ ചെടികൾ നട്ട മണ്ണിലേക്ക് കാഡ്മിയം കുത്തിവെക്കുന്നു. ശേഷം, ഒരു പല്ലുകുത്തികൊണ്ട് ചെറുതായി കുത്തിയ ശേഷം അതിനുമേൽ ജാസ്‌മോണിക് ആസിഡ് എന്ന പ്ലാന്റ് ഹോർമോൺ കുത്തിവെക്കുന്നു. പ്രാണികളുടെ ആക്രമണം ഉണ്ടാവുമ്പോൾ സസ്യങ്ങളിൽ ഉത്പാദിപ്പിക്കപ്പെടുന്ന ഒരു ഹോർമോൺ ആണിത്. അതോടെ, തങ്ങൾ പ്രാണികളാൽ അക്രമിക്കപ്പെട്ടിരിക്കുകയാണ് എന്ന് തെറ്റിദ്ധരിക്കുന്ന സസ്യങ്ങൾ കൂടിയ അളവിൽ ( 40 ശതമാനത്തോളം അധികം) മണ്ണിൽ നിന്ന് കാഡ്മിയം വലിച്ചെടുത്ത് ഇലകളിൽ ശേഖരിക്കുന്നതായി പഠനങ്ങൾ തെളിയിച്ചു. ഈ പഠനഫലങ്ങളെ എങ്ങനെ വ്യവസായികാടിസ്ഥാനത്തിൽ മണ്ണുശുദ്ധീകരണത്തിനു വേണ്ടി പ്രയോജനപ്പെടുത്താം എന്നുള്ള ഗവേഷണത്തിലാണ് ഇപ്പോൾ ഇസ്രായേലി ശാസ്ത്രജ്ഞർ.