തുവരപ്പരിപ്പിലും ഹൈബ്രിഡ് പരീക്ഷണം, കൃഷിരീതി ഇങ്ങനെ...
നനയ്ക്കുമ്പോള്‍ ശ്രദ്ധിക്കണം. വിത്ത് മുളപ്പിച്ച് നട്ട് കഴിഞ്ഞാല്‍ അഞ്ചു മാസം നനയ്ക്കണം. പൂവിട്ടതിനുശേഷം മാത്രമേ പിന്നീട് നനയ്‌ക്കേണ്ട ആവശ്യമുള്ളു. നട്ട് കഴിഞ്ഞാല്‍ മൂന്ന് മാസത്തിന് ശേഷം വീണ്ടും അല്‍പം കുമ്മായം ചേര്‍ക്കാം.
തുവരക്കൃഷി നാട്ടിന്‍പുറങ്ങളില്‍ ഇന്ന് വളരെ വിരളമാണ്. സാമ്പാറിലും മറ്റു കറികളിലും അവിഭാജ്യ ഘടകമായ പരിപ്പിന് നിരവധി ഗുണങ്ങളുണ്ട്. പ്രോട്ടീനും കാല്‍സ്യവും വിറ്റാമിന്‍ ബിയും ധാരാളം അടങ്ങിയ തുവരപ്പരിപ്പ് ഉത്തരേന്ത്യയില്‍ ധാരാളമായി ഉപയോഗിക്കുന്നു. തെങ്ങിന്‍തോപ്പില്‍ ഇടവിളയായി കൃഷി ചെയ്യാവുന്നതാണ് തുവര. നെല്‍പ്പാടങ്ങളുടെ വരമ്പുകളിലും മരച്ചീനിത്തോട്ടത്തിലുമൊക്കെ പരീക്ഷിച്ചു നോക്കാവുന്ന കൃഷിയാണിത്. ഇപ്പോള്‍ ഹൈബ്രിഡ് ഇനങ്ങളും വികസിപ്പിച്ചു കഴിഞ്ഞു.
അന്തരീക്ഷത്തിലെ നൈട്രജന്‍ സ്ഥിരീകരിക്കാനുള്ള കഴിവും മണ്ണിനാവശ്യമുള്ള ഫോസ്ഫറസ്, ജൈവവസ്തുക്കള്‍, പോഷകങ്ങള്‍ എന്നിവ നല്‍കാനുള്ള കഴിവും തുവരച്ചെടിയെ മണ്ണിന് പ്രിയപ്പെട്ടതാക്കി മാറ്റുന്നു. ഉഷ്ണ മേഖലാ പ്രദേശങ്ങളിലും ഉപോഷ്ണമേഖലാപ്രദേശങ്ങളിലും സുസ്ഥിരമായ കൃഷിരീതിയില്‍ തുവരക്കൃഷിക്ക് പ്രാധാന്യമുണ്ട്. ഇന്ത്യയില്‍ 36.3 ലക്ഷം ഹെക്ടര്‍ പ്രദേശത്ത് തുവരക്കൃഷി ചെയ്യുന്നുണ്ട്. വാര്‍ഷിക ഉത്പാദനമായി കണക്കാക്കുന്നത് 27.6 ലക്ഷം ടണ്ണാണ്.
കൃഷിരീതി
വെള്ളം കെട്ടി നില്‍ക്കാത്ത സ്ഥലത്താണ് കൃഷി ചെയ്യേണ്ടത്. മെയ്-ജൂണ്‍ മാസങ്ങളാണ് കൃഷിക്ക് യോജിച്ചത്. കുഴികള്‍ തമ്മില്‍ മൂന്നടി അകലം വേണം.
വിത്തുകള്‍ നടുന്നതിന് മുമ്പ് സ്യൂഡോമോണസ് കലക്കിയ വെള്ളത്തില്‍ മുക്കിവെക്കുന്നത് നല്ലതാണ്. മുക്കാല്‍ ലിറ്റര്‍ വെള്ളത്തില്‍ കാല്‍ കിലോഗ്രാം സ്യൂഡോമോണാസ് കലക്കി എട്ടു മണിക്കൂര്‍ വിത്തുകള്‍ മുക്കിവെക്കാം. വിത്ത് നടുന്നതിന് ഏകദേശം പത്ത് ദിവസം മുമ്പ് കുഴിയില്‍ അല്‍പം കുമ്മായം ചേര്‍ക്കണം.
നനയ്ക്കുമ്പോള്‍ ശ്രദ്ധിക്കണം. വിത്ത് മുളപ്പിച്ച് നട്ട് കഴിഞ്ഞാല്‍ അഞ്ചു മാസം നനയ്ക്കണം. പൂവിട്ടതിനുശേഷം മാത്രമേ പിന്നീട് നനയ്‌ക്കേണ്ട ആവശ്യമുള്ളു. നട്ട് കഴിഞ്ഞാല്‍ മൂന്ന് മാസത്തിന് ശേഷം വീണ്ടും അല്‍പം കുമ്മായം ചേര്‍ക്കാം.
പാലക്കാട് ജില്ലയിലാണ് ഇപ്പോള്‍ തുവരക്കൃഷി കാര്യമായി നടക്കുന്നുള്ളു. ഒരു വര്‍ഷത്തില്‍ ഒരു തവണ മാത്രമേ വിളവെടുക്കാന്‍ പറ്റുകയുള്ളു.
തുവരയിലെ ഹൈബ്രിഡ് ഇനങ്ങള്‍
ഉത്പാദനം വര്‍ധിപ്പിക്കാനാണ് ഹൈബ്രിഡ് ഇനങ്ങള്‍ വികസിപ്പിച്ചത്. 1974 -ല്‍ വ്യാവസായികാടിസ്ഥാനത്തില്‍ തുവര കൃഷി ചെയ്യാനായി ഹൈബ്രിഡ് ഇനങ്ങള്‍ വികസിപ്പിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ജെനറ്റിക് -മെയ്ല്‍ സ്റ്റെറിലിറ്റി എന്ന സാങ്കേതിക വിദ്യയാണ് ആദ്യമായി അവലംബിച്ചത്.
ജെംപ്ലാസം അഥവാ ചെടികളുടെ വംശവര്‍ധനവിനാവശ്യമായ വിത്തുകളും കലകളും സംരക്ഷിക്കുന്ന സംവിധാനത്തിലാണ് തുടക്കത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. നിരവധി ഗവേഷണങ്ങള്‍ക്ക് ശേഷം ആദ്യത്തെ ഹൈബ്രിഡ് ഇനമായ ഐ.സി.പി.എച്ച് 8 കണ്ടെത്തി.
സി.എം.എസ് അഥവാ സൈറ്റോപ്ലാസ്മിക് മെയില്‍ സ്റ്റെറിലിറ്റി
സി.എം.എസ് വികസിപ്പിച്ചതായിരുന്നു ഹൈബ്രിഡ് ഇനങ്ങളുടെ ഉത്പാദനത്തിലെ പ്രധാനപ്പെട്ട വസ്തുത. ജീവകോശങ്ങള്‍ക്കുള്ളില്‍ പ്ലാസ്മാ സ്തരത്തിനുള്ളില്‍, മര്‍മത്തിന് പുറത്തായി കാണുന്ന ജെല്ലി പോലുള്ള പദാര്‍ഥമാണ് സൈറ്റോപ്ലാസം. ഇതിനെ കോശദ്രവ്യം എന്നും പറയും. സൈറ്റോപ്ലാസം എ2 എന്നതും സൈറ്റോപ്‌ളാസം എ4 എന്നതുമാണ് ഹൈബ്രിഡ് ഇനങ്ങളുടെ ഉത്പാദനത്തില്‍ ഏറ്റവും കാര്യക്ഷമമായത്.
ഹൈബ്രിഡ് ഇനങ്ങള്‍ക്കുള്ള ഗുണങ്ങള്‍
1. വിളവ് കൂടുതല്‍
2. വിത്തുകള്‍ക്ക് ഗുണനിലവാരം കൂടുതല്‍
3. വരള്‍ച്ച പ്രതിരോധിക്കാനുള്ള കഴിവ്
4. രോഗപ്രതിരോധ ശേഷി
ഹൈബ്രിഡ് ഇനങ്ങള്‍ക്ക് ഗുണങ്ങള്‍ ഏറെയുണ്ടെങ്കിലും വിത്തുകള്‍ ഉത്പാദിപ്പിക്കാനുള്ള പണച്ചെലവ് കാരണം വ്യാപകമായി ഈ വിദ്യ സ്വീകരിക്കുന്നില്ല. തുവരയിലെ സി.എം.എസ് സംവിധാനത്തിലൂടെ വികസിപ്പിച്ച ഇനങ്ങള്‍ ഗവേഷണരംഗത്ത് വലിയ നേട്ടം തന്നെയാണ്.