തായ് വഴുതന പല നിറങ്ങളില്‍; വേവിച്ചും വേവിക്കാതെയും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം
കാരറ്റ്, ജമന്തി, പുതിനയില എന്നിവ വളര്‍ത്തുന്ന സ്ഥലത്ത് തായ് വഴുതനയും വളരും. പക്ഷേ ബീന്‍സ്, ബ്രൊക്കോളി, കോളിഫ്‌ളവര്‍ എന്നിവയോടൊപ്പം വളര്‍ത്തുന്നത് ഉചിതമല്ല.
ദക്ഷിണ-കിഴക്ക് എഷ്യന്‍ രാജ്യങ്ങളില്‍ വിവിധ വിഭവങ്ങളില്‍ ഉപയോഗിക്കുന്ന തായ് വഴുതന ഇന്ത്യയിലും ശ്രീലങ്കയിലും കൃഷി ചെയ്യുന്നുണ്ട്. തായ്‌ലാന്റിലെയും കമ്പോഡിയയിലെയും പാചകവിധികളിലാണ് ഈയിനം വഴുതന സര്‍വസാധാരണമായി ഉപയോഗിക്കുന്നത്. തായ് പര്‍പ്പിള്‍, തായ് ഗ്രീന്‍, തായ് യെല്ലോ, തായ് വൈറ്റ് എന്നിങ്ങനെ വിവിധ നിറങ്ങളില്‍ ഈ വഴുതന ലഭ്യമാണ്. തായ് സാലഡുകളില്‍ വേവിക്കാതെയും ഈ വഴുതന ഉപയോഗിക്കുന്നുണ്ട്.
ഇറച്ചിയുടെ പകരക്കാരനായി പലരും പ്രയോജനപ്പെടുത്തുന്ന വഴുതന നമ്മുടെ സാമ്പാറിലെയും പ്രധാന ഘടകമാണ്. മറ്റുള്ള വഴുതനയിനങ്ങളെ അപേക്ഷിച്ച് അല്‍പം ചെറുതാണ് ഇത്. തായ്‌ലാന്റ് സ്വദേശിയായ ഈ പച്ചക്കറി ഉഷ്ണമേഖലാപ്രദേശങ്ങളിലാണ് നന്നായി വളരുന്നത്. മൃദുവായ തൊലിയാണ്. ഗോള്‍ഫ് ബാളിന്റെ ആകൃതിയുള്ള തായ് വഴുതന എഷ്യയിലെ വിപണിയില്‍ വന്‍തോതില്‍ വിറ്റഴിക്കപ്പെടുന്നുണ്ട്.
തൈകള്‍ രണ്ടടി അകലത്തിലാണ് നടുന്നത്. പി.എച്ച് മൂല്യം 5.5 നും 6.5നും ഇടയിലുള്ള മണ്ണാണ് കൃഷി ചെയ്യാന്‍ അനുയോജ്യം. തണുപ്പ് കൂടുതലുള്ള കാലാവസ്ഥയില്‍ രാത്രിയില്‍ തൈകള്‍ മൂടിവെച്ച് സംരക്ഷിക്കണം. മണ്ണില്‍ ഈര്‍പ്പം നിലനിര്‍ത്തണം.
കാരറ്റ്, ജമന്തി, പുതിനയില എന്നിവ വളര്‍ത്തുന്ന സ്ഥലത്ത് തായ് വഴുതനയും വളരും. പക്ഷേ ബീന്‍സ്, ബ്രൊക്കോളി, കോളിഫ്‌ളവര്‍ എന്നിവയോടൊപ്പം വളര്‍ത്തുന്നത് ഉചിതമല്ല.
കായകളുണ്ടാകുന്നതിന് മുന്നോടിയായി പര്‍പ്പിളോ വെളുപ്പോ നിറത്തിലുള്ള പൂക്കള്‍ പ്രത്യക്ഷപ്പെടും. ചിലപ്പോള്‍ ഈ പൂക്കളും പാചകത്തിന് ഉപയോഗിക്കാറുണ്ട്. കായകളുണ്ടാകാന്‍ തുടങ്ങിയാല്‍ ഒരു കുലയില്‍ നാലെണ്ണം മാത്രം അവശേഷിപ്പിച്ച് ബാക്കി പറിച്ചുകളയണം. ഓരോ മൂന്നാഴ്ച കഴിയുമ്പോഴും ആവശ്യത്തിന് വളം നല്‍കണം.
തായ് വിഭവങ്ങളില്‍ ഈ വഴുതന കറികളിലും നൂഡില്‍സിലും അരി കൊണ്ടുള്ള വിഭവങ്ങളിലും ഉപയോഗിക്കുന്നു. ഭാരം കുറയ്ക്കാന്‍ താല്‍പര്യമുള്ളവര്‍ക്കും കഴിക്കാവുന്ന കലോറി കുറഞ്ഞ പച്ചക്കറിയാണിത്. വറുത്തെടുത്തും അച്ചാറുണ്ടാക്കിയും തായ് വഴുതന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നവരുണ്ട്.