ആപ്പിളിനേക്കാൾ പോഷകപ്രദവും രുചികരവും; കാക്കിപ്പഴത്തിന്റെ സാധ്യതകൾ

കാക്കിപ്പഴത്തിന്റെ ഏകദേശം അൻപതു വിത്തുകൾ അടങ്ങിയ ഒരു പാക്കറ്റിന് ഇന്ത്യയിൽ 700 രൂപയാണ് വില. പഴത്തിന് കിലോ​ഗ്രാമിന് 750 രൂപ വരെ പൊതുവിപണിയിൽ ലഭിക്കും. ഒരു കാക്കിപ്പഴത്തിന് ഏകദേശം 80 ​ഗ്രാം മുതൽ 150 ​ഗ്രാം വരെ ഭാരമുണ്ടാവും.

how to grow persimmon

ഒറ്റനോട്ടത്തിൽ തക്കാളിയാണെന്നു തോന്നുന്ന, ഓറഞ്ചു നിറത്തോടു കൂടിയ പഴമാണ് കാക്കിപ്പഴം. തക്കാളിയുമായി താരതമ്യപ്പെടുത്തിയാൽ ഈ പഴത്തിന്റെ തൊലിക്ക് തക്കാളിത്തൊലിയേക്കാൾ ഇത്തിരി കട്ടി കൂടുതലാണ്. എന്നാൽ, സപ്പോട്ടയുടേതുപോലെ അത്ര കട്ടിയില്ല താനും. പഴുത്തു കഴിഞ്ഞാൽ നല്ല മധുരമുള്ള അകക്കാമ്പോടുകൂടിയ രുചികരമായ പഴമാണ് ഇത്. തേനൂറുന്ന മധുരമാണെങ്കിലും കാക്കിപ്പഴത്തിന്റെ ഉള്ളടരുകൾ പലപ്പോഴും സപ്പോട്ടയുടേതു പോലെയും രുചി ആപ്പിളിനും സപ്പോട്ടയ്ക്കും ഇടയിലുള്ളതുമാണ്. ശരിക്കു പഴുത്തില്ലെങ്കിൽ സപ്പോട്ടയുടേതുപോലുള്ള കറ കുത്തുന്ന രുചിയാണു താനും. 

how to grow persimmon

തമ്പിൽപ്പഴം, കാക്കപ്പനച്ചിപ്പഴം. കാക്കപ്പഴം, കാക്കത്തിന്നിപ്പനച്ചി, കാകതിന്ദുകം തുടങ്ങിയ പല പേരുകളിൽ പല സ്ഥലത്തും അറിയപ്പെടുന്ന കാക്കിപ്പഴത്തിന് പെർസിമോൺ (persimmon) എന്നാണ് ഇം​​ഗ്ലീഷ് പേര്. പിയാനോയുടെ കറുത്ത കീകൾ നിർമ്മിക്കാനുപയോ​ഗിക്കുന്ന എബോണിമരത്തിന്റെ കുടുംബാം​ഗമാണ് കാക്കിപ്പഴം. ദൈവികമായ പഴം എന്ന അർത്ഥം വരുന്ന  ​ഗ്രീക്കുവാക്കായ ഡയോസ്പൈറോസ് എന്ന വാക്കു ചേർത്ത്  ഡയോസ്പൈറോസ്  കാകി (Diospyros kaki) എന്നാണ് ഇതിന്റെ ശാസ്ത്രനാമം.   

അറുപതടി ഉയരത്തിലും 25 അടി ഇലപ്പടർപ്പു വിസ്താരത്തിലും വളരാവുന്ന കാക്കിപ്പഴമരം പത്തടി മാത്രം ഉയരത്തിലുള്ള കുറ്റിച്ചെടിയായും വളരും. വിത്തുമുളപ്പിച്ചാണ് വളർത്തുന്നതെങ്കിൽ ഏഴാം വർഷം കായ്ഫലം തന്നു തുടങ്ങുന്ന മരം മുപ്പതുമുതൽ അമ്പതുവർഷം വരെ കായ്ക്കും. പൂക്കളിൽ സ്വയം പരാ​ഗണം നടന്നാണെങ്കിലും കായ്കൾ ഉണ്ടാവുമെങ്കിലും അത്തരം കായ്കളിൽ വിത്തുണ്ടാവില്ല. ഇളം പച്ച നിറത്തിലുള്ള ഇലകൾ, ക്രമേണ മഞ്ഞയും ഓറഞ്ചും ചുവപ്പുമായി മാറി, കായ്കൾ വിളയുന്നതിനു മുമ്പു കൊഴിയും. പൊതുവെ കീടബാധ ഏൽക്കാത്ത ഫലവൃക്ഷങ്ങളിലൊന്നാണ് കാക്കിപ്പഴമരം. 

സാധാരണ ​ഗതിയിൽ മാർച്ചുമുതൽ ജൂൺ വരെയുള്ള കാലത്താണ് പൂക്കൾ ഉണ്ടാവുന്നത്. ഉയർന്ന താപനിലയിൽ പൂക്കൾ നിലനിൽക്കില്ല എന്നതിനാൽ കേരളത്തിലെ പൊതുവെ മുപ്പതു ഡി​ഗ്രിയിൽ താഴെ തണുപ്പുള്ള മലനിരകളിലാണ് കാക്കിപ്പഴം കൃഷി ചെയ്യാൻ നല്ലത്. തമിഴ് നാട്ടിലെ കൂനൂരിൽ ധാരാളം മരങ്ങൾ കൃഷിചെയ്യുന്നുണ്ട്. 

അധികം നനവ് ആവശ്യമില്ലാത്ത ഈ മരങ്ങൾക്ക് പരിചരണവും കാര്യമായി ആവശ്യമില്ല. രോ​ഗ കീടബാധകൾ പൊതുവെ കുറവാണ്. വിളഞ്ഞ പഴം കൊഴിഞ്ഞു വീഴുന്ന കാലത്ത് ഈ മരത്തിനടുത്ത് നിരവധി ജീവജാലങ്ങൾ സഞ്ചാരികളായും ഭക്ഷണപ്രിയരായും എത്താറുണ്ട്. തേനീച്ച മുതൽ ശലഭങ്ങൾ വരെയും അണ്ണാൻ മുതൽ കുരങ്ങൻ വരെയും. 

കാക്കിപ്പഴത്തിന്റെ ഏകദേശം അൻപതു വിത്തുകൾ അടങ്ങിയ ഒരു പാക്കറ്റിന് ഇന്ത്യയിൽ 700 രൂപയാണ് വില. പഴത്തിന് കിലോ​ഗ്രാമിന് 750 രൂപ വരെ പൊതുവിപണിയിൽ ലഭിക്കും. ഒരു കാക്കിപ്പഴത്തിന് ഏകദേശം 80 ​ഗ്രാം മുതൽ 150 ​ഗ്രാം വരെ ഭാരമുണ്ടാവും.

how to grow persimmon

ആപ്പിളിനേക്കാൾ പോഷകപ്രദവും രുചികരവുമാണ് കാക്കിപ്പഴം. ഈ ചെടിയുടെ ഇലകളും പഴവും ആന്റി ഓക്സിഡന്റുകളുടെ  കൂടിയ സാന്നിദ്ധ്യം കാരണം ഔഷധ നിർമ്മാണത്തിന് ഉപയോഗിക്കപ്പെടുന്നു. 

തണുപ്പുള്ള സ്ഥലങ്ങളിലെ തോട്ടങ്ങളിൽ നടപ്പാതയുടെ ഇരു വശവുമായി നട്ടുവളർത്താവുന്ന മരമാണ് കാക്കിപ്പഴം.  പ്രത്യേക പരിചരണം ഒന്നുമില്ലാതെ പത്തുമുപ്പതു വർഷത്തോളം ഫലം തരുന്ന വൃക്ഷമാണെന്നതിനാൽ കൃഷിരീതികളിൽ പുതുമ അന്വേഷിക്കുന്നതും മാറിച്ചിന്തിക്കുന്നതുമായ കർഷകർക്ക് കാക്കിപ്പഴകൃഷി പരീക്ഷിക്കാവുന്നതാണ്.


Latest Videos
Follow Us:
Download App:
  • android
  • ios