പാര്‍ലര്‍ പാം വളര്‍ത്താം; മങ്ങിയ വെളിച്ചത്തില്‍ വീട്ടിനുള്ളിലും വളരും
വീട്ടിനകത്ത് വളര്‍ത്തുമ്പോള്‍ കുറേ ചെടികള്‍ ഒരു പാത്രത്തില്‍ തന്നെ നടാവുന്നതാണ്. ഇങ്ങനെ വളര്‍ത്തുമ്പോള്‍ ഓരോ ചെടിയും നേരെ കുത്തനെ വളരുകയും കൂടുതല്‍ ആകര്‍ഷകത്വം ലഭിക്കുകയും ചെയ്യും.
വീടിന് അകത്തും പുറത്തും വളര്‍ത്താന്‍ പറ്റിയ പാര്‍ലര്‍ പാം അഥവാ പാര്‍ലര്‍ പന മങ്ങിയ വെളിച്ചത്തില്‍ വളരെ പതുക്കെ മാത്രം വളരുന്ന ചെടിയാണ്. വായു ശുദ്ധീകരിക്കാനും കഴിവുണ്ട്. മെക്‌സിക്കോയിലെയും ഗ്വാട്ടിമാലയിലെയും മഴക്കാടുകളില്‍ കാണപ്പെട്ടിരുന്ന ഈ ചെടി നേരിട്ടുള്ള സൂര്യപ്രകാശമെത്താത്ത സ്ഥലത്താണ് കൂടുതല്‍ നന്നായി വളരുന്നത്.
പാര്‍ലര്‍ പനയ്ക്ക് (Parlor palm) നേരിട്ട് സൂര്യപ്രകാശം ആവശ്യമില്ല. നല്ല വെളിച്ചത്തിലായാലും വളരെ വേഗത്തില്‍ വളരുന്ന സ്വഭാവമില്ല. വളരെ വര്‍ഷങ്ങള്‍ എടുത്താണ് ചെടി അതിന്റെ പരമാവധി വലുപ്പമായ മൂന്നോ നാലോ അടി ഉയരത്തിലെത്തുന്നത്. വെള്ളവും വളരെ കുറച്ചുമതി. തണുപ്പുകാലത്ത് കാര്യമായി നനയ്‌ക്കേണ്ട ആവശ്യവുമില്ല.
വീട്ടിനകത്ത് വളര്‍ത്തുമ്പോള്‍ കുറേ ചെടികള്‍ ഒരു പാത്രത്തില്‍ തന്നെ നടാവുന്നതാണ്. ഇങ്ങനെ വളര്‍ത്തുമ്പോള്‍ ഓരോ ചെടിയും നേരെ കുത്തനെ വളരുകയും കൂടുതല്‍ ആകര്‍ഷകത്വം ലഭിക്കുകയും ചെയ്യും. ആദ്യത്തെ കുറച്ചുവര്‍ഷങ്ങളില്‍ ഓരോ വര്‍ഷം കൂടുമ്പോഴും വളര്‍ച്ചയ്ക്കനുസരിച്ച് പാത്രം മാറ്റിക്കൊടുക്കേണ്ടി വരും. പൂര്‍ണവളര്‍ച്ചയെത്തിയാല്‍ പിന്നെ മേല്‍മണ്ണ് മാത്രം മാറ്റിനിറച്ചാല്‍ മതി.
ഈ ചെടിയില്‍ കുലകളായുള്ള ചെറിയ വെളുത്ത പൂക്കളുണ്ടാകും. പൂക്കളുണ്ടായിക്കഴിഞ്ഞാല്‍ ചെറുതും ചുവപ്പ് കലര്‍ന്ന കറുപ്പ് നിറത്തോടുകൂടിയതുമായ കായകളുമുണ്ടാകും. വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുന്ന ഏറ്റവും വലിയ ശത്രുവെന്നത് അന്തരീക്ഷത്തില്‍ ഈര്‍പ്പം കുറയുന്നതാണ്. കൃത്യമായി നനയ്ക്കണം. വേരുകള്‍ക്ക് ചുറ്റും പുതയിടല്‍ നടത്തിയാല്‍ ഈര്‍പ്പം നഷ്ടപ്പെടുന്നത് തടയാം. ഉച്ചയ്ക്കുള്ള സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് ഈ പന വളര്‍ത്തരുത്.
പാര്‍ലര്‍ പാം എന്ന ചെടിയുടെ വിത്തുകള്‍ ഓണ്‍ലൈന്‍ വഴി ലഭ്യമാണ്. 29 ഡിഗ്രി സെല്‍ഷ്യസിനും 32 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലുള്ള താപനിലയിലാണ് വിത്തുകള്‍ മുളയ്ക്കുന്നത്. വളരെ മാസങ്ങളെടുത്താണ് വിത്തുകള്‍ മുളയ്ക്കുന്നത്. രണ്ടിലകള്‍ പ്രത്യക്ഷപ്പെട്ടാല്‍ ചെടി മറ്റൊരു പാത്രത്തിലേക്ക് മാറ്റിനടാവുന്നതാണ്. വളരെ ആഴത്തില്‍ വേരുകള്‍ കുഴിച്ചിടരുത്. ഈ ചെടി വീട്ടിനകത്തുള്ള കുറഞ്ഞ വെളിച്ചത്തില്‍ വളര്‍ത്തുന്നതാണ് ഉത്തമം.