മില്‍ക്ക്ഫിഷിനെ വീട്ടില്‍ വളര്‍ത്താം; നല്ല വിലയ്ക്ക് വില്‍ക്കാം
കുളങ്ങള്‍ നന്നായി വറ്റിക്കുകയും അടിത്തട്ട് ഉണക്കിയെടുക്കുകയും വേണം. അടിത്തട്ടിലെ മണ്ണിന്റെ അമ്ലാംശം പരിശോധിക്കണം. ആവശ്യമാണെങ്കില്‍ കുമ്മായം ചേര്‍ത്തുകൊടുക്കണം. മത്സ്യം വളര്‍ത്തുന്ന കുളത്തില്‍ വളങ്ങളും നല്‍കണം. ഏകദേശം 15 സെ.മീ ആഴത്തില്‍ വെള്ളം നിറച്ച് 14 ദിവസം സൂര്യപ്രകാശമേല്‍ക്കണം.
മില്‍ക്ക് ഫിഷ് എന്നറിയപ്പെടുന്ന മീനിനെക്കുറിച്ച് കേട്ടിട്ടുണ്ടോ? ഇതാണ് നമ്മുടെ പൂമീന്‍. ശുദ്ധജലത്തിലും ഉപ്പുവെള്ളത്തിലും ഒരുപോലെ വളര്‍ത്താവുന്ന മത്സ്യമാണ് പൂമീന്‍. വായില്‍ പല്ലില്ലാത്ത മീനാണിത്. 'v' എന്ന ഇംഗ്ലീഷ് അക്ഷരത്തിന്റെ ആകൃതിയിലുള്ള വാലും വലിയ കണ്ണുകളും ഈ മീനിനെ വ്യത്യസ്തമാക്കുന്നു. ആല്‍ഗകളെയും ജലസസ്യങ്ങളെയും ഭക്ഷണമാക്കുന്ന പൂമീനുകളെ നമുക്ക് വീട്ടിലും വളര്‍ത്താം.
സൗത്ത് ഈസ്റ്റ് ഏഷ്യയില്‍ വര്‍ഷങ്ങളോളം ആഹാരത്തിലെ പ്രധാന ഘടകമായിരുന്നു പൂമീന്‍. പ്രത്യേകിച്ച് ഫിലിപ്പീന്‍സില്‍. പൂമീനിന്റെ വിത്തുകള്‍ ആവശ്യമാണെങ്കില്‍ ചെന്നൈയിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബ്രാക്കിഷ് വാട്ടര്‍ അക്വാകള്‍ച്ചറില്‍ നിന്ന് വാങ്ങാവുന്നതാണ്. മാര്‍ച്ച് മുതല്‍ മെയ് വരെയും ഒക്ടോബര്‍ മുതല്‍ നവംബര്‍ വരെയുമാണ് പൂമീനിന്റെ പ്രജനന കാലം.
ഏകദേശം ഒന്നരമീറ്റര്‍വരെ നീളവും 15 കിലോയോളം തൂക്കവുമാണ് പൂമീനിന് ഉണ്ടാകുന്നത്.
കുളം വറ്റിച്ച് പൂമീന്‍ കൃഷി ചെയ്യാം
കടല്‍ജലത്തില്‍ വളര്‍ന്ന പൂമീനിനെയാണ് നിങ്ങള്‍ കൃഷി ചെയ്യാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ നേരിട്ട് ശുദ്ധജലമുള്ള കുളത്തിലേക്ക് മാറ്റരുത്. കുറഞ്ഞത് ആറുമണിക്കൂറെങ്കിലും പുതിയ താപനിലയുമായി പൊരുത്തപ്പെട്ട ശേഷമേ ശുദ്ധജലത്തിലേക്ക് പൂമീന്‍കുഞ്ഞുങ്ങളെ മാറ്റാവൂ.
കുളങ്ങള്‍ നന്നായി വറ്റിക്കുകയും അടിത്തട്ട് ഉണക്കിയെടുക്കുകയും വേണം. അടിത്തട്ടിലെ മണ്ണിന്റെ അമ്ലാംശം പരിശോധിക്കണം. ആവശ്യമാണെങ്കില്‍ കുമ്മായം ചേര്‍ത്തുകൊടുക്കണം. മത്സ്യം വളര്‍ത്തുന്ന കുളത്തില്‍ വളങ്ങളും നല്‍കണം. ഏകദേശം 15 സെ.മീ ആഴത്തില്‍ വെള്ളം നിറച്ച് 14 ദിവസം സൂര്യപ്രകാശമേല്‍ക്കണം.
പൂമീനിന് കടലപ്പിണ്ണാക്കും തവിടും സമാസമം യോജിപ്പിച്ച് അല്പം വെള്ളമൊഴിച്ച് കുഴച്ചുണ്ടാക്കിയ മിശ്രിതം ഭക്ഷണമായി നല്‍കാം. പൂമീന്‍ വളര്‍ത്തി 8 മുതല്‍ 12 മാസത്തിനുള്ളില്‍ വിളവെടുപ്പ് നടത്താം. ഒരു വര്‍ഷത്തിനുള്ളില്‍ പൂമീന്‍ 750 ഗ്രാം തൂക്കം വെക്കും. ഒരേക്കറില്‍ നിന്ന് 2000 കി.ഗ്രാം മുതല്‍ 2500 വരെ മത്സ്യം ലഭിക്കും.
പൂമീനിനെ വളര്‍ത്താനായി പിടിക്കുമ്പോള്‍ ചെതുമ്പലുകള്‍ നഷ്ടപ്പെടാതെ സൂക്ഷിക്കണം. ഇത്തിരിപ്പോന്ന ചെതുമ്പലുകളാണ് പൂമീനിന്. ഇത് നഷ്ടപ്പെട്ടാല്‍ മീനിന് രോഗാണുബാധ ഉണ്ടാകും.