ഉലുവച്ചെടി വളര്‍ത്താം പാത്രങ്ങളില്‍; വീട്ടിനുള്ളിലും വളര്‍ത്തി വിളവെടുക്കാം
നന്നായി വെള്ളം ആവശ്യമുള്ള ചെടിയാണിത്. കൂടുതല്‍ സമയം മണ്ണ് വരണ്ടുണങ്ങിയാല്‍ ചെടി നശിച്ചുപോകും. മണ്ണില്‍ കമ്പോസ്റ്റും ചാണകപ്പൊടിയുമെല്ലാം ചേര്‍ത്തുകൊടുക്കാം. കീടബാധ വളരെ കുറവാണ്.
പാത്രങ്ങളില്‍ വിത്ത് മുളപ്പിച്ച് വളര്‍ത്തിയെടുക്കാന്‍ പറ്റിയ ഉലുവച്ചെടി ഇന്‍ഡോര്‍ പ്ലാന്റായും വളര്‍ത്താം. ജനലിലൂടെ ആവശ്യത്തിന് സൂര്യപ്രകാശം കിട്ടുന്ന സ്ഥലത്ത് വളര്‍ത്താന്‍ ശ്രമിച്ചുനോക്കൂ. മിതമായ കാലാവസ്ഥയുള്ള പ്രദേശങ്ങളിലും തണുത്ത കാലാവസ്ഥയുള്ള സ്ഥലങ്ങളിലും ഒരുപോലെ വളരുന്ന ഉലുവ നിങ്ങളുടെ ബാല്‍ക്കണിയിലും മട്ടുപ്പാവിലും ജനലരികിലെ ചെറിയ പാത്രങ്ങളിലുമെല്ലാം എളുപ്പത്തില്‍ വളര്‍ത്തിയെടുക്കാവുന്നതാണ്.
ഉലുവച്ചെടിയുടെ വിത്തുകള്‍ സുഗന്ധവ്യഞ്ജനമായും ഉണക്കിയ ഇലകള്‍ ഔഷധമായും പച്ചക്കറികളില്‍ ചേര്‍ക്കാനും ഉപയോഗിക്കാറുണ്ട്. ഉണങ്ങിയ ഇലകളെയാണ് കസൂരി മേത്തി എന്ന് പറയുന്നത്. ഇന്ത്യയാണ് ഏറ്റവും കൂടുതല്‍ ഉലുവ ഉത്പാദിപ്പിക്കുന്ന രാജ്യം. വിത്ത് മുളപ്പിച്ച് വളര്‍ത്തുന്ന ഇലവര്‍ഗങ്ങള്‍ താരതമ്യേന എളുപ്പത്തില്‍ വിളവെടുക്കാമെന്നതും മേന്മയാണ്. 30 ദിവസങ്ങള്‍ കൊണ്ട് വിളവ് ലഭിക്കും. നല്ല ഗുണനിലവാരമുള്ള മണ്ണും വെള്ളവും അനുയോജ്യമായ കാലാവസ്ഥയും മാത്രം മതി. വര്‍ഷം മുഴുവനും വേണമെങ്കില്‍ കൃഷി ചെയ്യാവുന്നതാണ്. എന്നിരുന്നാലും വളരെ നന്നായി വളരുന്നത് വേനലിലും അതിനു തൊട്ടുമുമ്പുള്ള മാസങ്ങളിലും കൃഷി ചെയ്യുമ്പോളാണ്.
60 സെ.മീ ഉയരത്തില്‍ വളരുന്ന ഉലുവയുടെ ഇലകള്‍ക്ക് ത്രികോണാകൃതിയുള്ളതിനാലാണ് ട്രിഗോണെല്‍ എന്ന ജനുസില്‍ ഉള്‍പ്പെട്ടത്. പൂക്കളില്‍ നിന്ന് കായകളുണ്ടാകുകയും ഈ കായയുടെ ഉള്ളില്‍ വിത്ത് കാണപ്പെടുകയും ചെയ്യുന്നു. മേത്തി, സമുദ്ര, ഹല്‍ബമേത്തി, ഗ്രീക്ക് ഹേ, ബേര്‍ഡ്‌സ് ഫൂട്ട്, ഹില്‍ബ, കൗസ് ഹോണ്‍, ഗോട്ട്‌സ് ഹോണ്‍ എന്നീ പേരുകളിലെല്ലാം ഉലുവ പല സ്ഥലങ്ങളിലും അറിയപ്പെടുന്നു.
നല്ല നീര്‍വാര്‍ച്ചയുള്ളതും പി.എച്ച് മൂല്യം ആറിനും ഏഴിനും ഇടയിലുള്ളതുമായ മണ്ണിലാണ് ഉലുവ വളരുന്നത്. നാല് മണിക്കൂറെങ്കിലും സൂര്യപ്രകാശവും ആവശ്യമാണ്. മണ്ണില്‍ വെള്ളമില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം മാത്രമേ നനയ്ക്കാവൂ. അമിതമായി വെള്ളം കെട്ടിനില്‍ക്കാന്‍ ഇടവരരുത്. യഥാര്‍ഥത്തില്‍ പ്രത്യേക വളപ്രയോഗമൊന്നും ആവശ്യമില്ലാതെ തന്നെ വളര്‍ന്ന് ധാരാളം ഇലകളുണ്ടാകുന്ന ചെടിയാണിത്. പോട്ടിങ്ങ് മിശ്രിതം തയ്യാറാക്കുമ്പോള്‍ അല്‍പം ജൈവവളം ചേര്‍ത്താല്‍ വളര്‍ച്ച കൂടുതലുണ്ടാകും.
പാത്രങ്ങളില്‍ വളര്‍ത്തുമ്പോള്‍
10 ഡിഗ്രി സെല്‍ഷ്യസിനും 30 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലുള്ള താപനിലയിലാണ് ഉലുവ വളരാന്‍ ഇഷ്ടപ്പെടുന്നത്. തണുപ്പുള്ള സ്ഥലത്താണ് നിങ്ങള്‍ താമസിക്കുന്നതെങ്കില്‍ ഇന്‍ഡോര്‍ പ്ലാന്റായി പാത്രങ്ങളില്‍ മഞ്ഞുകാലം തുടങ്ങുന്നതിന് അഞ്ച് ആഴ്ച മുമ്പേ കൃഷി ചെയ്യാം. സാധാരണ കാലാവസ്ഥയില്‍ എവിടെയും ജൂണ്‍, ജൂലെ മാസങ്ങളിലും ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലും കൃഷി ചെയ്യാന്‍ പറ്റും.
നല്ല സൂര്യപ്രകാശമുള്ള സ്ഥലം തെരഞ്ഞെടുക്കണം. പാത്രങ്ങളില്‍ വളര്‍ത്തുമ്പോഴുള്ള ഗുണത്തില്‍ പ്രധാനം തണുപ്പുകാലത്ത് വീട്ടിനകത്തേക്ക് എളുപ്പത്തില്‍ മാറ്റിവെക്കാമെന്നതാണ്. വളരെ പെട്ടെന്ന് വളരുന്നതിനാല്‍ വലിയ പാത്രങ്ങളില്‍ വളര്‍ത്തണം. നല്ല ആഴത്തില്‍ വേര് വ്യാപിക്കുന്ന ചെടിയാണ്. പടരാന്‍ കൂടുതല്‍ സ്ഥലം വേണം. പാത്രത്തിന് എട്ട് ഇഞ്ചില്‍ കൂടുതല്‍ വലുപ്പവും 12 ഇഞ്ചില്‍ കൂടുതല്‍ ആഴവും ആവശ്യമാണ്.
പാത്രങ്ങള്‍ ഉപയോഗിക്കുന്നതിന് മുമ്പായി ആന്റിസെപ്റ്റിക് സോപ്പ് ഉപയോഗിച്ച് ഇളം ചൂടുവെള്ളത്തില്‍ കഴുകണം. പ്ലാസ്റ്റിക്, കളിമണ്ണ്, ടെറാകോട്ട, മരം എന്നിവ ഉപയോഗിച്ചുള്ള പാത്രങ്ങള്‍ ഉലുവ വളര്‍ത്താന്‍ അനുയോജ്യമാണ്.
വിത്തുകള്‍ മണ്ണില്‍ നേരിട്ട് വിതയ്ക്കണം. രണ്ട് സെ.മീ ആഴത്തിലും രണ്ട് ചെടികള്‍ തമ്മില്‍ 7.5 സെ.മീ അകലത്തിലുമായിരിക്കണം വിത്ത് വിതയ്‌ക്കേണ്ടത്. നല്ല ഗുണനിലവാരമുള്ള വിത്തുകള്‍ നഴ്‌സറികളില്‍ നിന്ന് വാങ്ങണം. വിത്തുകള്‍ ഒരു രാത്രി മുഴുവന്‍ വെള്ളത്തില്‍ കുതിര്‍ത്ത് വെക്കണം. പിറ്റേന്ന് വെള്ളം ഒഴിവാക്കി ഒരു പേപ്പര്‍ ടവലില്‍ വിത്തുകള്‍ വെക്കുക. മണ്ണില്‍ വിത്തുകള്‍ വിതറിയാല്‍ മതി. മേല്‍മണ്ണ് വിത്തുകള്‍ക്ക് മീതെ കനമില്ലാതെ മൂടിയിടണം. നല്ല വായുസഞ്ചാരം ലഭ്യമാക്കണം. നന്നായി നനയ്ക്കണം. ഒരാഴ്ച കഴിഞ്ഞാല്‍ മുളയ്ക്കാന്‍ തുടങ്ങും.
കടകളില്‍ നിന്ന് വാങ്ങുന്ന ഉലുവയും മുളപ്പിച്ചെടുക്കാം. ഒരു ഗ്ലാസിലെ വെള്ളത്തില്‍ ഉലുവയിട്ട് മൂന്ന് മിനിറ്റ് വെക്കുക. അതിനുശേഷം വെള്ളം ഒഴിവാക്കി ഈ വിത്തുകള്‍ പേപ്പര്‍ ടവലില്‍ പൊതിഞ്ഞ് ഇരുട്ടുമുറിയില്‍ വെക്കുക. മസ്‌ളിന്‍ തുണിയും പൊതിയാന്‍ ഉപയോഗിക്കാം. മൂന്ന് ദിവസം കൊണ്ട് വിത്ത് മുളയ്ക്കും.
നന്നായി വെള്ളം ആവശ്യമുള്ള ചെടിയാണിത്. കൂടുതല്‍ സമയം മണ്ണ് വരണ്ടുണങ്ങിയാല്‍ ചെടി നശിച്ചുപോകും. മണ്ണില്‍ കമ്പോസ്റ്റും ചാണകപ്പൊടിയുമെല്ലാം ചേര്‍ത്തുകൊടുക്കാം. കീടബാധ വളരെ കുറവാണ്.
35 ദിവസമായാല്‍ വിളവെടുക്കാവുന്നതാണ്. ഇലകള്‍ ഓരോ രണ്ടാഴ്ച കൂടുമ്പോഴും പറിച്ചെടുക്കാം. ഉലുവയായി വിളവെടുക്കാന്‍ പൂക്കളുണ്ടായശേഷം വിത്തുണ്ടാകുന്ന കൂടിനുള്ളില്‍ നിന്ന് പുറത്തെടുക്കണം. ഈ വിത്തുകള്‍ വെയിലില്‍ 15 ദിവസം ഉണക്കണം. വായുസഞ്ചാരമില്ലാത്ത പാത്രങ്ങളില്‍ ഈ വിത്തുകള്‍ സൂക്ഷിച്ചുവെക്കാം. ഇലകള്‍ ചെറുതായി അരിഞ്ഞ് അലുമിനിയും ഫോയിലില്‍ പൊതിഞ്ഞ് ഫ്രീസറില്‍ വെക്കാം. ഉപയോഗിക്കാന്‍ പുറത്തെടുക്കുമ്പോള്‍ കഴുകണം. പക്ഷേ, വിളവെടുത്ത ഇലകള്‍ അപ്പോള്‍ കഴുകാന്‍ പാടില്ല. ഈര്‍പ്പം ഇലകളെ കേടുവരുത്തും. ചെറുതായി മുറിച്ചെടുക്കുന്നതിന് ഇലകള്‍ കഴുകരുത്.