ഔഷധത്തിനും പാചകാവശ്യത്തിനും ലെമണ്‍ ബാം വീട്ടില്‍ത്തന്നെ വളര്‍ത്താം
വളര്‍ത്തുമ്പോള്‍ നേരിട്ട് വിത്ത് വിതച്ച് മുളപ്പിക്കാവുന്നതാണ്. ഏത് തരത്തിലുള്ള മണ്ണിലും വളരും. സാധാരണ പത്ത് ദിവസങ്ങള്‍ക്കുള്ളില്‍ വിത്തുകള്‍ മുളച്ച് വരും. വീട്ടിനുള്ളിലും ഗ്രീന്‍ഹൗസിലും വളര്‍ത്താവുന്നതാണ്. പോട്ടിങ്ങ് മിശ്രിതത്തിന്റെ മുകളില്‍ വിത്തുകള്‍ വിതറി മുളപൊട്ടി വരുന്നതുവരെ ഈര്‍പ്പം നല്‍കണം.
സ്വീറ്റ് ബാം, ഹണി പ്ലാന്റ്, ബാം മിന്റ്, ഗാര്‍ഡന്‍ ബാം, ഇംഗ്ലീഷ് ബാം എന്നീ പേരുകളിലെല്ലാമറിയപ്പെടുന്ന ലെമണ്‍ ബാം പുതിനയുടെ കുടുംബത്തിലെ ഒരംഗമാണ്. കുടിവെള്ളത്തിലും മരുന്നിലും സൗന്ദര്യ വര്‍ധക വസ്തുക്കളിലുമെല്ലാം ഉപയോഗിക്കുന്നതാണ് ഈ ഔഷധസസ്യം. ജാമിലും ജെല്ലിയിലും നാരങ്ങയ്ക്ക് പകരക്കാരനായി ഉപയോഗിക്കുന്ന ലെമണ്‍ ബാം ഒരു പാക്കറ്റിലാക്കി തലയിണയ്ക്കടിയില്‍ വെച്ചാല്‍ മനസിന് ശാന്തിയും സുഖനിദ്രയും ലഭിക്കുമെന്ന് പറയുന്നു.
ഉത്കണ്ഠയും അസ്വസ്ഥതയും ഉറക്കമില്ലായ്മയും ഇല്ലാതാക്കാനും ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും പണ്ടുമുതലേ ലെമണ്‍ ബാം ഉപയോഗിക്കാറുണ്ട്. ആന്റി ഓക്‌സിഡന്റ് ആയ ഗുണവും വൈറസിനെ പ്രതിരോധിക്കാനുള്ള ശേഷിയും ഈ ഇലയില്‍ നിന്നുണ്ടാക്കുന്ന എണ്ണയ്ക്കുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. ചായ ഉണ്ടാക്കുമ്പോളും പാചകാവശ്യത്തിനും ഇലകള്‍ ഉപയോഗിക്കാം. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഉപയോഗിക്കാവുന്നതാണ്.
വളര്‍ത്തുമ്പോള്‍ നേരിട്ട് വിത്ത് വിതച്ച് മുളപ്പിക്കാവുന്നതാണ്. ഏത് തരത്തിലുള്ള മണ്ണിലും വളരും. സാധാരണ പത്ത് ദിവസങ്ങള്‍ക്കുള്ളില്‍ വിത്തുകള്‍ മുളച്ച് വരും. വീട്ടിനുള്ളിലും ഗ്രീന്‍ഹൗസിലും വളര്‍ത്താവുന്നതാണ്. പോട്ടിങ്ങ് മിശ്രിതത്തിന്റെ മുകളില്‍ വിത്തുകള്‍ വിതറി മുളപൊട്ടി വരുന്നതുവരെ ഈര്‍പ്പം നല്‍കണം.
തണ്ടുകള്‍ മുറിക്കുകയാണെങ്കില്‍ അടിഭാഗത്തു നിന്നും കുറച്ച് ഇലകള്‍ ഒഴിവാക്കി വേര് പിടിപ്പിക്കുന്ന ഹോര്‍മോണിലോ തേനിലോ മുക്കിയശേഷം മണ്ണും മണലും കലര്‍ന്ന മിശ്രിതത്തിലേക്ക് നടാവുന്നതാണ്. ഏകദേശം നാല് ആഴ്ചകള്‍ക്കുള്ളില്‍ വേര് പിടിക്കും.
നല്ല സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് നന്നായി വളരും. പക്ഷേ, അമിതമായി സൂര്യപ്രകാശമേറ്റാല്‍ ഇലകളുടെ നിറം നഷ്ടമാകുന്നതായി പറയാറുണ്ട്. അതുപോലെ അല്‍പം തണലത്ത് വളര്‍ന്നാല്‍ ഗുണവും മണവും കൂടുന്നതായും കാണാറുണ്ട്. വളര്‍ന്ന് വ്യാപിക്കാതിരിക്കണമെങ്കില്‍ പൂക്കളുണ്ടാകുന്നതിന് മുമ്പായി വിളവെടുപ്പ് നടത്തിയാല്‍ മതി. അങ്ങനെ വരുമ്പോള്‍ വിത്തുകള്‍ ഉത്പാദിപ്പിക്കപ്പെടുന്നില്ല.
പാത്രങ്ങളിലും വളര്‍ത്തി വിളവെടുക്കാവുന്നതാണ്. ഏറ്റവും ചുരുങ്ങിയത് എട്ട് ഇഞ്ച് ആഴവും 18 ഇഞ്ച് വീതിയുമുള്ള പാത്രം തെരഞ്ഞെടുക്കണം. വിത്തുകളോ തണ്ടുകളോ ഇതില്‍ നട്ടുവളര്‍ത്തുമ്പോള്‍ ഏകദേശം അഞ്ച് മണിക്കൂര്‍ നേരിട്ടുള്ള സൂര്യപ്രകാശം ലഭിക്കണം.