മുല്ലപ്പൂവിന്റെ പൂമണക്കാലം; എങ്ങനെ വീട്ടിൽ വളർത്താം

ചെടി നട്ട് ആറുമാസത്തിനകം തന്നെ വിളവെടുക്കാൻ കഴിയും. പൂവല്ല, നല്ലവണ്ണം വികസിച്ച മൊട്ടുകളാണ് പറിച്ചെടുക്കേണ്ടത്. 

how to grow jasmine plant

ദൈവത്തിന്റെ സമ്മാനം എന്നറിയപ്പെടുന്ന പുഷ്പമാണ് മുല്ലപ്പൂവ്.  ഈ അർത്ഥമുള്ള യാസീനം എന്ന പേർഷ്യൻ വാക്കിൽനിന്നു വന്നതാണ് ജാസ്മിൻ എന്ന ഇം​ഗ്ലീഷ് പേര്.  അങ്ങനെ ആരും കാണാതെ രാത്രിയിലെത്തി സമ്മാനമായി ദൈവം നൽകുന്നതാണ് രാത്രിയിൽ വിടരുന്ന വെളുത്ത പുഷ്പമായ  സു​ഗന്ധവാഹിനിയായ മുല്ലപ്പൂ എന്നാണ് കരുതപ്പെടുന്നത്. പക്ഷേ, വീട്ടുമുറ്റത്തും തോട്ടങ്ങളിലും വളരുന്ന, പരിമളമേകാൻ  ഏറെ നല്ല മുല്ലപ്പൂവ്  അല്പം ശ്രദ്ധിച്ചാൽ ആർക്കും സ്വന്തം വീട്ടിൽ വളർത്താം. ആവശ്യത്തിന് മുല്ലപ്പൂക്കൾ പറിക്കുകയുമാവാം.

എങ്ങനെ വളർത്താം?

കമ്പ് മുറിച്ചുനട്ട് വേരു പിടിപ്പിച്ചോ പതിവെച്ചോ ആണ് സാധാരണയായി  മുല്ലയുടെ തൈകൾ തയ്യാറാക്കുന്നത്. കമ്പ് മുറിച്ചു നടുന്ന രീതിയാണ് എളുപ്പമെങ്കിലും മഴക്കാലത്താണ് ഇതു ചെയ്യേണ്ടത്. മഴ ലഭിക്കുന്ന മാസങ്ങളിലാണ് പതിവെയ്ക്കാവുന്നതും. 

എവിടെ വളർത്താം?

വീട്ടുമുറ്റത്തും തോട്ടങ്ങളിലും മുല്ലച്ചെടി വളർത്താം. നല്ല നീർവാർച്ചയുള്ള പശിമയുള്ള മണ്ണാണ് മുല്ലച്ചെടിക്ക് അനുയോജ്യം. ചെടിയുടെ ചുവട്ടിൽ വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കരുത്. പശിമയുള്ളതാണെങ്കിലും കളിമണ്ണ് കലർന്ന മണ്ണിൽ ചെടി നന്നായി വളരില്ല.

എങ്ങനെ വളർത്താം?

നന്നായി ഉഴുത കൃഷിയിടത്തിലോ നല്ലവണ്ണം മണ്ണിളക്കിയ ചട്ടികളിലോ വേരു വന്ന തൈകൾ നടാം. പറമ്പിലാണെങ്കിൽ ഒന്നരയടി നീളവും വീതിയും ആഴവും ഉള്ള കുഴികൾ എടുത്ത് ആറടി അകലത്തിൽ ചെടികൾ വെക്കുന്നതാണു നല്ലത്. നല്ല സൂര്യപ്രകാശമുള്ളയിടത്തു വളരുന്ന ചെടികളിൽ തണലിൽ വളരുന്നവയേക്കാൾ കൂടുതൽ മൊട്ടുകൾ ഉണ്ടാവും.

ചട്ടിയിൽ വളർത്തുന്നതെങ്ങനെ?
 
മണ്ണും മണലും ചാണകപ്പൊടിയും തുല്യ അളവിൽ ചേർത്തുണ്ടാക്കുന്ന മിശ്രിതം ചട്ടിയിലോ ചാക്കിലോ നിറയ്ക്കണം. എന്നിട്ട് ഓരോ ചട്ടിയിലും നൂറുഗ്രാം കുമ്മായവും അൻപത് ​ഗ്രാം വേപ്പിൻപിണ്ണാക്കും ചേർത്ത് നന്നായി യോജിപ്പിച്ച് മൂന്നു ദിവസമെങ്കിലും നനച്ചതിനു ശേഷമേ വേരുപിടിപ്പിച്ച തൈകൾ നടാവൂ.  

എപ്പോൾ വിളവെടുക്കാം?

ചെടി നട്ട് ആറുമാസത്തിനകം തന്നെ വിളവെടുക്കാൻ കഴിയും. പൂവല്ല, നല്ലവണ്ണം വികസിച്ച മൊട്ടുകളാണ് പറിച്ചെടുക്കേണ്ടത്. ചെടിനട്ട് ആദ്യം ഉണ്ടാവുന്ന മൊട്ടുകൾ നുള്ളി നശിപ്പിച്ചാൽ ചെടിയുടെ വളർച്ച വേ​ഗത്തിലാവുകയും കൂടുതൽ മൊട്ടുകളുണ്ടാവുകയും ചെയ്യും. ഏകദേശം പതിനഞ്ചു വർഷത്തോളം ഒരു ചെടിയിൽ പൂക്കളുണ്ടാവും. 

how to grow jasmine plant

 

കീടനാശിനി വേണോ?

സാധാരണയായി  ജൈവ കീടനാശിനിയായ വേപ്പെണ്ണ മിശ്രിതം തളിച്ചാൽ ഒരു വിധം രോ​ഗ കീട ബാധകളിൽ നിന്ന് മുല്ലപ്പൂവിനെ രക്ഷിക്കാം. 

എത്ര പൂവുകൾ കിട്ടും?

വളർച്ചയെത്തിയ ഒരു ചെടിയിൽനിന്ന് ഒരു വർഷം ഒരു കിലോ​ഗ്രാം പൂക്കൾ ലഭിക്കും. മുന്നു മൊട്ടുകൾക്ക് ശരാശരി ഒരു ​ഗ്രാമാണ് ഭാരം. കുറ്റി മുല്ലയിൽ നിന്ന് എല്ലാ മാസങ്ങളിലും പൂക്കൾ ലഭിക്കും. തണുപ്പുകാലത്തും (നവംബർ-ഡിസംബർ മാസങ്ങളിൽ) മഴക്കാലത്തും (ജൂൺ-ജൂലൈ മാസങ്ങളിൽ) പൂക്കൾ കുറവായിരിക്കും.

എപ്പോൾ പൂ പറിക്കാം? 

പൂക്കളുടെ ആവശ്യകതയനുസരിച്ചാണ് അവ പറിക്കുന്ന സമയം നിശ്ചയിക്കേണ്ടത്. മാല കെട്ടാനും തലയിൽ ചൂടാനുമാണെങ്കിൽ  മൊട്ടായിട്ടാണ് വേണ്ടത്. അതിനാൽ വിരിയാത്ത മൊട്ടുകൾ, വിരിയുന്നതിന് തൊട്ടുമുമ്പ്, തലേ ദിവസം രാവിലെ തന്നെ പറിച്ചെടുക്കണം.
 

Latest Videos
Follow Us:
Download App:
  • android
  • ios