ഇനിയും വൈകണ്ട, കൊത്തമര കൃഷി ചെയ്യാന്‍ സമയമായി
കാര്യമായ പരിചരണമൊന്നും ആവശ്യമില്ലാതെ തന്നെ നന്നായി കായകള്‍ പിടിക്കും. കൊത്തമരയില്‍ കായകള്‍ കുലകളായാണുണ്ടാകുന്നത്. ഒരു സെന്റ് സ്ഥലത്ത് 40 ഗ്രാം വിത്ത് ആവശ്യമാണ്.
ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ കൃഷി ചെയ്യാന്‍ യോജിച്ച പച്ചക്കറിയാണ് കൊത്തമര. ഇതിന് ചീനി അമരയ്ക്ക എന്നും പേരുണ്ട്. കേരളത്തില്‍ വളരെ നന്നായി വളരുന്ന കൊത്തമര നമ്മുടെ അടുക്കളത്തോട്ടത്തിലൊന്നും കാണാറേയില്ല. പക്ഷേ, നനയ്ക്കാന്‍ സൗകര്യമുണ്ടെങ്കില്‍ വീട്ടുവളപ്പില്‍ കൊത്തമരയും വിളയും.
നല്ല നീര്‍വാര്‍ച്ചയുള്ള സ്ഥലമാണ് കൃഷി ചെയ്യാന്‍ അനുയോജ്യം. വെള്ളം കെട്ടിനിന്നാല്‍ വളര്‍ച്ച ശരിയായി നടക്കില്ല. മണ്ണിന്റെ പി.എച്ച് മൂല്യം 7 നും 8 നും ഇടയിലാണ് നല്ലത്. നൈട്രജന്‍ സമ്പുഷ്ടമായ വളം മണ്ണിലെത്താനും പോഷകഗുണം വര്‍ധിപ്പിക്കാനും കൊത്തമരച്ചെടി സഹായിക്കുന്നു.
ഒരു സെന്റ് സ്ഥലത്ത് കൃഷി ചെയ്യുകയാണെങ്കില്‍ ഏകദേശം 60 കി.ഗ്രാം ജൈവവളമാണ് നിഷ്‌കര്‍ഷിക്കുന്നത്. 30 സെ.മീ അകലത്തിലാണ് വിത്തുകള്‍ പാകേണ്ടത്.
ഇപ്പോള്‍ പ്രോട്രേകളില്‍ വളര്‍ത്തിയ തൈകളും ലഭ്യമാണ്. വേനല്‍ക്കാലമാണെങ്കില്‍ ചാലുകള്‍ ഉണ്ടാക്കി വിത്തുപാകണം. മഴക്കാലമാണെങ്കില്‍ വരമ്പുകളില്‍ വിത്ത് നടാം.
കാര്യമായ പരിചരണമൊന്നും ആവശ്യമില്ലാതെ തന്നെ നന്നായി കായകള്‍ പിടിക്കും. കൊത്തമരയില്‍ കായകള്‍ കുലകളായാണുണ്ടാകുന്നത്. ഒരു സെന്റ് സ്ഥലത്ത് 40 ഗ്രാം വിത്ത് ആവശ്യമാണ്.
വളപ്രയോഗം
ചാണകപ്പൊടി, എല്ലുപൊടി, കടലപ്പിണ്ണാക്ക്, മണ്ണിരക്കമ്പോസ്റ്റ്, വേപ്പിന്‍പിണ്ണാക്ക് എന്നിവ യോജിപ്പിച്ച് രണ്ട് ചിരട്ടയിലെടുത്ത് ഒരു തടത്തില്‍ ഇട്ടുകൊടുക്കാം. ആഴ്ചയിലൊരിക്കല്‍ ഇങ്ങനെ ചെയ്യാം.
പൂവിടാന്‍ തുടങ്ങിയാല്‍ നന്നായി നനയ്ക്കണം. ഗ്രോബാഗുകളിലാണ് നടുന്നതെങ്കില്‍ ചാണകപ്പൊടിയും മണ്ണും എല്ലുപൊടിയും യോജിപ്പിച്ച് വിത്തുപാകി മുളപ്പിച്ചെടുക്കാം.
ഏത്തപ്പഴത്തൊലിയും പുളിപ്പിച്ച കടലപ്പിണ്ണാക്കും വളമായി നല്‍കാം. വിത്തുപാകി ആവശ്യത്തിന് നനയും കൊടുത്താല്‍ മൂന്നോ നാലോ ദിവസങ്ങള്‍ കൊണ്ട് മുളച്ചുവരും.
ഏകദേശം 40 മുതല്‍ 45 ദിവസം വരെയാണ് കൊത്തമരയില്‍ പൂവിടാന്‍ ആവശ്യമായ സമയം. പൂവിട്ട് രണ്ടാഴ്ച ആകുമ്പോള്‍ വിളവെടുക്കാന്‍ പാകമാകും.