ജെറേനിയം വളര്‍ത്തിയാല്‍ വരുമാനവും നേടാം; ഇത് പൂന്തോട്ടത്തിലെ സുന്ദരി
ദീര്‍ഘകാലം വിളവ് കിട്ടുമെന്ന ഗുണവും ഈ ചെടിക്കുണ്ട്. ഏകദേശം 3 മുതല്‍ 8 വര്‍ഷം വരെ വിളവെടുക്കാം. ഒരു തവണ കൃഷി ചെയ്താല്‍ വര്‍ഷത്തില്‍ മൂന്ന് പ്രാവശ്യം വിളവ് ലഭിക്കും.
നല്ല ഭംഗിയുള്ള പൂക്കളുണ്ടാകുന്ന ജെറേനിയം വെറും പൂച്ചെടി മാത്രമല്ല. എണ്ണ ഉത്പാദിപ്പിക്കാന്‍ ഉപയോഗിക്കുന്ന ഈ ചെടിയുടെ പൂക്കള്‍ അലങ്കാരത്തിനായും ഉപയോഗിക്കുന്നു. പാവപ്പെട്ടവരുടെ റോസ് എന്നും വിളിപ്പേരുണ്ട്. ഇതിന്റെ ഇലകളില്‍ നിന്നും തണ്ടില്‍ നിന്നും പൂക്കളില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന എണ്ണ ആരോഗ്യപരമായി ഒട്ടേറെ ഗുണങ്ങളുള്ളതാണ്. ആരോമാറ്റിക് ചികിത്സയ്ക്കും ഇത് ഉപയോഗിക്കുന്നുണ്ട്. ജെറേനിയത്തില്‍ നിന്ന് ഉണ്ടാക്കുന്ന എണ്ണയുടെ വില വളരെ ഉയര്‍ന്നതായതുകൊണ്ട് വ്യാവസായികാടിസ്ഥനത്തില്‍ ഈ ചെടി വളര്‍ത്തുന്നത് എന്തുകൊണ്ടും ലാഭകരമാണ്.
ഹോര്‍ട്ടിക്കള്‍ച്ചര്‍ ആവശ്യങ്ങള്‍ക്കും ഔഷധങ്ങളുണ്ടാക്കാനുമാണ് പ്രധാനമായും ഈ ചെടി ഉപയോഗിക്കുന്നത്. നിരവധി ഇനങ്ങള്‍ ഈ ചെടിയിലുണ്ട്. ജെറേനിയം സിനേറം, ക്ലാര്‍ക്‌സ് ജെറേനിയം, ജെറേനിയം ഡാല്‍മാറ്റിക്കം, ജെറേനിയം ഹിമാലയന്‍സ്, ജെറേനിയം മാക്കുലാറ്റം, ജെറേനിയം പ്രാടെന്‍സ് എന്നിവ അവയില്‍ ചിലതാണ്. ബഹുവര്‍ഷിയായ പൂച്ചെടികളുടെ 420 ഇനങ്ങളടങ്ങിയ ക്രാന്‍സ്ബില്‍സ് എന്ന വര്‍ഗത്തില്‍പ്പെടുന്നതാണ് ജെറേനിയം. ചെടികളുടെ ഇലകള്‍ക്ക് റോസാപ്പൂക്കളുടെ പോലുള്ള മണമുണ്ടായിരിക്കുന്നതുകൊണ്ടുതന്നെയാണ് റോസ് ജെറേനിയം എന്ന് വിളിക്കുന്നത്. കോസ്‌മെറ്റിക്‌സും പെര്‍ഫ്യൂംസും ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന പ്രധാനപ്പെട്ട ചെടിയാണിത്. മുഖക്കുരുവിനെതിരെയും ചര്‍മരോഗങ്ങള്‍ക്കുള്ള ഫലപ്രദമായ ചികിത്സയിലും ഈ എണ്ണ ഉപയോഗപ്പെടുത്തുന്നു. വിഷാദരോഗമകറ്റാനും മുറിവുകള്‍ ഉണക്കാനുമുള്ള ഗുണങ്ങള്‍ ഈ എണ്ണയ്ക്കുണ്ടെന്ന് പറയപ്പെടുന്നു. രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ഹോര്‍മോണിന്റെ ബാലന്‍സ് നിലനിര്‍ത്താനും ഇത് സഹായിക്കുന്നു.
ദീര്‍ഘകാലം വിളവ് കിട്ടുമെന്ന ഗുണവും ഈ ചെടിക്കുണ്ട്. ഏകദേശം 3 മുതല്‍ 8 വര്‍ഷം വരെ വിളവെടുക്കാം. ഒരു തവണ കൃഷി ചെയ്താല്‍ വര്‍ഷത്തില്‍ മൂന്ന് പ്രാവശ്യം വിളവ് ലഭിക്കും. ഉഷ്ണമേഖലാ, ഉപോഷ്ണമേഖലാ കാലാവസ്ഥയിലാണ് ജെറേനിയം നന്നായി വളരുന്നത്. 6 മുതല്‍ 24 ഡിഗ്രി സെല്‍ഷ്യസ് താപനിലയിലാണ് ഈ ചെടി കൃഷി ചെയ്യുന്നത്. നല്ല നീര്‍വാര്‍ച്ചയുള്ളതും ജൈവവളങ്ങളുള്ളതുമായ മണ്ണില്‍ ജെറേനിയം നന്നായി തഴച്ചുവളരും. മണ്ണിന്റെ പി.എച്ച് മൂല്യം 5.5 നും 7.0നും ഇടയിലായിരിക്കണം.
തണ്ടുകള്‍ മുറിച്ചുനട്ടാണ് ജെറേനിയം വളര്‍ത്തുന്നത്. 20 സെ.മീ നീളത്തിലുള്ള 8 നോഡുകളുള്ള തണ്ടുകളാണ് നടാന്‍ നല്ലത്. ആദ്യത്തെ മൂന്നോ നാലോ ഇലകള്‍ ഒഴികെ ബാക്കിയെല്ലാം മുറിച്ച് മാറ്റി 0.1 ശതമാനം വീര്യമുള്ള ബെന്‍ലേറ്റ് ലായനിയില്‍ 30 സെക്കന്റ് മുക്കിവെക്കണം. ഈ തണ്ടുകള്‍ നഴ്‌സറിയില്‍ മണ്ണിട്ട് ഉയര്‍ത്തിയ തടങ്ങളില്‍ അഞ്ചോ ആറോ സെ.മീ അകലത്തില്‍ നടണം. ഈ തണ്ടുകള്‍ ദിവസത്തില്‍ രണ്ടുപ്രാവശ്യം നനയ്ക്കണം. രണ്ടു മാസം കഴിഞ്ഞാല്‍ പറിച്ചുമാറ്റി നടാവുന്നതാണ്. വേര് വന്ന തണ്ടുകള്‍ 0.1 ശതമാനം ബെന്‍ലേറ്റ് ലായനിയില്‍ മുക്കിയശേഷം പെട്ടെന്ന് തന്നെ 60 സെ.മീ നീളവും 60 സെ.മീ വീതിയുമുള്ള സ്ഥലത്തേക്ക് മാറ്റിനടാം. മണ്‍സൂണ്‍ മഴയുടെ ആദ്യത്തെ വരവിന് ശേഷം ചെടികള്‍ മാറ്റിനടാം. ഒരു ഏക്കര്‍ ഭൂമിയില്‍ കൃഷി ചെയ്യാവുന്ന ചെടികളുടെ തണ്ടുകളുടെ എണ്ണം 10,000 ആണ്. ഒരു ഹെക്ടര്‍ ഭൂമിയില്‍ 25,000 ചെടികള്‍ വളര്‍ത്താം.
മണ്ണിന്റെ സ്വഭാവമനുസരിച്ചാണ് നനയ്ക്കുന്നത്. മിതമായ ജലസേചനം നല്ലതാണ്. അമിതമായ വളപ്രയോഗം വേര്ചീയലിന് കാരണമാകും. കളകള്‍ പറിച്ചുമാറ്റി വൃത്തിയാക്കണം. ചിതലുകളാണ് പ്രധാനമായും ആക്രമിക്കുന്നത്.
നഴ്‌സറിയില്‍ നിന്നും പറിച്ച് മാറ്റിനട്ട് ഏകദേശം നാല് മാസം കഴിഞ്ഞാല്‍ ജെറേനിയം പൂക്കള്‍ വിളവെടുക്കാം. ഇലകള്‍ ഇളംപച്ചനിറമാകുമ്പോഴും ചെറുനാരങ്ങയുടെതിന് സമാനമായ മണത്തില്‍ നിന്നും റോസിന്റെ മണത്തിന് സമാനമാകുമ്പോള്‍ വിളവെടുക്കാന്‍ പാകമായെന്ന് മനസിലാക്കാം.