അപൂര്‍വമായി മാത്രം പൂക്കളുണ്ടാകുന്ന ഫിറ്റോണിയ; ഏകദേശം 25 വ്യത്യസ്‍ത ഇനങ്ങളുള്ള ചെടി
മറ്റേതൊരു ചെടിയെയും പോലെ ഫിറ്റോണിയയും വെള്ളം കെട്ടിനിന്നാല്‍ ചീഞ്ഞുപോകും. വര്‍ഷത്തില്‍ രണ്ടു പ്രാവശ്യമെങ്കിലും വളങ്ങള്‍ നല്‍കണം. ഇലകള്‍ ചുരുങ്ങുകയോ വാടിപ്പോകുകയോ ചെയ്താല്‍ മണ്ണില്‍ ഉപ്പിന്റെ അംശമുണ്ടോയെന്ന് പരിശോധിക്കണം.
മേശപ്പുറത്തും തൂക്കുപാത്രങ്ങളിലും ടെറേറിയത്തിലും ഒരുപോലെ വളര്‍ത്താവുന്ന മനോഹരമായ ചെടിയാണ് ഫിറ്റോണിയ അഥവാ നെര്‍വ് പ്ലാന്റ്. ഈ ചെടിയുടെ ഇലകളില്‍ കാണുന്ന ഞരമ്പ് പോലുള്ള അടയാളം ആകര്‍ഷകത്വം വര്‍ധിപ്പിക്കുന്നു. വെള്ളയും പിങ്കും ചുവപ്പും പര്‍പ്പിളും സില്‍വറും നിറങ്ങളില്‍ ഇത് കാണപ്പെടുന്നുണ്ട്. വളരെ കുറഞ്ഞ വെളിച്ചത്തിലും നന്നായി പടര്‍ന്ന് വളരുന്ന ചെടിയായ ഫിറ്റോണിയ നല്ല പ്രചാരമുള്ള ഇന്‍ഡോര്‍ പ്ലാന്റാണ്.
തെക്കേ അമേരിക്കയിലാണ് ഈ ചെടിയുടെ ജന്മദേശം. മൊസൈക് ചെടി, പെയ്ന്റഡ് ലീഫ് ചെടി, സ്‌നേക്ക്‌സ്‌കിന്‍ ചെടി, സില്‍വര്‍ നെര്‍വ് എന്നിങ്ങനെയുള്ള പേരുകളില്‍ ഇത് അറിയപ്പെടുന്നുണ്ട്. ആറ് ഇഞ്ചില്‍ കൂടുതല്‍ ഉയരത്തില്‍ വളരാത്ത ചെടിയാണിത്. വളരെ അപൂര്‍വമായി മാത്രം പൂക്കളുണ്ടാകും. നീളമുള്ള ചുവപ്പോ വെള്ളയോ നിറമുള്ള സഹപത്രങ്ങളില്‍ നിന്ന് ചെറുതും മഞ്ഞയോ വെള്ളയോ നിറവുമുള്ള പൂക്കള്‍ വിടരും. മണമില്ലാത്ത പൂക്കളാണ്.
നേരിട്ട് സൂര്യപ്രകാശമേറ്റാല്‍ ഇലകള്‍ ചുരുങ്ങും. കൃത്യമായി ഈര്‍പ്പം നിലനിര്‍ത്തണം. അമിതമായി നനയ്ക്കുകയും ചെയ്യരുത്. വരണ്ട അന്തരീക്ഷത്തില്‍ ഇലകള്‍ ചുരുണ്ടു പോകാനിടയുണ്ട്. ചകിരിച്ചോറ് ചേര്‍ത്ത മണ്ണാണ് ഈര്‍പ്പം നിലനിര്‍ത്താന്‍ അനുയോജ്യം. രണ്ടിഞ്ച് വലുപ്പമുള്ള തണ്ടുകള്‍ ഈര്‍പ്പമുള്ള മണ്ണില്‍ നട്ടാല്‍ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ വേര് പിടിച്ച് വളരും.
മറ്റേതൊരു ചെടിയെയും പോലെ ഫിറ്റോണിയയും വെള്ളം കെട്ടിനിന്നാല്‍ ചീഞ്ഞുപോകും. വര്‍ഷത്തില്‍ രണ്ടു പ്രാവശ്യമെങ്കിലും വളങ്ങള്‍ നല്‍കണം. ഇലകള്‍ ചുരുങ്ങുകയോ വാടിപ്പോകുകയോ ചെയ്താല്‍ മണ്ണില്‍ ഉപ്പിന്റെ അംശമുണ്ടോയെന്ന് പരിശോധിക്കണം. നന്നായി വെള്ളമൊഴിച്ച് ഉപ്പിന്റെ അംശം ഒഴുകിപ്പോകാന്‍ അനുവദിക്കുക. ചെടിസാധാരണ അവസ്ഥയിലേക്ക് വന്നാല്‍ പുതിയ മണ്ണിലേക്ക് മാറ്റിനടുക. അതുപോലെ തണ്ടുകള്‍ മുറിച്ചെടുത്ത് പുതിയ ചെടി നടുകയും ചെയ്യാം.
അമിതമായ തണുപ്പിലാണ് ചെടി വളരുന്നതെങ്കില്‍ ഇലകള്‍ കൊഴിഞ്ഞുപോകും. മണ്ണില്‍ പടര്‍ന്ന് വളരാന്‍ ഇഷ്ടപ്പെടുന്ന ചെടിയായതുകൊണ്ട് വിസ്താരമുള്ള പാത്രത്തില്‍ വളര്‍ത്തുന്നതാണ് നല്ലത്. തണ്ടില്‍ നിന്ന് വേരുകള്‍ മുളച്ചുവരുന്നത് കണ്ടാല്‍ വേറെ പാത്രത്തിലേക്ക് മാറ്റിനടാം.
വിവിധ ഇനങ്ങള്‍
റെഡ് ആനി: ടെറേറിയത്തില്‍ വളര്‍ത്താന്‍ യോജിച്ച ചെടി. കടുംചുവപ്പ് നിറത്തിലുള്ളതോ പിങ്കോ ആയ ഞരമ്പ് പോലുള്ള അടയാളങ്ങള്‍ പച്ച ഇലകളില്‍ കാണപ്പെടുന്നു.
ലെതര്‍ ലീഫ്: വലിയ വെളുത്ത ഇലകളില്‍ തെളിച്ചമുള്ള വെളുത്ത ഞരമ്പുകള്‍ കാണാം.
ജോസന്‍: ഇടത്തരം വലുപ്പമുള്ള ചെടിയാണ്. തിളക്കമുള്ള പച്ച ഇലകളില്‍ ചുവന്ന ഞരമ്പുകള്‍.
വൈറ്റ് ആനി: മങ്ങിയ പച്ചയോ വെള്ളയോ ആയ ഇലകള്‍.
മിനി സുപെര്‍ബ: വളരെ വലിയ ഇലകളില്‍ പിങ്ക് നിറത്തിലുള്ള ഞരമ്പുകള്‍.
പര്‍പ്പിള്‍ വെയ്ന്‍: വലിയ ഇലകളാണ്. പര്‍പ്പിള്‍ നിറത്തിലുള്ള ഞരമ്പുകള്‍ കടുംപച്ച ഇലകളില്‍ കാണപ്പെടുന്നു.
വൈറ്റോ ബ്രോക്കേഡ്: വലിയ പച്ച ഇലകളില്‍ വെളുത്ത ഞരമ്പുകള്‍.
ഇവയൊന്നും കൂടാതെ നിരവധി വ്യത്യസ്ത ഇനങ്ങള്‍ ഫിറ്റോണിയയിലുണ്ട്. പിങ്ക് എയ്ഞ്ചല്‍, എയ്ഞ്ചല്‍ സ്‌നോ, ഫോറസ്റ്റ് ഫ്‌ളെയിം, മിനി വൈറ്റ്, ടൈറ്റാനിക്, റെഡ് സ്റ്റാര്‍ പിങ്ക് വെയ്ന്‍, ബ്ലാക്ക് സ്റ്റാര്‍, മിനി റെഡ് വെയ്ന്‍, റൂബി റെഡ്, ഡെയ്‌സി എന്നിവയെല്ലാം മനോഹരമായ ഇനങ്ങളാണ്.