ബലൂണ്‍ പൂക്കള്‍ വിരിയുന്ന പൂന്തോട്ടങ്ങള്‍ ; കുള്ളന്‍ ചെടികളിലും പൂക്കള്‍ വിടരും
വേരുകള്‍ ഭക്ഷ്യയോഗ്യമാണ്. അച്ചാറിലും പച്ചമരുന്നുകളിലും ഉപയോഗിക്കുന്ന വേരുകള്‍ക്ക് ദഹനപ്രക്രിയ സുഗമമാക്കാനുള്ള കഴിവുണ്ട്.
തോട്ടം നിറയെ വിടര്‍ന്നുനില്‍ക്കുന്ന ബലൂണ്‍ പൂക്കള്‍ കണ്ടിട്ടുണ്ടോ? ചൈനയിലും ജപ്പാനിലും കൊറിയയിലും കണ്ടുവരുന്ന ഒരിനം പൂക്കളാണിത്. ജാപ്പനീസ് ബെല്‍ ഫ്‌ളവര്‍ എന്ന പേരിലറിയപ്പെടുന്ന ഈ പൂച്ചെടി നല്ല സൂര്യപ്രകാശം ലഭിക്കുന്ന പൂന്തോട്ടത്തില്‍ നിറയെ പൂത്തുലഞ്ഞ് കാഴ്ചയുടെ വസന്തമൊരുക്കും. പൂമൊട്ടായിരിക്കുന്ന സമയത്ത് പൊട്ടാന്‍ തയ്യാറായി നില്‍ക്കുന്ന ചെറിയ ബലൂണുകളെപ്പോലെ തോന്നിപ്പിക്കുന്നതിനാലാണ് ബലൂണ്‍ പൂക്കളെന്ന് പേരുവന്നത്. പൂര്‍ണമായും വിരിഞ്ഞാല്‍ നക്ഷത്രങ്ങളെപ്പോലെ തോന്നിക്കും. പ്ലാറ്റിക്ലോഡണ്‍ ഗ്രാന്റിഫ്‌ളോറസ് എന്ന ശാസ്ത്രനാമത്തിലറിയപ്പെടുന്ന ഈ കുഞ്ഞുപൂക്കളുടെ വിശേഷങ്ങള്‍ അറിയാം.
നീലയുടെ വിവിധ ഭാവപ്പകര്‍ച്ചകളില്‍ വിരിയുന്ന ബലൂണ്‍ പൂക്കള്‍ക്ക് ഏകദേശം മൂന്ന് ഇഞ്ച് വലുപ്പമുണ്ടാകും. പിങ്ക് , വെളുപ്പ് നിറങ്ങളിലും ഈ പൂക്കള്‍ കാണപ്പെടുന്നുണ്ട്. ഇതളുകളില്‍ ഞരമ്പുകള്‍ പോലുള്ള ആകൃതിയും ചിലയിനം പൂക്കളില്‍ കാണാറുണ്ട്. ഓരോ തണ്ടിലും ഒന്നോ അതിലധികമോ പൂക്കള്‍ വിരിയും. . പച്ചനിറത്തിലും നീല കലര്‍ന്ന പച്ചനിറത്തിലുമുള്ള ഇലകള്‍ക്ക് നല്ല കട്ടിയുണ്ടാകും.
ജൈവവളസമ്പുഷ്ടമായതും നല്ല നീര്‍വാര്‍ച്ചയുള്ളതുമായ മണ്ണാണ് ബലൂണ്‍ പൂക്കളുണ്ടാകാന്‍ അനുയോജ്യം. വിവിധ വലുപ്പത്തില്‍ വളരുന്ന ചെടികള്‍ക്ക് പൂര്‍ണവളര്‍ച്ചയെത്തുമ്പോള്‍ ഏകദേശം 36 ഇഞ്ച് നീളമുണ്ടാകും. നാല് മുതല്‍ ആറ് ഇഞ്ച് വരെ വലുപ്പമുള്ള കുള്ളന്‍ ചെടികളും ഈ കൂട്ടത്തിലുണ്ടാകും. കേടുവന്നതും നശിച്ചതുമായ ഇലകളും തണ്ടുകളും കൃത്യമായി മുറിച്ചുമാറ്റിയാല്‍ വേനല്‍ക്കാലത്തും ചെടികള്‍ നന്നായി പുഷ്പിക്കും.
വേരുകള്‍ ഭക്ഷ്യയോഗ്യമാണ്. അച്ചാറിലും പച്ചമരുന്നുകളിലും ഉപയോഗിക്കുന്ന വേരുകള്‍ക്ക് ദഹനപ്രക്രിയ സുഗമമാക്കാനുള്ള കഴിവുണ്ട്. വിത്ത് മുളപ്പിച്ചും തണ്ടുകള്‍ മുറിച്ചുനട്ടുമാണ് ഈ ചെടി സാധാരണയായി വളര്‍ത്തുന്നത്. വിത്ത് മുളപ്പിക്കാനായി വെളിച്ചം ആവശ്യമുള്ളതിനാല്‍ ഈര്‍പ്പമുള്ള മണ്ണിന്റെ ഉപരിതലത്തില്‍ മണ്ണിട്ട് മൂടാതെ പാകണം. തൈകള്‍ക്ക് രണ്ട് ജോടി ഇലകള്‍ വരുമ്പോള്‍ പുറത്ത് തോട്ടത്തിലേക്ക് മാറ്റിനടാവുന്നതാണ്. പറിച്ചു നടുന്നതിന് മുമ്പായി അഞ്ച് ദിവസത്തോളം നല്ല വായുവും സൂര്യപ്രകാശവും കിട്ടുന്ന സ്ഥലത്ത് തൈകളുള്ള പാത്രം മാറ്റിവെച്ച് അന്തരീക്ഷവുമായി പൊരുത്തപ്പെടുന്ന തരത്തിലേക്ക് മാറ്റണം.
തണ്ട് മുറിച്ചുനടുകയാണെങ്കില്‍ നാല് ഇഞ്ചോളം വലുപ്പത്തില്‍ വെട്ടിയെടുത്ത് മൂന്നോ നാലോ ഇലകള്‍ താഴത്തുനിന്നും പറിച്ചുകളയണം. ഈ തണ്ട് വേര് പിടിപ്പിക്കുന്ന ഹോര്‍മോണില്‍ മുക്കിയശേഷം പോട്ടിങ്ങ് മിശ്രിതത്തിലേക്ക് നടണം. ഈര്‍പ്പം നിലനിര്‍ത്തണം. പക്ഷേ, അമിതമായി നനയ്ക്കരുത്. മണ്ണിന്റെ പി.എച്ച് മൂല്യം 5.5 -നും 7.5 -നും ഇടയിലായിരിക്കണം.
പാത്രത്തില്‍ നടുന്നവര്‍ക്ക് കുള്ളന്‍ ഇനങ്ങളാണ് നല്ലത്. ആസ്ട്ര ഡബിള്‍ എന്നയിനം ഇത്തരത്തില്‍പ്പെട്ടതാണ്. പൂര്‍ണവളര്‍ച്ചയെത്തിയ ചെടിക്ക് 12 ഇഞ്ച് വലുപ്പം മാത്രമേ ഉണ്ടാകുകയുള്ളു. കീടങ്ങളും രോഗങ്ങളും കാര്യമായി ബാധിക്കാത്ത ചെടിയാണ്. ആസ്ട്ര പിങ് എന്ന കുള്ളന്‍ ഇനവും 12 ഇഞ്ചോളം മാത്രം വളരുന്നവയാണ്. ഇളം പിങ്ക് നിറത്തിലുള്ള പൂക്കളാണ്. സെന്റിമെന്റല്‍ എന്നയിനവും 12 ഇഞ്ചോളം തന്നെ വളരുന്നവയാണ്. ഫുജി ബ്ലൂ എന്നയിനം 18 മുതല്‍ 24 ഇഞ്ച് വരെ ഉയരത്തില്‍ വളരുന്നവയും പൂക്കള്‍ക്ക് കടുംനീല നിറമുള്ളതുമാണ്.