ഇതാണ് ഏഷ്യന്‍ മുല്ല; സുഗന്ധമുള്ള പൂച്ചെടി
മുല്ലപ്പൂക്കളുടെ കുടുംബവുമായി ബന്ധമില്ലെങ്കിലും വെളുത്തതും മഞ്ഞയുമായ സുഗന്ധമുള്ള മുല്ലപ്പൂക്കളോട് സമാനമായ പൂക്കളുണ്ടാകുന്നു.
ഇത് യഥാര്‍ഥ മുല്ലയല്ല. പക്ഷേ, ഇത് വളരെ പ്രചാരമുള്ളതും പെട്ടെന്ന് വ്യാപിക്കുന്നതുമായ ഒരിനം പൂച്ചെടിയാണ്. സുഗന്ധമുള്ള പൂക്കളും എളുപ്പത്തില്‍ പരിപാലിക്കാമെന്നതും പലര്‍ക്കും ഈ ചെടി വളര്‍ത്താനുള്ള കാരണങ്ങളാണ്. ബാല്‍ക്കണികളില്‍ നിന്നും വേലിയില്‍ നിന്നും താഴേക്ക് തൂക്കിയിട്ട് വളര്‍ത്താവുന്ന ചെടിയാണിത്. നിലത്ത് പടര്‍ന്ന് വളര്‍ന്ന് മണ്ണിനെ മൂടി നില്‍ക്കുന്ന പരവതാനി പോലെയാകുന്ന ഏഷ്യന്‍ മുല്ലയുടെ വിശേഷങ്ങള്‍ അറിയാം.
ട്രാക്കെലോസ്‌പെര്‍മം ഏഷ്യാറ്റികം എന്നാണ് ഈ പൂച്ചെടിയുടെ ശാസ്ത്രനാമം. മുല്ലപ്പൂക്കളുടെ കുടുംബവുമായി ബന്ധമില്ലെങ്കിലും വെളുത്തതും മഞ്ഞയുമായ സുഗന്ധമുള്ള മുല്ലപ്പൂക്കളോട് സമാനമായ പൂക്കളുണ്ടാകുന്നു. ജപ്പാനും കൊറിയയുമാണ് നിത്യഹരിത സസ്യമായ ഏഷ്യന്‍ മുല്ലയുടെ സ്വദേശമെന്ന് കരുതുന്നു.
ആറ് മുതല്‍ 18 ഇഞ്ച് വരെ ഉയരത്തില്‍ വളരുന്ന ഈ ചെടി മൂന്ന് അടി വരെ പടര്‍ന്ന് വളരും. ഇലകള്‍ കടുംപച്ചയും ചെറുതും മിനുസമുള്ളതുമാണ്. വേനല്‍ക്കാലത്തും ചെറുതും വളരെ സുഗന്ധമുള്ളതുമായ പൂക്കളുണ്ടാകും.
ഈര്‍പ്പമുള്ളതും വളക്കൂറുള്ളതുമായ മണ്ണിലാണ് ചെടി നന്നായി വളരുന്നത്. വരള്‍ച്ചയെയും ഉപ്പ് രസമുള്ള മണ്ണിനെയും അതിജീവിച്ച് വളരാനുള്ള കഴിവുണ്ട്.ഏതുതരം മണ്ണിലും വളരുന്ന ഏഷ്യന്‍ മുല്ല നല്ല സൂര്യപ്രകാശമുള്ള സ്ഥലത്താണ് വളരുന്നത്. ആരും ശ്രദ്ധിച്ചില്ലെങ്കിലും നന്നായി വളരുമെന്നതും പ്രത്യേകതയാണ്.