കുള്ളന്‍ചെറിയില്‍ രണ്ടുവര്‍ഷമായാല്‍ പഴങ്ങള്‍ വിളവെടുക്കാം; 30 വര്‍ഷങ്ങളോളം ആയുസുള്ള ഇനങ്ങളും
മഴക്കാലത്തിന് ശേഷമോ വേനല്‍ക്കാലത്തിന് തൊട്ടുമുമ്പോ ആണ് ചെറിമരങ്ങള്‍ നടാന്‍ അനുയോജ്യം. നട്ടുവളര്‍ത്തിയാല്‍ നാല് വര്‍ഷങ്ങള്‍ക്കുശേഷമാണ് ചെറിമരത്തില്‍ പഴങ്ങളുണ്ടാകുന്നത്.
കുള്ളന്‍ ചെറി മരങ്ങള്‍ പേര് സൂചിപ്പിക്കുന്നതുപോലെ വലുപ്പത്തില്‍ ചെറുതാണെങ്കിലും സാധാരണ വലിയ മരങ്ങളിലുണ്ടാകുന്ന അതേ വലിപ്പത്തിലുള്ള പഴങ്ങള്‍ തന്നെയാണുണ്ടാകുന്നത്. വളരാന്‍ ധാരാളം സ്ഥലം ആവശ്യമില്ലെന്നതുകൊണ്ട് പൂന്തോട്ടത്തിലും ചെറിയ മുറ്റങ്ങളിലുമെല്ലാം കുള്ളന്‍ ചെറി വളര്‍ത്താവുന്നതാണ്. ഗ്രാഫ്റ്റിങ്ങ് നടത്തിയാണ് വലുപ്പം കുറഞ്ഞ ചെറിമരങ്ങള്‍ ഉത്പാദിപ്പിക്കുന്നത്. സാധാരണയായി കുള്ളന്‍ചെറി മരങ്ങള്‍ക്ക് ആറു മുതല്‍ എട്ട് അടി വരെ ഉയരമാണുണ്ടാകുന്നത്. പലയിനങ്ങളില്‍പ്പെട്ട കുള്ളന്‍ചെറികളുടെ വിശേഷങ്ങള്‍ അറിയാം.
കുള്ളന്‍ ചെറികള്‍ക്ക് ധാരാളം ഗുണങ്ങളുണ്ട്. വിളവെടുക്കാനും കൊമ്പുകോതല്‍ നടത്താനുമൊന്നും ഏണിയോ മറ്റുപകരണങ്ങളോ ആവശ്യമില്ല. പാത്രങ്ങളില്‍ വളരെ നന്നായി വളര്‍ത്തിയെടുക്കാം. ഡ്വാര്‍ഫ് നോര്‍ത്ത് സ്റ്റാര്‍ എന്നയിനത്തില്‍പ്പെടുന്ന കുള്ളന്‍ ചെറിമരം രോഗങ്ങള്‍ക്കെതിരെ ഉയര്‍ന്ന പ്രതിരോധശേഷിയുള്ളതാണ്. എട്ട് മുതല്‍ 12 അടിവരെ ഉയരത്തില്‍ വളരും. ഡ്വാര്‍ഫ് ബിങ്ങ് ചെറി എന്നയിനത്തിന് നല്ല കടുംചുവപ്പ് നിറമാണുള്ളത്. നല്ല രുചിയും വലുപ്പവുമുള്ള പഴങ്ങളാണ്. 20 അടി ഉയരത്തില്‍ വളരുന്ന ഈ ഇനത്തിന് പരിചരണവും കാര്യമായി ആവശ്യമില്ല. അവയ്ക്ക് ചുവപ്പും കറുപ്പുമുള്ള തൊലിയും ദൃഢതയുള്ള അകക്കാമ്പുമാണ്. ഈ ചെടിയുടെ ചുവപ്പുനിറമുള്ള ശാഖകള്‍ പച്ചിലകള്‍ക്കിടയിലൂടെ കാണപ്പെടുന്നത് പൂന്തോട്ടത്തിന് മാറ്റുകൂട്ടുന്നു. മഴക്കാലത്ത് ഇലകള്‍ ചുവപ്പും ഓറഞ്ചും നിറത്തിലേക്ക് മാറും. സ്വപരാഗണം നടക്കുന്ന മരമല്ലാത്തതിനാല്‍ മറ്റൊരു ചെറിമരം കൂടി സമീപത്ത് നട്ടുവളര്‍ത്തിയാലേ കായ്കളുണ്ടാകുകയുള്ളൂ.
മെറ്റിയോര്‍ എന്നയിനത്തില്‍പ്പെട്ട ചെറിമരം ഏകദേശം എട്ടുമുതല്‍ 12 അടി വരെ ഉയരത്തിലാണ് വളരുന്നത്. അല്‍പം പുളിപ്പുള്ള ഈ പഴം ജ്യൂസുണ്ടാക്കാനും ജാമുകളിലും ജെല്ലികളിലും വൈന്‍ ഉണ്ടാക്കാനുമെല്ലാമാണ് ഉപയോഗിക്കുന്നത്. സ്വപരാഗണം നടക്കുന്നയിനമാണിത്. വളരെ ആകര്‍ഷകമായ കടുംപച്ചനിറത്തിലുള്ള ഇലകളുമുണ്ട്. വസന്തകാലമായാല്‍ വെളുത്ത പൂക്കളുണ്ടാകുന്ന മരത്തില്‍ വേനലില്‍ ചുവന്ന പഴങ്ങളുമുണ്ടാകും. മഴക്കാലത്ത് ഇലകള്‍ക്ക് തിളങ്ങുന്ന ഓറഞ്ച് നിറമായിരിക്കും. നല്ല സൂര്യപ്രകാശവും നീര്‍വാര്‍ച്ചയുള്ള മണ്ണുമാണ് ഈയിനം ചെറിമരം വളര്‍ത്താന്‍ ആവശ്യമായ സാഹചര്യം. 30 വര്‍ഷങ്ങളോളം ആയുസുള്ള മരമാണ്.
മിക്കവാറും എല്ലാത്തരം മണ്ണിലും ചെറിമരം വളരും. ചട്ടികളില്‍ വളര്‍ത്തുമ്പോള്‍ ഒരു ഭാഗം മണലും ഒരു ഭാഗം പീറ്റ്‌മോസും ബാക്കി പെര്‍ലൈറ്റ് അഥവാ വെര്‍മിക്കുലൈറ്റുമാണ് ഏറ്റവും അനുയോജ്യം. വില കുറഞ്ഞ പ്ലാസ്റ്റിക് പാത്രങ്ങളില്‍ വളര്‍ത്തരുത്. 10 മുതല്‍ 16 ഇഞ്ച് വ്യാസമുള്ള പാത്രങ്ങളില്‍ വളര്‍ത്തുന്നതാണ് നല്ലത്. സെറാമിക് പാത്രങ്ങളും അനുയോജ്യമാണ്.
മഴക്കാലത്തിന് ശേഷമോ വേനല്‍ക്കാലത്തിന് തൊട്ടുമുമ്പോ ആണ് ചെറിമരങ്ങള്‍ നടാന്‍ അനുയോജ്യം. നട്ടുവളര്‍ത്തിയാല്‍ നാല് വര്‍ഷങ്ങള്‍ക്കുശേഷമാണ് ചെറിമരത്തില്‍ പഴങ്ങളുണ്ടാകുന്നത്. കുള്ളന്‍മരങ്ങളില്‍ ഒരു വര്‍ഷത്തിന് മുമ്പേ തന്നെ പഴങ്ങളുണ്ടാകും. കുള്ളന്‍ മരങ്ങളില്‍ നിന്ന് ഒരു വര്‍ഷം 10 മുതല്‍ 15 വരെ കിലോഗ്രാം പഴങ്ങള്‍ ലഭിക്കും. പഴങ്ങളുണ്ടാകാന്‍ തുടങ്ങിയാല്‍ കൃത്യമായി നനയ്ക്കണം. കുള്ളന്‍ ഇനങ്ങള്‍ വളര്‍ത്തുമ്പോള്‍ രണ്ടുമരങ്ങള്‍ തമ്മില്‍ അഞ്ച് മുതല്‍ 10 അടിവരെ അകലം ഉണ്ടായിരിക്കണം. ഉയര്‍ന്ന അളവില്‍ നൈട്രജന്‍ അടങ്ങിയിരിക്കുന്ന വളമാണ് ചെറിമരത്തിന് ആവശ്യം. വേരുകളും ചെടിയുടെ തലപ്പുകളും ചീഞ്ഞുപോകുന്ന അസുഖം ബാധിക്കാറുണ്ട്. പൗഡറി മില്‍ഡ്യൂവും കുള്ളന്‍ചെറിമരത്തില്‍ കാണാറുണ്ട്.
സാധാരണ ഗതിയില്‍ ഒരു ചെറിമരത്തില്‍ കായകളുണ്ടായി വിളവെടുക്കാന്‍ നാല് മുതല്‍ ഏഴ് വര്‍ഷങ്ങള്‍ വരെ കാത്തിരിക്കണം. കുള്ളന്‍ ഇനങ്ങളുടെ തൈകള്‍ പറിച്ചുമാറ്റി നട്ടശേഷം രണ്ടു വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍ത്തന്നെ പഴങ്ങള്‍ തരും. ചെറിപ്പഴങ്ങള്‍ പൂര്‍ണമായും പഴുത്താല്‍ മാത്രം വിളവെടുക്കുക.