അഡീനിയത്തിന്റെ വിത്തു മുളപ്പിച്ചും തണ്ടുകള്‍ മുറിച്ചുനട്ടും വളര്‍ത്താം
നല്ലയിനം വിത്തുകള്‍ കിട്ടണമെങ്കില്‍ വളരെക്കാലം കാത്തിരിക്കണം. ഏകദേശം എട്ട് വര്‍ഷമെങ്കിലും വളര്‍ച്ചയുള്ള ചെടിയില്‍ നിന്നേ ഗുണമേന്മയുള്ള വിത്ത് ലഭിക്കുകയുള്ളു.
ഡെസേര്‍ട്ട് റോസ് അഥവാ അഡീനിയം ഒബേസം പല നിറങ്ങളില്‍ പുഷ്പിച്ചു നില്‍ക്കുന്നത് കാണുന്നത് കണ്ണുകള്‍ക്ക് ആനന്ദം പകരുന്ന കാഴ്ചയാണ്. ആകര്‍ഷകമെന്നുമാത്രമല്ല രോഗപ്രതിരോധശേഷിയുള്ളതുമായ അഡീനിയം എങ്ങനെയാണ് വളര്‍ത്തിയെടുക്കുന്നത്?
നല്ല വിത്തുകള്‍ തെരഞ്ഞെടുത്താല്‍ പെട്ടെന്ന് മുളച്ച് വരും. നല്ല നീര്‍വാര്‍ച്ചയുള്ള വളര്‍ച്ചാമാധ്യമം ആണ് അഡീനിയത്തിന്റെ വിത്തുകള്‍ മുളപ്പിച്ചെടുക്കാന്‍ ആവശ്യം. പെര്‍ലൈറ്റോ മണലോ യോജിപ്പിച്ചും സാധാരണ പോട്ടിങ്ങ് മിശ്രിതം ഉപയോഗിച്ചും വിത്ത് വിതയ്ക്കാം. തൈകളായി മുളച്ച് പൊന്തുന്നതുവരെ ദിവസവും നനയ്ക്കണം. വളര്‍ത്തുന്ന പാത്രം 27 ഡിഗ്രി സെല്‍ഷ്യസിനും 29 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലുള്ള സ്ഥലത്ത് വെച്ചാല്‍ വളര്‍ച്ച നന്നായി നടക്കും. വിത്തുകള്‍ ഗുണമേന്മയുള്ളതാണെങ്കില്‍ ഒരാഴ്ചയ്ക്കുള്ളില്‍ മുളയ്ക്കും. ഒരു മാസമായാലാണ് തൈകള്‍ പുതിയ പാത്രത്തിലേക്ക് മാറ്റിനടുന്നത്.
നല്ലയിനം വിത്തുകള്‍ കിട്ടണമെങ്കില്‍ വളരെക്കാലം കാത്തിരിക്കണം. ഏകദേശം എട്ട് വര്‍ഷമെങ്കിലും വളര്‍ച്ചയുള്ള ചെടിയില്‍ നിന്നേ ഗുണമേന്മയുള്ള വിത്ത് ലഭിക്കുകയുള്ളു. ചൂടുള്ള കാലാവസ്ഥയില്‍ വര്‍ഷത്തില്‍ രണ്ടുപ്രാവശ്യം പൂക്കളുണ്ടാകും. തണലത്ത് വളരുന്ന ചെടികളില്‍ പൂക്കളും വിത്തുകളും ഉണ്ടാകാനുള്ള സാധ്യത കുറവാണ്. വിത്തുകള്‍ വളരെ ചെറുതാണ്. വിത്തുകള്‍ ഉണ്ടാകുന്ന ആവരണം പൊട്ടിയാല്‍ കാറ്റത്ത് വിത്തുകള്‍ പുറത്ത് പാറിയെത്തും.
വിത്ത് മുളപ്പിക്കുന്നത് എളുപ്പമാണെങ്കിലും മിക്കവാറും തണ്ടുകള്‍ മുറിച്ച് നട്ടാണ് പുതിയ ചെടികളുണ്ടാക്കുന്നത്. ഒരു ശാഖയുടെ അറ്റത്ത് നിന്ന് നടാനുള്ള തണ്ട് മുറിച്ചെടുത്ത് രണ്ട് ദിവസം ഉണങ്ങാന്‍ വെക്കുക. പിന്നീട് മുറിച്ചെടുത്ത ഭാഗത്ത് ഈര്‍പ്പം നല്‍കണം. പിന്നീട് വേര് പിടിപ്പിക്കാന്‍ സഹായിക്കുന്ന ഹോര്‍മോണില്‍ മുക്കുക. അതിനുശേഷം പോട്ടിങ്ങ് മിശ്രിതത്തിലേക്ക് നടണം. ദിവസേന നനയ്ക്കണം. രണ്ടു മുതല്‍ ആറ് ആഴ്ചകള്‍ കൊണ്ടാണ് വേര് പിടിക്കുന്നത്.