മധുരം കൊല്ലും ചക്കരക്കൊല്ലി, ഇലയിലും വേരിലും ഔഷധഗുണമുള്ള സസ്യം
വിത്ത് മുളപ്പിച്ചും തണ്ടുകള്‍ മുറിച്ച് നട്ടും കൃഷി ചെയ്യാറുണ്ട്. വിത്ത് പഴത്തില്‍ നിന്നെടുത്ത ശേഷം ഒരു ദിവസം വെള്ളത്തില്‍ കുതിര്‍ത്ത് വെക്കും. അതിനുശേഷമാണ് നഴ്‌സറി ബെഡ്ഡില്‍ നടുന്നത്.
ഔഷധഗുണം കൊണ്ട് ശ്രദ്ധിക്കപ്പെട്ട സസ്യമാണ് ചക്കരക്കൊല്ലി. ഇന്ത്യയാണ് ഈ ചെടിയുടെ സ്വദേശം. പല സ്ഥങ്ങളിലും ഗുര്‍മാര്‍ എന്നറിയപ്പെടുന്ന ഈ സസ്യത്തിന്റെ പേരിന്റെ അര്‍ഥം തന്നെ മധുരത്തെ കൊല്ലുന്നത് എന്നതാണ്. അപ്പോസിനേഷ്യ എന്ന സസ്യകുടുംബത്തില്‍പ്പെട്ട ഈ ചെടി മധ്യപ്രദേശിലും പശ്ചിമ ബംഗാളിലും കേരളത്തിലും ഹരിയാനയിലും മഹാരാഷ്ട്രയിലും ഉത്തര്‍പ്രദേശിലും പഞ്ചാബിലും കാണപ്പെടുന്നുണ്ട്. ആഫ്രിക്കയുടെ ചില പ്രദേശങ്ങളിലും ഇത് കൃഷി ചെയ്യുന്നുണ്ട്. ജിംനെമ സില്‍വെസ്റ്റര്‍ എന്ന ശാസ്ത്രനാമമുള്ള ചക്കരക്കൊല്ലിയുടെ ഇല ചവച്ചരച്ചിട്ട് മധുരം കഴിച്ചാല്‍ മധുരിക്കില്ലെന്നതാണ് പ്രത്യേകത.
നീളത്തില്‍ പടര്‍ന്നുവളരുന്ന ഇനം ചെടിയാണിത്. ഇലകളുടെ മുകള്‍ ഭാഗം മിനുസമാര്‍ന്നതും അടിഭാഗം നല്ല വെല്‍വെറ്റ് പോലെ മൃദുവുമാണ്. ഇലകള്‍ക്ക് ആറ് മുതല്‍ 12 മി.മീ വരെ നീളമുണ്ടായിരിക്കും.
പൂക്കള്‍ വളരെ ചെറുതും മഞ്ഞനിറത്തിലുള്ളതും ബെല്‍ ആകൃതിയിലുള്ളതുമാണ്. പഴങ്ങളില്‍ ഒറ്റ വിത്ത് മാത്രമേ ഉണ്ടാകുകയുള്ളു. ഓവല്‍ ആകൃതിയില്‍ രണ്ടുവശവും അല്‍പം കൂര്‍ത്ത പോലുള്ള പഴങ്ങളാണ്. കട്ടികുറഞ്ഞ വിത്തുകളാണ്.
വൈറസ് മൂലമുള്ള അസുഖങ്ങളെ പ്രതിരോധിക്കാനും കണ്ണ്, പല്ല് എന്നിവയെ ബാധിക്കുന്ന അസുഖങ്ങള്‍ അകറ്റാനും ചക്കരക്കൊല്ലി അടങ്ങിയ ഔഷധം ഉപയോഗിക്കാറുണ്ട്. അലര്‍ജിക്കെതിരെയും തടി കുറയ്ക്കാനും ചുമ നിയന്ത്രിക്കാനും രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും ശരീരത്തിലെ നല്ല കൊളസ്‌ട്രോളിന്റെ അളവ് കൂട്ടാനും ഇത് സഹായിക്കുന്നു.
നല്ല ചുവന്നതും നീര്‍വാര്‍ച്ചയുള്ളതുമായ മണ്ണാണ് വളര്‍ത്താന്‍ അനുയോജ്യം. അല്ലെങ്കില്‍ കറുത്ത മണ്ണും ഉപയോഗിക്കാം. വെള്ളം കെട്ടിനില്‍ക്കാത്ത മണ്ണ് അത്യാവശ്യമാണ്.
ഉഷ്ണമേഖലാപ്രദേശങ്ങളിലും ഉപോഷ്ണമേഖലാപ്രദേശങ്ങളിലും ഇത് വളരും. വരണ്ട കാലാവസ്ഥയിലും കൃഷി ചെയ്യാം. മിതമായ നിരക്കില്‍ മഴ ലഭിക്കുന്ന പ്രദേശത്തും വളര്‍ത്താവുന്നതാണ്. നടാനായി കുഴിയെടുക്കുമ്പോള്‍ 45 സെ.മീ ആഴമുള്ളതും രണ്ട് ചെടികള്‍ തമ്മില്‍ 2.5 മീറ്റര്‍ അകലമുള്ളതുമായ കുഴികളാണ് സാധാരണ തയ്യാറാക്കുന്നത്. നടുന്നതിന് മുമ്പായി ജൈവവളം ചേര്‍ക്കണം. ജലസേചനം നടത്തിയശേഷം മാത്രമേ തൈകള്‍ നടാന്‍ പാടുള്ളു.
വിത്ത് മുളപ്പിച്ചും തണ്ടുകള്‍ മുറിച്ച് നട്ടും കൃഷി ചെയ്യാറുണ്ട്. വിത്ത് പഴത്തില്‍ നിന്നെടുത്ത ശേഷം ഒരു ദിവസം വെള്ളത്തില്‍ കുതിര്‍ത്ത് വെക്കും. അതിനുശേഷമാണ് നഴ്‌സറി ബെഡ്ഡില്‍ നടുന്നത്. 15 മുതല്‍ 20 ദിവസം വരെ എടുത്ത ശേഷമാണ് വിത്തുകള്‍ മുളയ്ക്കുന്നത്. 45 ദിവസം പ്രായമായാല്‍ തൈകള്‍ പ്രധാന കൃഷിയിടത്തിലേക്ക് മാറ്റിനടാം. ഒരു ഏക്കര്‍ ഭൂമിയില്‍ ഒരു കിലോ വിത്ത് ആവശ്യമാണ്.
ഒരു ഹെക്ടര്‍ ഭൂമിയില്‍ അഞ്ച് ടണ്‍ ജൈവവളം ചേര്‍ക്കണം. വേനല്‍ക്കാലത്ത് അഞ്ച് ദിവസം കൂടുമ്പോള്‍ നിര്‍ബന്ധമായും നനച്ചിരിക്കണം. അല്ലെങ്കില്‍ സാധാരണയായി 15 ദിവസം കൂടുമ്പോളാണ് നനയ്ക്കുന്നത്. ജലസേചനം നടത്തുന്നത് ചെടി വളരുന്ന പ്രദേശങ്ങളിലെ കാലാവസ്ഥയെ ആശ്രയിച്ചിരിക്കും. മണ്ണിലെ പോഷകങ്ങള്‍ കളകള്‍ വലിച്ചെടുക്കുന്നതിനാല്‍ കൃത്യമായി കളകള്‍ പറിച്ചുമാറ്റണം. ഉണങ്ങിയ ഇലകളും മരക്കമ്പുകളുമെല്ലാം ഉപയോഗിച്ച് പുതയിടല്‍ നടത്തിയാല്‍ ഈര്‍പ്പം നഷ്ടപ്പെടില്ല.
നട്ടുവളര്‍ത്തി രണ്ടുവര്‍ഷം കഴിഞ്ഞാല്‍ വിളവെടുക്കാന്‍ പാകമാകും. ചെടികളില്‍ പൂക്കളുണ്ടാകുമ്പോളാണ് വിളവെടുപ്പ് നടത്തുന്നത്. ജൂലായ് ആദ്യവാരത്തിലാണ് സാധാരണ കര്‍ഷകര്‍ വിളവെടുപ്പ് നടത്താറുള്ളത്. പൂക്കളോടൊപ്പമുള്ള ഇലകളാണ് പറിച്ചെടുക്കുന്നത്. വര്‍ഷത്തില്‍ ഒരിക്കലാണ് വിളവെടുപ്പ്. 15 വര്‍ഷത്തോളം പരിചരിച്ച് വിളവുണ്ടാക്കാം.
വിളവെടുത്ത ഇലകള്‍ നന്നായി കഴുകി വൃത്തിയാക്കും. തണലത്ത് വെച്ച് ഉണക്കിയെടുക്കണം. നല്ല വായുസഞ്ചാരമുള്ള സ്ഥലത്ത് 10 ദിവസത്തോളം വെച്ചാണ് ഉണക്കിയെടുക്കുന്നത്. ഉണങ്ങിയ ഇലകള്‍ പോളിത്തീന്‍ ബാഗുകളിലും വേരുകള്‍ നെയ്‌തെടുത്ത ചാക്കുകളിലുമാണ് സൂക്ഷിക്കുന്നത്. നല്ല ഉണങ്ങിയ സ്ഥലത്തുതന്നെയാണ് ഇവ സൂക്ഷിക്കേണ്ടത്. ഒരു ഹെക്ടര്‍ ഭൂമിയില്‍ നിന്ന് ഇപ്രകാരം കൃഷി ചെയ്ത് ഒരു പ്രാവശ്യം വിളവെടുത്താല്‍ 1250 കി.ഗ്രാം ഉണങ്ങിയ ഇലകള്‍ ലഭിക്കും.