ചെടികള്‍ വളര്‍ത്തുന്ന പാത്രങ്ങള്‍ വൃത്തിയാക്കാന്‍ വിനാഗിരി; ബാക്റ്റീരിയകളെ നശിപ്പിക്കാം
സ്‌ക്രബ് അടങ്ങിയ ബ്രഷ് ഉപയോഗിച്ച് അഴുക്കുകള്‍ നീക്കം ചെയ്യാം. ഒരു പാത്രത്തില്‍ വിനാഗിരിയും നാലിരട്ടി ചൂട് വെള്ളവും യോജിപ്പിക്കുക. അതിലേക്ക് അല്‍പം പാത്രം കഴുകുന്ന സോപ്പ് ലായനി ഒഴിക്കുക.
കുറേക്കാലമായി വീട്ടിനകത്ത് ചെടികള്‍ വളര്‍ത്തുന്ന പാത്രങ്ങളില്‍ കറകളും പാടുകളുമുണ്ടായാല്‍ ആകര്‍ഷകത്വം നഷ്ടപ്പെടും. അതുപോലെ ദീര്‍ഘകാലമായി ഒരേ പാത്രങ്ങള്‍ ഉപയോഗിച്ചാല്‍ ചില ധാതുക്കള്‍ ഈ പാത്രങ്ങളുടെ അരികില്‍ ശേഖരിക്കപ്പെടുകയും പലയിനത്തില്‍പ്പെട്ട കീടാണുക്കളും ചെടികളെ ദോഷകരമായി ബാധിക്കാനും കാരണമാകും.
ചെടികള്‍ വളര്‍ത്തുന്ന പാത്രങ്ങളും ശുദ്ധീകരിച്ച് ഉപയോഗിക്കുന്നതാണ് ഉത്തമം. സെറാമികും പ്ലാസ്റ്റികും ഉപയോഗിച്ച് നിര്‍മിക്കുന്ന പാത്രങ്ങള്‍ സാധാരണ ചൂടുവെള്ളവും സോപ്പ് വെള്ളവും പഴയ ടൂത്ത്ബ്രഷുമൊക്കെ ഉപയോഗിച്ച് വൃത്തിയാക്കാം. പക്ഷേ, ടെറാകോട്ട പാത്രങ്ങളില്‍ ചെടികള്‍ വളര്‍ത്തിയാല്‍ വൃത്തിയാക്കുന്നത് വെല്ലുവിളിയാകും.
ടെറാകോട്ട പാത്രങ്ങളില്‍ ധാതുക്കളും ലവണങ്ങളും അടിഞ്ഞുകൂടാന്‍ സാധ്യതയുണ്ട്. വിനാഗിരി ഉപയോഗിച്ച് ഇത്തരം പാത്രങ്ങള്‍ വൃത്തിയാക്കിയാല്‍ എളുപ്പത്തില്‍ കറകള്‍ നീക്കം ചെയ്യാം. അതുകൂടാതെ പാത്രങ്ങളുടെ പുറത്തുണ്ടാകുന്ന ബാക്റ്റീരിയകളെ നീക്കം ചെയ്യാനും ഇത് സഹായിക്കും.
സ്‌ക്രബ് അടങ്ങിയ ബ്രഷ് ഉപയോഗിച്ച് അഴുക്കുകള്‍ നീക്കം ചെയ്യാം. ഒരു പാത്രത്തില്‍ വിനാഗിരിയും നാലിരട്ടി ചൂട് വെള്ളവും യോജിപ്പിക്കുക. അതിലേക്ക് അല്‍പം പാത്രം കഴുകുന്ന സോപ്പ് ലായനി ഒഴിക്കുക. നിങ്ങളുടെ പാത്രം വലുതാണെങ്കില്‍ പുറത്ത് ബക്കറ്റില്‍ ഇതുപോലെ വെള്ളം ശേഖരിച്ച് കഴുകാം. ചെടികള്‍ വളര്‍ത്തുന്ന പാത്രങ്ങള്‍ ഒരു മണിക്കൂര്‍ ഈ വെള്ളത്തില്‍ കുതിര്‍ത്തുവെച്ചാല്‍ ഏതു കറയും ഇളകിപ്പോകും. വളരെ കടുപ്പമുള്ള അഴുക്കുകളാണെങ്കില്‍ നീക്കം ചെയ്യാനായി അര ലിറ്റര്‍ വിനാഗിരിയില്‍ അര ലിറ്റര്‍ ചൂടുവെള്ളം എന്ന കണക്കില്‍ ശക്തി കൂടിയ ലായനി ചേര്‍ത്ത് കഴുകാം.
ചെടികള്‍ വളര്‍ത്തുന്ന പാത്രങ്ങളും സാനിറ്റൈസ് ചെയ്യാനുള്ള നല്ലൊരു മാര്‍ഗമാണിത്. വിനാഗിരി ലായനിയില്‍ കഴുകിയെടുത്ത പാത്രങ്ങള്‍ സാധാരണ വെള്ളത്തില്‍ കഴുകിയെടുത്ത് വിനാഗിരിയുടെ അംശം ഇല്ലാതാക്കണം. അല്ലെങ്കില്‍ ഇതില്‍ അടങ്ങിയിരിക്കുന്ന ബ്ലീച്ചിന്റെ അംശം ചെടിക്ക് ഹാനികരമായി മാറും. ഇങ്ങനെ കഴുകിയെടുത്ത പാത്രങ്ങള്‍ നല്ല വെയിലത്ത് വെച്ച് ഉണക്കണം. ഇപ്രകാരം വൃത്തിയാക്കിയ പാത്രത്തില്‍ മണ്ണ് നിറച്ച് ചെടികള്‍ നടാവുന്നതാണ്.