തോട്ടത്തില്‍ വളര്‍ത്തുന്ന ചില ചെടികള്‍ അക്വേറിയത്തിലും വളര്‍ത്താം
അക്വേറിയത്തിന് യോജിച്ചതല്ലെന്ന് മനസിലായാല്‍ അത്തരം ചെടികള്‍ വാങ്ങാതിരിക്കുക. അതുപോലെ വിഷാംശമില്ലാത്തതാണെന്ന് ഉറപ്പുവരുത്തുകയും വേണം.
നമ്മള്‍ അക്വേറിയം തയ്യാറാക്കുമ്പോള്‍ പരമാവധി ഭംഗിയാക്കാന്‍ വര്‍ണമത്സ്യങ്ങള്‍ക്കൊപ്പം ജലസസ്യങ്ങളും വളര്‍ത്താറുണ്ട്. അക്വേറിയത്തില്‍ എല്ലാവരും വളരെ സാധാരണമായി വളര്‍ത്തുന്ന ചിലതരം ചെടികളുണ്ട്. ഇവ മത്സ്യങ്ങള്‍ ചിലപ്പോള്‍ ഒളിത്താവളമാക്കാനും ഉപയോഗിക്കും. നിങ്ങള്‍ തോട്ടത്തില്‍ വളര്‍ത്തുന്ന ചെടികള്‍ അക്വേറിയത്തില്‍ ഉപയോഗിച്ചാല്‍ എങ്ങനെയുണ്ടാകും?
നമ്മള്‍ വീടുകളില്‍ തോട്ടത്തില്‍ വളര്‍ത്തുന്ന ചെടികള്‍ വെള്ളത്തില്‍ മുങ്ങിക്കിടക്കാന്‍ ഇഷ്ടമുള്ളവയല്ലല്ലോ. അവ വെള്ളത്തില്‍ക്കിടന്ന് വേര് ചീഞ്ഞ് നശിച്ചുപോകും. അതുപോലെ ഇവയ്ക്ക് നമ്മള്‍ കീടനാശിനികളും കളനാശിനികളുമൊക്കെ തളിക്കുമ്പോള്‍ മത്സ്യങ്ങള്‍ക്കും ദോഷകരമാകും. എന്നിരുന്നാലും അക്വേറിയത്തിലേക്ക് ചെടികള്‍ വാങ്ങാന്‍ പോകുമ്പോള്‍ ചിലയിടങ്ങളില്‍ അനുയോജ്യമല്ലാത്ത ചെടികളും വില്‍പ്പനയ്ക്കായി വെക്കുന്നത് കാണാം.
അക്വേറിയത്തിന് യോജിക്കാത്ത ചെടികളെ എങ്ങനെ തിരിച്ചറിയാമെന്നതാണ് കാര്യം. അവയുടെ ഇലകള്‍ നിരീക്ഷിക്കുക. ജലസസ്യങ്ങള്‍ക്ക് നിര്‍ജലീകരണം തടയാനായി ഇലകളില്‍ മെഴുക് പോലുള്ള ആവരണം ഉണ്ടാകില്ല. ജലസസ്യങ്ങളുടെ ഇലകള്‍ സാധാരണ പുറത്ത് വളര്‍ത്തുന്ന ചെടികളേക്കാള്‍ കനം കുറഞ്ഞതും നേര്‍ത്തതുമായിരിക്കും. അതുമാത്രമല്ല ജലസസ്യങ്ങളുടെ തണ്ടുകള്‍ വെള്ളത്തില്‍ തുഴയാന്‍ പാകത്തിലുള്ളത്ര മൃദുവായിരിക്കും. ചിലപ്പോള്‍ വെള്ളത്തില്‍ പൊങ്ങിക്കിടക്കാനായി വായുശേഖരിക്കുന്ന അറകളുമുണ്ടാകും. അതേസമയം മണ്ണില്‍ വളരുന്ന സസ്യങ്ങള്‍ക്ക് തണ്ടുകള്‍ കട്ടിയുള്ളതും വായുഅറകള്‍ ഇല്ലാത്തതുമായിരിക്കും.
അക്വേറിയത്തിന് യോജിച്ചതല്ലെന്ന് മനസിലായാല്‍ അത്തരം ചെടികള്‍ വാങ്ങാതിരിക്കുക. അതുപോലെ വിഷാംശമില്ലാത്തതാണെന്ന് ഉറപ്പുവരുത്തുകയും വേണം. എന്നാല്‍, ചിലയിനം ചെടികള്‍ വെള്ളത്തിലും മണ്ണിലും ഒരുപോലെ വളര്‍ത്താം. ആമസോണ്‍ സ്വോര്‍ഡ്, ക്രിപ്റ്റ്‌സ്, ജാവ ഫേണ്‍ എന്നിവ വെള്ളത്തില്‍ മുങ്ങിയാലും വളരും. അതുപോലെ വെള്ളത്തിന് പുറത്ത് ഇലകള്‍ ഇലകള്‍ വന്നാലും വളരും. പക്ഷേ, അക്വേറിയത്തില്‍ ലൈറ്റുകള്‍ ഘടിപ്പിച്ചാല്‍ ചിലപ്പോള്‍ ഇവയുടെ ഇലകള്‍ കരിഞ്ഞുപോകാം.
നമ്മള്‍ വീട്ടില്‍ വളര്‍ത്തുന്ന ചില ചെടികള്‍ അക്വേറിയത്തിലും വളര്‍ത്താം. അവയുടെ ഇലകള്‍ വെള്ളത്തില്‍ മുങ്ങിക്കിടക്കാതെ സൂക്ഷിച്ചാല്‍ മാത്രം മതി. അത്തരം ചെടികളാണ് പോത്തോസ്, വൈനിങ്ങ് ഫിലോഡെന്‍ഡ്രോണ്‍, സ്‌പൈഡര്‍ ചെടി, സിങ്കോണിയം, വാണ്ടറിങ്ങ് ജ്യൂ എന്നിവ. ഡ്രസീനയും പീസ് ലില്ലിയും അക്വേറിയത്തില്‍ വളര്‍ത്താം.