പൂച്ചകള്‍ക്ക് ഭക്ഷിക്കാന്‍ പൂച്ചപ്പുല്ലും വളര്‍ത്താം; ദഹനപ്രശ്‌നം പരിഹരിക്കാം
പൂച്ചകള്‍ പുല്ല് വളരെക്കൂടുതല്‍ കഴിക്കാന്‍ ശ്രമിക്കുന്നതായി കാണുകയാണെങ്കില്‍ നാരുകള്‍ അടങ്ങിയ ഭക്ഷണത്തിന്റെ അഭാവം ശരീരത്തിലുണ്ടെന്ന് മനസിലാക്കാം. പൂച്ചപ്പുല്ല് പൂച്ചകളിലുണ്ടാകുന്ന മലബന്ധവും വയറിളക്കവും ഇല്ലാതാക്കാന്‍ സഹായിക്കുന്നു.
ഡാക്‌റ്റൈലിസ് ഗ്ലോമെറാറ്റ എന്ന ശാസ്ത്രനാമത്തിലറിയപ്പെടുന്ന പൂച്ചപ്പുല്ല് ഏഷ്യയിലും യൂറോപ്പിലും വടക്കന്‍ ആഫ്രിക്കയിലും വളരുന്ന സസ്യമാണ്. പേര് സൂചിപ്പിക്കുന്നതുപോലെതന്നെ പൂച്ചകള്‍ക്ക് വളരെ സുരക്ഷിതമായി ഭക്ഷിക്കാവുന്ന ഒരിനം പുല്ലാണിത്. പൂച്ചകളില്‍ ദഹനത്തിന് സഹായിക്കുന്ന എന്‍സൈമുകളില്ല. അതുകൊണ്ടുതന്നെ പുല്ല് ഭക്ഷിക്കുമ്പോള്‍ പൂര്‍ണമായും ദഹിക്കാതെ പുറത്തോട്ട് ഛര്‍ദ്ദിക്കും. ഇങ്ങനെ സംഭവിക്കുമ്പോള്‍ അവയുടെ വയറില്‍ ദഹിക്കാതെ കിടക്കുന്ന എല്ലുകളും തൂവലുകളും പോലുള്ള വസ്‍തുക്കളെല്ലാം പുറന്തള്ളപ്പെടും. അതുകൊണ്ടുതന്നെ വളരെ സുരക്ഷിതമായി ദഹനപ്രശ്‌നം പരിഹരിക്കാം.
പൂച്ചകള്‍ മാംസഭക്ഷണം കഴിച്ചാലും അവസാനം പുല്ല് കടിച്ചുതിന്നുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? നിങ്ങളുടെ പൂച്ചയ്ക്ക് എത്ര ആരോഗ്യകരമായതും പോഷകസമൃദ്ധമായതുമായ ഭക്ഷണം കൊടുത്താലും ഇത്തിരി പുല്ല് തിന്നാന്‍ അവ ആഗ്രഹിക്കും. ദഹനപ്രക്രിയ എളുപ്പത്തില്‍ നടക്കാനാണ് ഇങ്ങനെ ചെയ്യുന്നത്.
പൂച്ചകള്‍ പുല്ല് വളരെക്കൂടുതല്‍ കഴിക്കാന്‍ ശ്രമിക്കുന്നതായി കാണുകയാണെങ്കില്‍ നാരുകള്‍ അടങ്ങിയ ഭക്ഷണത്തിന്റെ അഭാവം ശരീരത്തിലുണ്ടെന്ന് മനസിലാക്കാം. പൂച്ചപ്പുല്ല് പൂച്ചകളിലുണ്ടാകുന്ന മലബന്ധവും വയറിളക്കവും ഇല്ലാതാക്കാന്‍ സഹായിക്കുന്നു.
പൂച്ചകള്‍ക്ക് തങ്ങളുടെ ശരീരം നാവ് കൊണ്ട് നക്കി വൃത്തിയാക്കുന്ന സ്വഭാവമുണ്ട്. അതുകൊണ്ടുതന്നെ ശരീരത്തിലെ രോമം വയറ്റിലെത്താനും സാധ്യതയുണ്ട്. ഇത്തരത്തില്‍ ശേഖരിക്കപ്പെടുന്ന രോമങ്ങള്‍ വയറില്‍ അസ്വസ്ഥതയുണ്ടാക്കും. ഇത് ശക്തിയായി ചുമയ്ക്കുന്ന രീതിയില്‍ പുറന്തള്ളാന്‍ ശ്രമിക്കുമെങ്കിലും പൂര്‍ണമായും ഒഴിവാക്കാന്‍ കഴിയണമെന്നില്ല. അങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ പൂച്ചപ്പുല്ല് പ്രയോജനപ്പെടും.
വിറ്റാമിന്‍ ബിയും നിയാസിനും അടങ്ങിയ പോഷകഗുണമുള്ള പുല്ലാണിത്. ഈ പുല്ല് വീടിനകത്ത് വളര്‍ത്താന്‍ വളര്‍ത്താനായി യോജിച്ച പാത്രം ആവശ്യമാണ്. ജൈവികമായി ശുദ്ധമായ മണ്ണ് തന്നെ വേണം.പ്രത്യേകിച്ച് ഒരു വളവും ആവശ്യമില്ലാതെ തന്നെ വളരുകയും ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഉണങ്ങിപ്പോകുകയും ചെയ്യും.
ഇന്‍ഡോര്‍ ആയി വളര്‍ത്താന്‍ വര്‍ഷത്തില്‍ ഏതുകാലത്തും പറ്റുന്നതാണ്. ഈര്‍പ്പമുള്ള മണ്ണില്‍ രണ്ടാഴ്ചകള്‍ കൊണ്ട് മുളച്ച് വരും. 24 മണിക്കൂറും സൂര്യപ്രകാശമുള്ള സ്ഥലത്ത് വളര്‍ത്തരുത്. അല്‍പം ഇരുണ്ട അന്തരീക്ഷം ഇഷ്ടപ്പെടുന്നതാണ് മിക്കവാറും പൂച്ചപ്പുല്ല് വര്‍ഗത്തില്‍പ്പെട്ടവയെല്ലാം.
വീടിന് വെളിയില്‍ വളര്‍ത്തുമ്പോള്‍ കളകള്‍ പറിച്ചുമാറ്റണം. അല്ലെങ്കില്‍ പൂച്ചപ്പുല്ലിന് വളരാനാവശ്യമായ പോഷകങ്ങളെല്ലാം കളകള്‍ വലിച്ചെടുക്കും. മണ്ണ് ഈര്‍പ്പരഹിതമാകുമ്പോള്‍ വെള്ളം ഒഴിച്ചുകൊടുക്കണം. പൂച്ചപ്പുല്ല് മുളച്ച് പൊന്തിയാല്‍ വളരെ പെട്ടെന്ന് വളര്‍ന്ന് വ്യാപിക്കും.