190 ഇനങ്ങളില്‍ ഹെലിക്കോണിയ; വീട്ടിനകത്തും വളര്‍ത്താവുന്ന പൂച്ചെടി
നല്ല സൂര്യപ്രകാശത്തിലും ഭാഗികമായ പ്രകാശത്തിലും വളരുന്ന ചെടിയാണ്. ശക്തമായ കാറ്റടിച്ചാല്‍ ഇലകള്‍ക്ക് കേടുപാടുകളുണ്ടാകുകയും രോഗാണുക്കള്‍ പ്രവേശിക്കാന്‍ ഇടയാകുകയും ചെയ്യും.
നമ്മുടെ നാട്ടില്‍ കണ്ടുവരുന്ന പ്രത്യേകതരത്തില്‍ തൂങ്ങിനില്‍ക്കുന്ന പൂക്കളുണ്ടാകുന്ന ഹെലിക്കോണിയ യഥാര്‍ഥത്തില്‍ വിദേശിയാണ്. പാത്രങ്ങളിലും ചട്ടികളിലും പൂന്തോട്ടത്തിലെ മണ്ണിലും വളരുന്ന ഈ ചെടി വീടിന് ഒരു അലങ്കാരപുഷ്പം തന്നെയാണ്. ചെറിയ ഇനങ്ങള്‍ വീട്ടിനകത്തും വളര്‍ത്താറുണ്ട്. രണ്ടോ മൂന്നോ അടി മുതല്‍ 15 അടി വരെ ഉയരത്തില്‍ ചെടികള്‍ വളരും. വളരെക്കാലം വാടിപ്പോകാതെ നില്‍ക്കുന്ന പൂക്കളാണ് പ്രത്യേകത.
ചുവപ്പ്, ഓറഞ്ച്, മഞ്ഞ, പിങ്ക്, പച്ച എന്നീ നിറങ്ങളില്‍ പൂക്കള്‍ കാണപ്പെടുന്നു. പൂക്കളും സഹപത്രങ്ങളും പലയിനം പക്ഷികളുടെയും പ്രാണികളുടെയും പല്ലികളുടെയും വാസസ്ഥലവും ആഹാരസമ്പാദനത്തിന് ഉപകരിക്കുന്ന ഇടവുമാണ്. അതിരാവിലെ പൂക്കള്‍ പറിച്ചെടുത്ത് വെള്ളത്തില്‍ വെച്ചാല്‍ ദീര്‍ഘകാലം നിലനില്‍ക്കും. ഏകദേശം 190 വ്യത്യസ്ത ഇനങ്ങളിലുള്ള ചെടികളുണ്ട്.
ചിലയിനം വാഴകളോട് സാദ്യശ്യമുള്ള ഇലകളാണിവയ്ക്ക്. ഇനങ്ങളിലെ വ്യത്യാസമനുസരിച്ച് ആകൃതിയിലും വലുപ്പത്തിലും നിറത്തിലും വ്യത്യാസമുള്ള പലയിനം ചെടികളുണ്ട്. തണുത്ത കാലാവസ്ഥയിലും അതിജീവിക്കുന്ന ഇനങ്ങളുണ്ടെങ്കിലും മിക്കവാറും ചെടികള്‍ ഉഷ്ണമേഖലാ കാലാവസ്ഥയില്‍ വളരുന്നവയാണ്. തെക്കേ അമേരിക്കയിലും ഇക്വഡോറിലും പെറുവിലുമാണ് ഈ ചെടി ആദ്യമായി കാണപ്പെട്ടത്. പല പേരുകളിലും ഹെലിക്കോണിയ അറിയപ്പെടുന്നുണ്ട്. ഫാള്‍സ് ബേഡ് ഓഫ് പാരഡൈസ്, ഹെലി, വൈല്‍ഡ് പ്ലാന്റൈന്‍, ലോബ്‌സറ്റര്‍ ക്ലോ, പാരറ്റ് ബീക്ക് പ്ലാന്റ് എന്നിവയെല്ലാം ഹെലിക്കോണിയ തന്നെയാണ്.
നല്ല സൂര്യപ്രകാശത്തിലും ഭാഗികമായ പ്രകാശത്തിലും വളരുന്ന ചെടിയാണ്. ശക്തമായ കാറ്റടിച്ചാല്‍ ഇലകള്‍ക്ക് കേടുപാടുകളുണ്ടാകുകയും രോഗാണുക്കള്‍ പ്രവേശിക്കാന്‍ ഇടയാകുകയും ചെയ്യും. ഈര്‍പ്പമുള്ളതും നീര്‍വാര്‍ച്ചയുള്ളതുമായ മണ്ണില്‍ വളര്‍ത്തുന്നതാണ് നല്ലത്. വിവിധ ഇനങ്ങളില്‍ ഹെലിക്കോണിയ റോസ്ട്രാറ്റ പൂന്തോട്ടത്തിനെ അങ്ങേയറ്റം ആകര്‍ഷകമാക്കുന്നു. കടുംനിറത്തിലുള്ള പെന്‍ഡുലത്തെപ്പോലെ തൂങ്ങിയാടുന്ന പൂക്കളാണ് ഈ ഇനത്തിന്റെ പ്രത്യേകത. സൗത്ത് പസിഫിക്കില്‍ കാണപ്പെടുന്ന ആറിനങ്ങളില്‍ പച്ചനിറത്തിലുള്ള പൂക്കളുണ്ടാകുന്നുണ്ട്.
കിഴങ്ങുപോലുള്ള ഭൂമിക്കടിയിലുണ്ടാകുന്ന മുഴകളില്‍ നിന്നാണ് ഈ ചെടി വളര്‍ന്ന് വ്യാപിക്കുന്നത്. മണ്ണൊലിപ്പില്‍ നിന്ന് സംരക്ഷണം നല്‍കാനും ഇത് സഹായിക്കുന്നു. ഈ ചെടിയില്‍ പൂക്കളുടെയും ഇലകളുടെയും ഭാരം താങ്ങാനായി സ്യൂഡോസ്‌റ്റെം അഥവാ പ്രത്യേകതരത്തിലുള്ള തണ്ട് ഉണ്ട്. ഇതില്‍ ഒരിക്കല്‍ മാത്രമേ പൂവ് ഉണ്ടാകുകയുള്ളു. പൂക്കാലം കഴിഞ്ഞാല്‍ ഈ തണ്ട് ഉണങ്ങി നശിച്ചുപോകും. അതിനാല്‍ പൂക്കള്‍ മങ്ങാന്‍ തുടങ്ങുമ്പോള്‍ ഈ തണ്ട് മുറിച്ചെടുക്കുന്നതാണ് നല്ലത്. ചെടിക്ക് ഊര്‍ജം സംരക്ഷിക്കാന്‍ ഇത് സഹായിക്കും.
എല്ലുപൊടി ചേര്‍ത്താല്‍ വളരെ എളുപ്പത്തില്‍ വളരുന്ന ചെടിയാണിത്. കൊമ്പുകോതല്‍ ആവശ്യമില്ല. ചെടി സ്വയം തന്നെ ആകൃതി കൈവരിച്ച് വളരും. വീട്ടിനകത്ത് വളര്‍ത്തുമ്പോള്‍ സൂര്യപ്രകാശം ലഭിക്കുന്ന ജനലിനരികില്‍ തന്നെ വെക്കണം. ചുരുങ്ങിയത് ആറ് മണിക്കൂറെങ്കിലും പ്രകാശം ലഭിച്ചാല്‍ നന്നായി പൂക്കളുണ്ടാകും.