കൈകള്‍ കൊണ്ട് പൂക്കളില്‍ പരാഗണം നടത്താം; കൂടുതല്‍ വിളവ് ഉത്പാദിപ്പിക്കാം
അടുത്തകാലത്തായി പരാഗണം നടത്തുന്ന തേനീച്ചകളുടെ എണ്ണത്തിലും കുറവ് വന്നിട്ടുണ്ട്. കീടനാശിനികളും അശാസ്ത്രീയമായ കൃഷിരീതികളും ഇവയുടെ നാശത്തിന് കാരണമാകുന്നു.
പൂന്തോട്ടം കൈകാര്യം ചെയ്യുന്ന ആര്‍ക്കും കൈകള്‍ കൊണ്ട് പരാഗണം നടത്താനുള്ള വൈദഗ്ദ്ധ്യമുണ്ടാക്കാവുന്നതാണ്. പരാഗണം നടത്തുന്ന തേനീച്ചകളും പ്രാണികളുമൊക്കെ കുറയുന്ന സാഹചര്യത്തില്‍ മെച്ചപ്പെട്ട വിളവ് ലഭിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമാണിത്. കൈകള്‍ ഉപയോഗിച്ച് പരാഗണം നടത്തുമ്പോള്‍ ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കാം.
പരാഗണരേണുക്കളെ കൈകള്‍ കൊണ്ട് പെണ്‍പുഷ്പത്തിന്റെ പ്രത്യുത്പാദനാവയവത്തിലേക്ക് മാറ്റുന്ന രീതിയെയാണ് കൈകള്‍ കൊണ്ടുള്ള പരാഗണമെന്ന് പറയുന്നത്. ഏറ്റവും ലളിതമായ വിദ്യയെന്നത് ചെടികളെ കുലുക്കുകയെന്നതാണ്. ഇത് പ്രായോഗികമാകുന്നത് ആണ്‍-പെണ്‍ പൂക്കള്‍ ഒരേ ചെടിയില്‍ തന്നെ വളരുമ്പോഴാണ്. തക്കാളി, വഴുതന എന്നിവയിലെല്ലാം പൂക്കളില്‍ ദ്വിലിംഗാവയവങ്ങള്‍ കാണപ്പെടുന്നുണ്ട്. ഇത്തരം പൂക്കളില്‍ പ്രത്യുത്പാദനം നടക്കാന്‍ ഇളംകാറ്റ് വീശിയാലും മതി. പക്ഷേ, ഇത്തരം ചെടികളെ ഗ്രീന്‍ഹൗസിലും വീട്ടിനകത്തും വളര്‍ത്തുമ്പോള്‍ കായകളുണ്ടാകുന്നത് കുറയും. അതിനാല്‍ കൈകള്‍ കൊണ്ട് പരാഗണം നടത്തിക്കൊടുക്കുന്നതാണ് വിളവ് കൂട്ടാനുള്ള മാര്‍ഗം.
അടുത്തകാലത്തായി പരാഗണം നടത്തുന്ന തേനീച്ചകളുടെ എണ്ണത്തിലും കുറവ് വന്നിട്ടുണ്ട്. കീടനാശിനികളും അശാസ്ത്രീയമായ കൃഷിരീതികളും ഇവയുടെ നാശത്തിന് കാരണമാകുന്നു. കോണ്‍, സ്‌ക്വാഷ്, മത്തങ്ങ എന്നിവയിലെല്ലാം പരാഗണകാരികളുടെ അഭാവം നേരിടുന്നുണ്ട്. ഇവയിലെല്ലാം ഒരു പൂവില്‍ ഏതെങ്കിലും ഒരു തരത്തിലുള്ള പ്രത്യുത്പാദ അവയവം മാത്രമേ ഉണ്ടാകുകയുള്ളു.
വെള്ളരി വര്‍ഗത്തില്‍പ്പെട്ട ചെടികളില്‍ ആദ്യം ആണ്‍പൂക്കള്‍ വിരിയും. ഇത് കുലകളായാണ് ഉണ്ടാകുന്നത്. പെണ്‍പൂക്കള്‍ക്ക് ഒരു ചെറിയ പഴത്തിനെപ്പോലെ തോന്നിക്കുന്ന തണ്ട് കാണപ്പെടുന്നു. ഇവയില്‍ കൈകള്‍ കൊണ്ട് പരാഗണം നടത്തി ആണ്‍പൂവില്‍ നിന്ന് പെണ്‍പൂവിലേക്ക് പരാഗരേണുക്കളെ മാറ്റാം. ആണ്‍പൂവിന്റെ ഇതളുകള്‍ പറിച്ചുമാറ്റിയശേഷം പെയിന്റ് ബ്രഷ് ഉപയോഗിച്ച് പരാഗരേണുവിനെ പെണ്‍പൂവിന്റെ അവയവത്തിലേക്ക് മാറ്റാം.
പരാഗണം നടത്താനുപയോഗിക്കുന്ന ഉപകരണങ്ങളും കൈകളും വൃത്തിയാക്കണം. വിടരാത്ത പൂക്കളില്‍ നിന്നാണ് പരാഗരേണുക്കള്‍ ശേഖരിക്കേണ്ടത്. ഇത് തണുത്ത സ്ഥലത്ത് സൂക്ഷിക്കണം. വിടരാത്ത പെണ്‍പൂവിലായിരിക്കണം പരാഗരേണുക്കള്‍ ചേര്‍ക്കേണ്ടത്. പരാഗണം നടത്തിയശേഷം പെണ്‍പൂവിന്റെ അണ്ഡകോശം സര്‍ജിക്കല്‍ ടേപ്പ് ഉപയോഗിച്ച് സീല്‍ ചെയ്ത് വെക്കുകയാണ് ചെയ്യുന്നത്.